Monday 23 December 2013

നിള

കാത്തിരുപ്പുകൾക്കൊടുവിൽ
നിളയുടെ  മാറ് പിളർന്നൊരു
പാർക്കെത്തി
നിളാ പാർക്ക്‌.
കട കമ്പോളങ്ങളെത്തി
കുട്ടികളെത്തി.
അവരെ ആനയിച്ച്
ലക്ഷങ്ങൾ പിറകെയെത്തി.
എന്നിട്ടും  അവരൊന്നും
കണ്ടില്ല, ചിരിക്കുന്നൊരാ നിളയെ
പകരം അവർ കണ്ടെത്തി
കണ്ണീരു വറ്റിയ
മരുപ്പരപ്പായ  നിളയെ
വാക്കുകളാൽ കുത്തിനോവിച്ചു
പരിഹസിച്ചു
അന്തിമോപചാരമർപ്പിച്ചു .
മറ്റു ചിലരാകട്ടെ സഹതപിച്ചു,
ഇന്നലെയുടെ
വർണ്ണ വിസ്മയങ്ങളോതി.
എല്ലാറ്റിനും സാക്ഷിയായി
തൊട്ടപുറത്തു മൗനമായി
നിന്നു  മല്ലൂരെത്തേവർ...

Wednesday 18 December 2013

നിർഭയ ...ഒരു വർഷത്തിനിപ്പുറം



നിർഭയ ....ഓരോ ഇന്ത്യക്കാരനും  ഒരു  പക്ഷെ ലോക മനസാക്ഷി മുഴുവനും  ഞെട്ടലോടെ  ഏറ്റുവാങ്ങിയ  ആ  കറുത്ത ദിനങ്ങൾക്ക്‌ ഒരാണ്ട്.ആയിരങ്ങളുടെ  പ്രാർത്ഥനകൾക്കും  പ്രതീക്ഷകൾക്കും  വിരാമമിട്ട്  നിർഭയ പോയി മറഞ്ഞപ്പോൾ ഇനി  ഒരു രക്തസാക്ഷി  കൂടി ഉണ്ടാകരുതേ എന്ന് നാം ഓരോരുത്തരും ആഗ്രഹിച്ചു .
         പക്ഷെ  പിന്നീടിങ്ങോട്ട്‌  ഒരുപാടിരകളെ നാം  കണ്ടതാണ്.പ്രായഭേദമന്യേ  പിഞ്ചുകുഞ്ഞുങ്ങൾ  മുതൽ മധ്യ വയസ്കർ  വരെ പീഡനങ്ങൾക്കിരയായി.വിവര  സാങ്കേതിക  വിസ്ഫോടനത്തിന്റെ  ഈ  കാലഘട്ടത്തിൽ  മനുഷ്യ  മനസാക്ഷിയെ ഞെട്ടിക്കുന്ന ഒരു  വാർത്തയെങ്കിലുമില്ലാതെ  നേരം  പുലരില്ലെന്നതാണ് സത്യം.എന്തു കൊണ്ടാണ് സ്ത്രീകൾക്കെതിരെയുള്ള  ചൂഷണങ്ങൾ ഇത്രയേറെ വർധിക്കുന്നത്? ഉത്തരം  കണ്ടെത്തുക  അസാധ്യമാകും.പ്രതികരിക്കാത്ത  ഒരു  ജനത സൗമ്യയെ  മരണത്തിന് വിട്ടു നൽകിയപ്പോൾ, പ്രതികരിക്കാൻ  മൂർച്ചയേറിയ  ആയുധം കൈയിലുള്ള  പത്ര മാധ്യമ  രംഗത്തെ അധികായൻ തരുണ്‍ തേജ്പാലും,നിയമത്തിന്റെ  കാവലാളായ ജസ്റ്റിസ്  ഗാംഗുലിയുമെല്ലാം ആരോപണ വിധേയരായത് നാം  കണ്ടതാണ്.സ്വന്തം വീടുകളിൽ നിന്നു തുടങ്ങി ജോലി സ്ഥലങ്ങളിൽ  വരെ  തുടരുന്നു ഈ ക്രൂരത .രക്ത ബന്ധങ്ങളും ദൈവതുല്യരായ ഗുരുക്കന്മാരുമെല്ലാം  പിൻതിരിഞ്ഞു  കൊത്തുമ്പോൾ സ്വന്തം  നിഴലിനെപ്പോലും വിശ്വസിക്കാൻ കഴിയാത്ത ഒരവസ്ഥയിലെത്തിയിരിക്കുന്നു  ഇന്നത്തെ  സ്ത്രീ  സമൂഹം.
              ഈയൊരവസ്ഥ  തുടർന്നാൽ സ്കൂളുകളിൽ പഠന വിഷയങ്ങൾക്കൊപ്പം  പ്രതിരോധ മാർഗങ്ങളും പാഠ്യവിഷയമാക്കേണ്ടി  വരും.സ്ത്രീക്ക്  മഹത്തായ  സ്ഥാനം  നൽകി ആദരിച്ചിരുന്ന ഭാരതീയ സംസ്കാരം കൈമോശം വരാതെ  കാത്തുസൂക്ഷിക്കാൻ   ഇനി വരുന്ന തലമുറയെ പ്രാപ്തരാക്കേണ്ടത് നമ്മുടെ കടമയാണ്.അല്ലെങ്കിൽ  ഒരു പക്ഷെ  വീണ്ടും സ്ത്രീകൾ അടുക്കളയിലേക്ക് മടങ്ങേണ്ടി വരുന്ന ഒരു കാലം വന്നേക്കാം.അതില്ലാതിരിക്കാൻ നമുക്ക്  പ്രാർത്ഥിക്കാം.

