രണ്ടു മാസം കാത്തിരുന്ന് കിട്ടിയ പോസ്റ്റിംഗിനു റെഫ്യൂസൽ ലെറ്ററും കൊടുത്ത് അതിന്റെ ഹാങ്ങ് ഓവറിൽ ഇരിക്കുമ്പോളാണ് അപ്പൂപ്പൻതാടിയുടെ ഹംപി ട്രിപ്പിന്റെ നോട്ടിഫിക്കേഷൻ വരുന്നത്.പല തവണ പോവാൻ ആഗ്രഹിച്ച സ്ഥലമായതുകൊണ്ട് തന്നെ മറ്റൊന്നും ചിന്തിക്കാതെ ബുക്ക് ചെയ്തു. ഒന്നര മാസം മുൻപ് തന്നെ ട്രിപ്പും പ്ലാൻ ചെയ്ത് ട്രെയിൻ ടിക്കറ്റും ബുക്ക് ചെയ്ത എനിക്ക് പക്ഷെ അൻപതു രൂപ നോട്ടിന് പുറകിലെ stone chariot ആയിരുന്നു അന്ന് ഹംപി. അതിനപ്പുറം ഒരു വലിയ സംസ്കാരം,ഒരു വലിയ ചരിത്രമുറങ്ങുന്ന മണ്ണാണ് ഹംപി എന്ന തിരിച്ചറിവുണ്ടായത് പിന്നീടുള്ള ദിവസങ്ങളിൽ ആയിരുന്നു. അറിയും തോറും നമ്മേ ആകർഷിക്കുന്ന ഹംപി. ഐതിഹ്യങ്ങളും പുരാണങ്ങളും സത്യമോ മിഥ്യയോ എന്ന് ഒരു നിമിഷമെങ്കിലും ചിന്തിച്ചു പോവും ഇവിടെ വന്നാൽ. ഇവിടെ കല്ലുകൾ കഥ പറയുന്നു, മണ്മറഞ്ഞു പോയ വിജയനഗര സാമ്രാജ്യത്തിന്റെ കഥ.
Stone chariot |
Lotus mahal |
ലോട്ടസ് മഹൽ എന്നറിയപ്പെടുന്ന റാണി മാരുടെ സമ്മർ പാലസ് ഇന്നുമൊരലങ്കാരമായി നിലകൊള്ളുന്നുണ്ടവിടെ. പാലസിലേക്ക് ഇന്ന് യാത്രക്കാർക്ക് പ്രവേശനമില്ല. ലോട്ടസ് മഹൽ പോലെ തന്നെയുള്ള മറ്റൊരു ആകർഷണം elephant stable ആണ്. റോയൽ എലിഫന്റ്സിനു വേണ്ടി പണി തീർത്ത മാളിക. ആനക്കും ആനപാപ്പാനും ഇത്രേം വലിയ മാളികയാണേൽ ചുറ്റിലും തകർന്നടിഞ്ഞു കിടക്കുന്ന രാജകൊട്ടാരത്തിന്റെ വ്യാപ്തി നമുക്ക് ഊഹിക്കാവുന്നതേ ഉള്ളൂ.Queens bath ,Pushkarni, Mahanavami dibba, underground Shiva temple തുടങ്ങി പിന്നീടു പോയ സ്ഥലങ്ങൾ എല്ലാം തന്നെ ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ നമ്മേ അത്ഭുതപെടുത്തികൊണ്ടിരിക്കും. ഹംപിയിലെ മനോഹരമായ ആർക്കിടെക്ചർ വിസ്മയത്തിൽ എടുത്തു പറയേണ്ട ഒന്നാണ് പുഷ്കരണി.ക്ഷേത്രങ്ങളോട് ചേർന്ന് കാണപ്പെടുന്ന സ്റ്റപ്പ്ഡ് വെൽ.
Elephant stable |
ആദ്യദിവസത്തെ ഞങ്ങളുടെ അവസാന പ്രോഗ്രാം മഹാനവമി ടിബ്ബയിൽ നിന്നുള്ള സൂര്യാസ്തമയം ആയിരുന്നു. അവിടേക്ക് പോകും വഴിക്ക് മറ്റൊന്ന് കൂടി കണ്ടു.secret chamber എന്നറിയപ്പെടുന്ന ഒരു അണ്ടർ ഗ്രൗണ്ട് റൂം. രാജാക്കന്മാരും സൈനിക തലവന്മാരും തന്ത്രങ്ങൾ മെനഞ്ഞിരുന്ന പുറത്തു നിന്നുള്ളവർക്ക് എളുപ്പം മനസിലാക്കാൻ കഴിയാത്ത ഒരു അണ്ടർ ഗ്രൗണ്ട് റൂം.secret chamberil നിന്നിറങ്ങിയ ഞങ്ങൾ പിന്നീട് മഹാനവമി ടിബ്ബ ലക്‌ഷ്യം വെച്ച് നീങ്ങി. മേഘങ്ങൾ സൂര്യാസ്തമയം മുടക്കിയെങ്കിലും , ഒരു കാലത്തെ രാജാക്കന്മാരുടെ രാജ സദസ്സിലാണ് നിന്നതെന്നെ ചാരിതാർഥ്യത്തോടെയാണ് ഞങ്ങൾ മവനവമി ടിബ്ബയിൽ നിന്നിറങ്ങിയത്. തിരിച്ചു നടക്കുമ്പോൾ വിരൂപാക്ഷ ടെമ്പിളിനടുത്തായുള്ള മാർക്കറ്റ് ഒന്നുണർന്ന പോലെയാണ് തോന്നിയത്. നൂറ്റാണ്ടുകളോളം ഹംപിക്ക് അലങ്കാരമായി തല ഉയർത്തിനിൽകുന്ന വിരൂപാക്ഷ ടെമ്പിളും കടന്നു റൂമിലേക്ക് നീങ്ങിയപ്പോൾ മനസ്സ് നിറയെ ഹംപി ആയിരുന്നു. കണ്ടു തീർന്നതും ഇനി കാണാൻ പോകുന്നതുമായ ഹംപി.
No comments:
Post a Comment