Friday 6 December 2013

ഫെയ്സ്ബുക്കുകൾ പറയുന്നത്

 അവിചാരിതമായി  വീണുകിട്ടിയ  ഒരവധി.കേരളത്തിലേക്ക്  പറന്നിറങ്ങുമ്പോൾ അയാളുടെ  മനസ്  നിറയെ സ്വപ്നങ്ങളായിരുന്നു.നിറമുള്ള  ഓർമ്മകളായിരുന്നു.ഇത്തവണത്തെ  വരവിനു 
തന്റെ  പഴയ ക്യാമ്പസിലേക്ക്  പോകണം, അർജുനൊപ്പം .
             ഒരിക്കലും  മറക്കാനാവാത്ത ഓർമ്മകൾ തനിക്കു  സമ്മാനിച്ച  തന്നെ താനാക്കിയ  ക്യമ്പസ്.വർഷങ്ങൾ  പിന്നിട്ടിട്ടും ആ  ക്യാമ്പസിന്റെ ഓരോ  കോണും തനിക്ക്‌ പരിചിതമാണ്. അയാൾ ഓർത്തു.എല്ലാം ഇന്നലെ കഴിഞ്ഞ  പോലെ .ജീവിതത്തിലെ മനോഹരമായ  ഒരധ്യായം.വർണ്ണങ്ങളുടെ  ഒരു ലോകം .എന്തായിരിക്കും ആ  ക്യാമ്പസിന് ഇന്നു തന്നോട്  പറയാനുള്ളത് .വർഷങ്ങൾക്കു  ശേഷമുള്ള  ഒരു കൂടിക്കാഴ്ച്ച.ക്ലാസ്സ്‌ മുറിയിലെ  ചുമരുകളിൽ  കോറിയിട്ട  ചിത്രങ്ങൾ  അതിന്നപ്രത്യക്ഷമായിരിക്കും .സമരം നടത്തിയും  വഴക്കടിച്ചും  നടന്ന പാതകൾ  അതിന്നവിടെ  കാണുമോ?അയാളുടെ  മനസ്  പഴയതെന്തൊക്കെയൊ ചികഞ്ഞെടുക്കുകയായിരുന്നു.പരിസരം  പോലും  മറന്നുള്ള  ഒരിരുപ്പ്.കാറ്  നിരത്തിലൂടെ  അതിവേഗം കുതിച്ചോടുന്നു.പക്ഷെ  അയാൾക്ക്  യാതൊരു  ഭാവ വ്യത്യാസവും  ഇല്ല.ആയിരം പൂർണ്ണ ചന്ദ്രന്മാരെ ഒരിമിച്ചു കാണാൻ പോകുന്ന പോലെ  ഒരനുഭൂതി.പക്ഷെ അർജുന്റെ മുഖത്ത് സന്തോഷമൊന്നും ഇല്ല.അവന്റെ  കണ്ണുകൾ ഫേസ്ബുക്കിന്റെ താളുകളിലാണ്. അജ്ഞാതരായ തന്റെ സുഹൃത്തുക്കൾക്ക്   മാറി  മാറി സന്ദേശങ്ങൾ അയച്ച് അവൻ സമയം  തള്ളി നീക്കുന്നു.ഈ  സൗഹൃദകൂട്ടായ്മ ഇന്നവന്റെ  ജീവ  താളമാണ്.അർജുൻ മറ്റൊന്നിലും ശ്രദ്ധിക്കുന്നില്ലെന്നു  മനസിലാക്കിയ അയാൾ  ഡ്രൈവറോട് അൽപ്പം കുശലം പറഞ്ഞു പുറത്തേക്ക്  കണ്ണും  നട്ടിരുന്നു. ഓരോ  മിനുട്ടിനും ഒരായുസ്സിന്റെ  ദൈർഘ്യം.കണ്ടു മറന്ന പാതകൾ വീണ്ടും  കണ്മുന്നിലൂടെ നീങ്ങിയകലുമ്പോൾ അവ്യക്തമായ പലതും മനസ്സിൽ തെളിഞ്ഞു വരുന്നു.
ദൂരെ തന്റെ  പഴയ കലാലയം ദൃശ്യമായപ്പോൾ അയാളുടെ ഹൃദയമിടിപ്പ് കു‌ടി. എല്ലാം  ഇന്നലെ കഴിഞ്ഞ പോലെ.ആ  കാറ്റു പോലും തന്നെ  തിരിച്ചറിയുന്നതായി അയാള്ക്ക് തോന്നി.കാറിൽ  നിന്നിറങ്ങുമ്പോൾ സ്വർഗത്തിലെത്തിയ  ഒരനുഭൂതി .അയാൾ  ചുറ്റും  നോക്കി .താനോടി  നടന്ന ക്യാമ്പസ്.ജീവിതത്തോട്  പൊരുതാൻ ,ജീവിതത്തെ  സ്നേഹിക്കാൻ  തന്നെ പഠിപ്പിച്ച,സ്വപ്നം  കാണാൻ പഠിപ്പിച്ച ,പ്രണയങ്ങൾ  ഇതൾ വിരിഞ്ഞ,നല്ല സൗഹൃദങ്ങളുടെ സ്പന്ദനങ്ങൾ ഇന്നും വിട്ടു മാറാത്ത പാതയോരങ്ങൾ.ഒരുപാട്  തലമുറകൾ കളിച്ചും ചിരിച്ചും കടന്നു പോയ  ആ ക്യാമ്പസ്  അതിനിന്നും ഒരു പതിനേഴുകാരിയുടെ  സൗന്ദര്യമാണെന്ന്  തോന്നി അയാൾക്ക്.
         ഒരു സ്വപ്ന ലോകത്തിലെന്ന പോലെ അയാൾ ഞെട്ടിയുണർന്നു."അർജുൻ  കം വിത്ത് മി" അയാൾ   മകനെ വിളിച്ചു .പക്ഷെ  അവനപ്പൊഴും തന്റെ ഫെയ്സ്ബുക്ക്‌  പേജിൽ പരതിക്കൊണ്ടിരിക്കുകയായിരുന്നു .അമേരിക്കയിലെയും  ഓസ്ട്രേലിയയിലെയും അജ്ഞാതരായ
സുഹൃത്തുക്കൾക്ക്  വേണ്ടി .അയാൾ ഒരു  നിമിഷം മൗനമായ്  നിന്നു.മനസ്സിലെവിടെയോ ഒരു വിങ്ങൽ.അവനെ  ശല്യപ്പെടുത്തേണ്ടെന്നു കരുതി അയാൾ നടന്നു.ഓർമ്മകൾ  തളം കെട്ടി നിൽക്കുന്ന  ആ  വരാന്തയിലൂടെ നടക്കുമ്പോഴും അയാൾ  ആലോചിക്കുകയായിരുന്നു .എന്താണീ  ഫെയ്സ്ബുക്കുകൾക്ക്  ഇത്ര  പറയാനുള്ളത് ?

Saturday 26 October 2013

മുറിപ്പാടുകൾ


 

നിലക്കാത്ത  കാൽപ്പെരുമാറ്റം 
ഏതോ  യാമങ്ങളിൽ 
ആത്മാവിൽ അലിഞ്ഞു.
വ്രണപ്പെട്ട  മുറിപ്പാടുകൾ 
തകർന്നുടഞ്ഞ   ചിന്തകൾക്ക് 
പെയ്തൊഴിയാൻ 
പുതിയ  ചാലായി 
ചേതനയറ്റ  നിണപ്പാടുകൾ 
 ഉയർത്തെഴുന്നേറ്റു .
ആ  നിലാവ് വീണ്ടും 
പട നിലമായി.
പൊരുതാൻ വെമ്പുന്ന 
ഹൃദയങ്ങൾ 
വേരറ്റു വീണു
അവയിൽ നിന്നൊലിചിറങ്ങിയ
ചോര തുളളികൾ
മൗനമായ് ആ മണ്ണിലലിഞ്ഞു.

Thursday 22 August 2013

നഷ്ട സ്വപ്നം




ഓർമ്മകളിന്നും
കനലായ്  എരിയുന്നു
പൊയ്പ്പോയ  വഴിയിലെ
പെയ്തിറങ്ങാത്ത  കാറുകൾ ,
വർഷവും  വേനലും
മാറി വന്നിട്ടും
തിരിച്ചറിവില്ലാതലയുന്നു
ഒരു  നേർത്ത സ്പന്ദനം
തകർന്നുടയും  മുൻപേ
ആ  വീണയിൽ നിന്നുദിർന്നെങ്കിൽ
വർഷങ്ങൾക്കിപ്പുറം 
ചിറകു മുളച്ച് 
ആ  സ്വപ്‌നങ്ങൾ 
ഈ  വിണ്ണിൽ പറന്നുയർന്നേനെ .

വിടരും മുൻപേ



അദീതി 
നീയിന്നും  ഒരു  നോവായി 
അവശേഷിക്കുന്നു 
ഏതു മലയാളി മനസിലും 
കണ്ണീരിൽ  കുതിർന്ന 
നിന്റെ  ബാല്യം 
തിളക്കം  നഷ്ടപ്പെട്ട 
കണ്ണുകൾ 
കവിൽതടത്തിലുടുർന്നിറങ്ങിയ
കണ്ണീർ 
ഇന്നെന്റെ ഹൃദയത്തെ 
ചുട്ടു പൊള്ളിക്കുന്നു.
സംവൽസരങ്ങൽകിപ്പുറം 
അന്ധത 
മർത്യനെ  കീഴടക്കുംപ്പോൾ 
ഒരു  പാട് പൂമൊട്ടുകൾ 
വിടരും  മുൻപേ 
മന്നിലലിയുന്നു 
അദിതിയും സൽവയും 
ഇന്നു വെറും ഓർമ്മയെങ്കിൽ  
ഷെഫീക്ക് 
സ്വന്തം  ജീവനായി 
പടച്ചട്ടയണിഞ്ഞിരിക്കുന്നു .
ഇനി  അവശേഷിക്കുന്ന 
പ്രതീക്ഷയുടെ 
പുൽനാമ്പുകളെങ്കിലും 
ചവിട്ടി  മെതിക്കപ്പെടാതിരിക്കട്ടെ

അതിദിയും  സൽവയും 
പുനർജനിക്കാതിരിക്കട്ടെ .

Sunday 11 August 2013

ആ പുഞ്ചിരിയിൽ


          

                         


                മരുന്നിന്റെയും  മരണത്തിന്റെയും  മണമുള്ള ആശുപത്രിക്കിടക്കയിൽ  എത്ര  നാൾ?അവന് ഓർക്കാൻ  കഴിയുനില്ല .പതിയെ  കണ്ണ്  തുറക്കാൻ  ശ്രമിച്ചു .
വിഫലമായ  ഒരു  പരിശ്രമം .
               ചുറ്റും നിന്ന്  ആരൊക്കെയോ സംസാരിക്കുന്നു .ശബ്ദത്തിനു തീവ്രത കൂടി  വന്നു .രക്ഷപ്പെടാനെ ന്നോ ണം അവൻ കണ്ണുകൾ ഇറുക്കി അടച്ചു .അന്ധകാരം
അതവനെ പൂർണ്ണമായി  വിഴുങ്ങികകഴിഞ്ഞു.ഇരുട്ടിനെപ്പോലും ഭേദിച്ച്  ചില
ആൾ രൂപങ്ങൽ  മിന്നി  മറയുന്നു .ആയുധ ധാരികളായ  അവരുടെ  രൂപം ഭീകരമായിരുന്നു .അക്രമാസക്തരായി  അവർ പാഞ്ഞടുക്കുന്നു .ഇരുട്ടിന്റെ  മറവിൽ  അവർ സംഹാര  താണ്ട്ടവമാടുന്നു . വേദന  കൊണ്ട് അവൻ  പുളഞ്ഞു.ഒന്നുറക്കെ  കരയാൻ  പോലും കഴിയുനില്ല.ശബ്ദം  തൊണ്ടയിൽ  ഉടക്കിയ  പോലെ .ഓർമ്മകൾ
മരവിക്കുന്നു.കാഴ്ചകൾ  അവ്യക്തമാകുന്നു .
                     ഏതോ  മായിക ശകത്തിയിലെന്ന  പോലെ ഇറുക്കിയടച്ച  കണ്ണുകൾ  അവൻ  പതിയെ തുറന്നു .മരുന്നിന്റെ  മനം  മടുപ്പിക്കുന്ന  ഗന്ധം  സിരകളിൽ  ഊർന്നിരങ്ങിയ  പോലെ. തുറന്നിട  ജനൽപ്പാളിയിലൂടെ  ആരെയോ  തേടി  കണ്ണുകൾ  അലഞ്ഞു .അതുടക്കിയത്  ആശുപത്രി  പൂന്തോടത്തിലെ  വാടി  വീണ
റോസാപ്പൂവിലായിരുന്നു .ആ  പൂവ് തന്നെ  നോക്കി പുഞ്ചിരിക്കുന്നതായി  അവനു തോന്നി .ഏതോ  ഒരു  പുർവ്വജന്മ ബന്ധം ,അവൻ  പുഞ്ചിരി   തൂകി .അതിൽ  ഒരായുസ്സിന്റെ  മുഴുവൻ   കണ്ണുനീർ  അലിഞ്ഞില്ലാതായി .
                          



Wednesday 24 July 2013

പുതിയ താളുകൾ

 
പുസ്തകത്താളിൽ
ഒളിപ്പിച്ച
മയിൽപ്പീലി തുണ്ടുകൾ
പറയുമായിരുന്നു
ഒരു പാട്  കഥകൾ
കൗതുകം നിറഞ്ഞ
കേൾക്കാൻ കൊതിക്കുന്ന
കഥകൾ
ഇന്നാ താളുകളിൽ
പരന്നിരിക്കുന്നു
നവോന്മാതത്തിന്റെ
മഷി 
പക്ഷെ അവയ്ക്കൊന്നും
നഷ്ടപ്പെട്ട
ആ മയിൽപ്പീലിയോളം   
തിളക്കമില്ല
കാണാൻ കൊതിക്കുന്ന
മഷിത്തണ്ടിനോളം
തെളിച്ചമില്ല.


Monday 22 July 2013

അകലേക്ക്‌



നാട്ടു വഴികളിൽ 
കരി പരന്നു
കണ്ണാരം പൊത്തിക്കളിച്ച
മാഞ്ചോടുകൾ 
കാണ്മാനില്ല
ചില്ലയിൽ കെട്ടിയ
ഊഞ്ഞാലുകൾ
ക്ഷയിച്ചു പോയി
ആർക്കും വേണ്ടാതെ
 ആ അപ്പൂപ്പൻതാടി
കാറ്റിലലഞ്ഞു
ഒടുവിൽ അതും
മണ്ണോടു ചേർന്നു 
ആരോരുമറിയാതെ

മാപ്പ്

അകലങ്ങളിലെ 
ആത്മാവിനെ തേടി 
നടന്ന 
ഇഹ ലോകത്തെ 
മാലാഖയെ 
മറന്ന മർത്യാ 
നിനക്കു മാപ്പ് തരട്ടെ 
കാലവും 
കാലഹരണപെട്ട 
ഓർമ്മകളും.

Monday 15 July 2013

മലാല


ജൂലൈ  12 നു ലോകം മുഴുവൻ കാതോർത്തത്‌ ഒരു പതിനാറുകാരിയുടെ വാക്കുകൾക്കായാണ് മലാല യുസഫ്സായ് .അവളുടെ സ്വപ്നത്തിനും നിശ്ചയ ദാർട്യത്തിനും മുൻപിൽ മരണം പോലും വഴി മാറി.വെടിയുണ്ടകൾക്കു തന്നെ നിശബ്ദയാക്കാനാവിലെന്നു ഉറക്കെ വിളിച്ചോതുമ്പോൾ ആ പെണ്‍കുട്ടിയിൽ 
കണ്ടത് പുതിയൊരു വെളിച്ചമാണ് .ഒരു കാലത്ത് ഗാന്ധിജിയും മതർതെരസയുമെല്ലം സഞ്ചരിച്ച അതേ പാതയിലൂടെ ഇന്നു മലാല സഞ്ചരിക്കുന്നു .നന്മയുടെ,സഹനത്തിന്റെ പാതയിലൂടെ. ഭീകരവാതം ഇന്നും ഭീഷണിയായി മാറുന്ന പാകിസ്ഥാനിൽ ,നിഷേധിക്കപ്പെട്ട പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായി അവർക്കിടയിൽ നിന്നു ശബ്ദമുയർത്താൻ ധൈര്യം  കാണിച്ച മലാല വെളിച്ചം പകർന്നത് അന്ധമായ ഒരു ജനതയ്ക്ക് മുഴുവനാണ്‌ .
             ജൂലൈ 12 നു ലോകം മുഴുവൻ മലാല ദിനമായി  ആചരിക്കുമ്പോൾ  തീർച്ചയായും നാം  വിലയിരുത്തേണ്ട ഒന്നുണ്ട്.ഇന്നത്തെ കുട്ടികൾ മലാലയിൽ നിന്ന് എത്ര അകലെയാണ്.ഫേസ്ബുക്കിനും വീഡിയോഗേയ്മുകൾക്കുമുള്ളിൽ 
ദിനചര്യകൾ ഒതുങ്ങുമ്പോൾ അവർ അകലുന്നത് സ്നേഹത്തിൽ നിന്നാണ് . മാനവിക മൂല്യങ്ങളിൽ നിന്നാണ്.ഓർക്കുക
    സ്നേഹത്തിൽ നിന്നുദിക്കുന്നൂ ലോകം 
              സ്നേഹത്താൽ  വൃഥി  കൊള്ളുന്നു
നമുക്കു വേണ്ടത് മാനവിക മൂല്യങ്ങലിൽ അതിഷ്ഠിതമായ സ്നേഹവും സാഹോദര്യവും നിലനിൽക്കുന്ന ഒരു സമൂഹത്തെയാണ്.അതിനായി ഇനിയും മലാലമാർ ഉയർന്നു വരട്ടെ . 

Sunday 30 June 2013

നിർഭയ

അന്ന് ഡൽഹി 
ഇന്നു മണിപ്പാൽ 
എവിടെയും 
ചീന്തിയെറിയപ്പെടുന്നത് 
പെണ്ണിന്റെ ഉടൽ 
നാളെ 
വീടിനുമ്മറത്തെത്തും 
ആർത്തി പൂണ്ട
ചെന്നായകൂട്ടം 
അപ്പോഴും കേൾക്കാം 
അശരീരി 
കാണരുത് കേൾക്കരുത്‌ 
മിണ്ടരുത് 
ചവിട്ടി മെതിക്കപ്പെട്ട 
ശരീരത്തിൽ 
നിന്നവസാന പ്രാണനും 
പടിയകലുംപ്പോൾ 
അകലയെവിടയോ 
പുനർജനിക്കും 
മറ്റൊരു നിർഭയ.

നന്ദിത


       ഇപ്പോൾ ഞാൻ മനസിലാക്കുകയാണ്  
            നിന്നെ മറക്കയെന്നാൽ മൃതിയാണ്‌ 
          
            ഞാൻ നീ മാത്രമാണെന്ന്  
   
         മലയാളി    മനസുകളിൽ ചിന്തകളുടെ, രഹസ്യങ്ങളുടെ കൂരംബുകൾ  
തൊടുത്തുവിട്ട ആ പെണ്‍കുട്ടി   പുരസ്കാരങ്ങൾ വരികൂട്ടിയ കവയത്രിയോ ഗ്രന്ഥസമാഹാരങ്ങളാൽ  അമ്മാനമാടുന്ന സാഹിത്യകാരിയോ അല്ല .ഒരു   വാർമഴവില്ലു പോലെ വന്ന അവൾ ആരോടും ഒന്നും എങ്ങോ പോയി മറഞ്ഞു.പക്ഷെ ചുരിങ്ങിയ കാലയളവിൽ അവളുടെ തൂലികയിൽ നിന്നടർന്നു വീണ അക്ഷരങ്ങളിലൂടെ അവളിന്നും അത്ഭുദമായി മാറുന്നു.അവൾ മരണത്തെ സ്നേഹിച്ചിരുന്നോ ?മരണത്തിലേക്ക് നടന്നു കയറുന്ന ഓരോ നിമിഷവും ഓരോ രാവും പകലും അവൾക്ക് കവിതകളായി.അറിയപെടാത്ത ഏതോ അകത്താളിൽ അവളനുഭവിച്ച ശുന്യത അവൾകൊപ്പം ആ മണ്ണിലലിഞ്ഞു ചേർന്നു.എന്നിട്ടും അണഞ്ഞു പോകാത്ത ശേഷിപ്പുകൾ അവള്ക്ക് പുതു ജീവൻ നല്കുന്നു.വർഷങ്ങൾക്കിപ്പുറം നന്ദിത ജീവിക്കുന്നു.
     ആ  ഡയറിത്താളുകളിൽ  അവളവശേഷിപ്പിച്ചത് വെറും നഷ്ടത്തിന്റെ,നിരാശയുടെ നീർ ചാലുകൾ മാത്രമാണ്. വിടരും മുൻപേ ആ പൂമൊട്ട് മണ്ണോടലിഞ്ഞത് എന്തിനായിരുന്നു.
നന്ദിത  ആ  പേരും ആ ഡയറിയിൽ അവൾ ജീവൻ നല്കിയ ഓരോ  കവിതകളും  
ഇന്നും മലയാളി മനസ്സിൽ ബാക്കിയാക്കുന്നത് അവളുടെ ജീവിതം പോലെ 
ഉത്തരം കണ്ടെത്താനാവാത്ത അനേകായിരം ചോദ്യങ്ങളാണ്.
എന്തായിരുന്നു നന്ദിത ?
ഇന്ദ്രിയങ്ങൾക്കപ്പുറത്തു നിന്ന് ആത്മാവിനെ തൊട്ടുണർത്താൻ 
അവൾ ക്ഷണിച്ചത് മരണത്തെയോ ?വിരഹവും നിരാശയും നഷ്ടപ്രണയത്തിന്റെ അവശേഷിപ്പുകളും അലതല്ലുന്ന ആത്മാവിൽ
നിന്നുതിർന്ന അക്ഷരങ്ങളിലൂടെ നന്ദിത മരണത്തെയും തോല്പിക്കുന്നു.
       

Saturday 15 June 2013

അകലേക്ക്



പുതിയ BMW
ചുറ്റും പരിചാരകർ
മാറിമറയുന്ന ഗാട്ജറ്റുകൾ
അതിനപമാനമായി
പഴമയുടെ ഒരു ഭാണ്ടക്കെട്ട്
ആ ഭാരം പടിയിറക്കവേ
അന്നാദ്യമായി
അയാളറിഞ്ഞു
നരകത്തിലേക്കുളള
വാതിൽ
തന്നെ മാടിവിളിക്കുന്നെന്ന്
ഭയന്നോടാൻ പിൻ തിരിയവേ
മനസ്സിലുടക്കി
ആടംബരത്തിന്റെ   നാളെ
ഉൾവലിഞ്ഞ കാലുകൾ
മുന്നോട്ടാഞ്ഞു
ഇന്നിന്റെ  സ്വർഗത്തിലെ
കയിക്കാത്ത മുന്തിരിക്കായി. 

ആ മഴക്കാലം 
നിന്നിൽ    ചിറകുവിടർത്തിയ 
നിറമുള്ള സ്വപ്നങ്ങൾക്കായി 
ഏതൊ മഴപക്ഷിയായി 
കാലം കാത്തിരിക്കുന്നു 
ചമയങ്ങളില്ലാതെ.

Monday 18 March 2013

മെഴുകുതിരിയും ഞാനും


അന്യന്റെ നോട്ടം
ആ കണ്ണിൽ
കാണാമെനിക്ക് 
തിളക്കുന്നൊരഗ്നി
ആരെയും
ചുടുചാംബലക്കാൻ
കൊതിക്കുന്ന
സർവ്വ
സംഹാരശേഷിയായ
അഗ്നി
ആ  ചൂടിൽ
എന്റെ ശരീരം
വേവുന്നു
അസ്ഥികൾ
നുറുങ്ങുന്നു
എന്റെ സ്വർഗ്ഗവും
നരകവും
ഞാനനുഭവിച്ചറിയുന്നു
അഭയത്തിനായി
കേഴുമ്പോൾ
വാതിലുകൾ
മുട്ടിയടക്കുന്നു
സന്തോഷത്തിന്റെ
നാളുകൾ
എന്നിൽ
നിന്നകലുന്നു
ഹേ പാരാശക്തി
എന്താണ്
ഞാൻ ചെയ്ത തെറ്റ്
സ്ത്രീയായി
പിറന്നതോ ?
ഞാനും നിന്റെ
പുത്രിയല്ലേ?
എന്റെ
സ്വാതത്രങ്ങൾ 
എനിക്ക്
നൽകൂ
ഞാനും ജീവിക്കട്ടെ
ഈ മണ്ണിൽ .  







Sunday 17 March 2013

നിസ്സഹായത




നിസഹായത
നിന്നെ  ഞാൻ  വെറുക്കുന്നു
പക്ഷെ
നീ  എന്നിലലിയുന്നു
പല രൂപത്തിൽ
പല ഭാവത്തിൽ
എനിക്കെന്റെ
തെറ്റുകളൊ
ശരികളോ  
എന്തെന്നറിയുന്നില്ല 
എവിടെയാണെനിക്കു   
കാലിടറിയത്
എന്റെ നന്മകൾ
എന്നാണ്
നിനക്ക്
തിന്മാകളായത്.
ഉത്തരമില്ലാത്ത
ആയിരം
ചോദ്യവുമായി
ഞാനലയുന്നു.  

Wednesday 6 March 2013

കാലത്തിനൊപ്പം  മാറുന്ന  ക്യാമ്പസുകള്‍
 
     ക്യാമ്പസ്  ജീവിതം ഒരു പാട് നിറമുള്ള ഓര്‍മ്മകളാണ് വിദ്യാര്‍ഥികള്‍ക് സമ്മാനിക്കാറ്‌ . ജീവിതത്തിലെ മനോഹരമായ കാലം. പക്ഷെ ഇന്നത്തെ ക്യാമ്പസുകള്‍ കേട്ട് പരിജയിച്ചവയില്‍ നിന്ന് ഒരൂ പാട് മുന്നോട്ട്  പോയിരിക്കുന്നു. ഒരു പക്ഷെ ആഗോളവല്‍കരണത്തിന്റെ ,പുത്തന്‍ സംസ്കാരത്തിന്റെ ഒരു മേല്‍കുപ്പായം അവയും അണിഞ്ഞു കഴിഞ്ഞു.
       സീനിയേഴസിനെ  ഭയന്നു ക്ലാസ്സില്‍ നിന്നിറങ്ങാന്‍ മടിച്ചിരുന്ന ഫസ്റ്റ് ഇയര്‍ വിദ്യാര്‍ത്ഥിയില്‍ നിന്നു ജീവിതം എത്രയോ മാറിയിരിക്കുന്നു . ഇന്നീ കോളേജ് എനിക്കപരിചിതമല്ല. ക്ലാസ്സ്മുറിയും ലൈബ്രറിയും കാന്റീനുമെല്ലാം തീര്‍ത്ത ഈ പുത്തന്‍ ലോകത്തില്‍ ഇന്നു ഞാന്‍ പരിചിതയാണ് . അതുകൊണ്ട്  തന്നെ കാപട്യത്തിന്റെ പല മുഖങ്ങളും ഈ ജീവിതത്തില്‍ ഞാന്‍ തിരിച്ചറിയുന്നു . ഇന്നത്തെ ക്യംപസുകള്‍  പടുതുയര്തുന്നത്   അര്‍ത്ഥശൂന്യമായ ഒരു ഭാവിയെയാണോ എന്നു പലപ്പോഴും  തോന്നിയിട്ടുണ്ട്‌.മറ്റുള്ളവരുടെ വികാര  വിചാരങ്ങളെ മാനിക്കാത്ത ഒരു തലമുറ. സത്രീ സ്വാതത്ര്യത്തിനു വേണ്ടി പലരും മുറവിളി കൂട്ടുമ്പോളും ഇന്നത്തെ ക്യാമ്പസുകളില്‍ പെണ്‍കുട്ടികള്‍ എത്ര മാത്രം സുരക്ഷിതരാനെന്നു കണ്ടറിയണം. അവള്‍ക്കു ചുറ്റുമുള്ളത് കഴുകന്‍ കണ്ണുകളാണ് .
       ഒരു കാലത്ത്  പ്രണയം എന്നത് മനോഹരമായ ഒരു സങ്കല്‍പം ആയിരുന്നു . എന്നാല്‍ ഇന്ന് സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ്‌ സൈറ്റുകലും എസ് എമ് സ് കളും പ്രണയത്തിനു പുതിയ നിര്‍വചനം നല്‍കിയിരിക്കുന്നു . പവിത്രമായ  ഒരു സങ്കല്‍പം ഇന്നു ക്യാമ്പസുകളില്‍ വെറും നേരം പോകുകളാണ്. കാപട്യത്തിന്റെ ഒരു പുതിയ മുഖം . 
      മൂല്യചുതി സംഭവിച്ചു കൊണ്ടിരിക്കുന്ന ഒരു തലമുറയെ  കൈപിടിച്ചു കയറ്റെണ്ടത്‌ ,അവരെ  സംരക്ഷികേണ്ടത്  നമ്മുടെ കടമയാണു . നാളയുടെ  വാഗ്ദാനങ്ങളെ  പടുത്തുയര്‍ത്തേണ്ട അക്ഷരങ്ങളുടെ ,കലയുടെ  നന്മയുടെ ഭൂമിയാനു ക്യമ്പസുകല്‍. ഒരുപാടു നന്മയുടെ മുകുളങ്ങള്‍ ഇവിടെനിന്നു വിരിയട്ടെ  എന്ന് നമുക്ക് ആശിക്കാം  . ആഗ്രഹിക്കാം . ഒരു  നല്ല  നാളയെ  സ്വപ്നം കാണാം.