Wednesday 18 December 2013

നിർഭയ ...ഒരു വർഷത്തിനിപ്പുറം



നിർഭയ ....ഓരോ ഇന്ത്യക്കാരനും  ഒരു  പക്ഷെ ലോക മനസാക്ഷി മുഴുവനും  ഞെട്ടലോടെ  ഏറ്റുവാങ്ങിയ  ആ  കറുത്ത ദിനങ്ങൾക്ക്‌ ഒരാണ്ട്.ആയിരങ്ങളുടെ  പ്രാർത്ഥനകൾക്കും  പ്രതീക്ഷകൾക്കും  വിരാമമിട്ട്  നിർഭയ പോയി മറഞ്ഞപ്പോൾ ഇനി  ഒരു രക്തസാക്ഷി  കൂടി ഉണ്ടാകരുതേ എന്ന് നാം ഓരോരുത്തരും ആഗ്രഹിച്ചു .
         പക്ഷെ  പിന്നീടിങ്ങോട്ട്‌  ഒരുപാടിരകളെ നാം  കണ്ടതാണ്.പ്രായഭേദമന്യേ  പിഞ്ചുകുഞ്ഞുങ്ങൾ  മുതൽ മധ്യ വയസ്കർ  വരെ പീഡനങ്ങൾക്കിരയായി.വിവര  സാങ്കേതിക  വിസ്ഫോടനത്തിന്റെ  ഈ  കാലഘട്ടത്തിൽ  മനുഷ്യ  മനസാക്ഷിയെ ഞെട്ടിക്കുന്ന ഒരു  വാർത്തയെങ്കിലുമില്ലാതെ  നേരം  പുലരില്ലെന്നതാണ് സത്യം.എന്തു കൊണ്ടാണ് സ്ത്രീകൾക്കെതിരെയുള്ള  ചൂഷണങ്ങൾ ഇത്രയേറെ വർധിക്കുന്നത്? ഉത്തരം  കണ്ടെത്തുക  അസാധ്യമാകും.പ്രതികരിക്കാത്ത  ഒരു  ജനത സൗമ്യയെ  മരണത്തിന് വിട്ടു നൽകിയപ്പോൾ, പ്രതികരിക്കാൻ  മൂർച്ചയേറിയ  ആയുധം കൈയിലുള്ള  പത്ര മാധ്യമ  രംഗത്തെ അധികായൻ തരുണ്‍ തേജ്പാലും,നിയമത്തിന്റെ  കാവലാളായ ജസ്റ്റിസ്  ഗാംഗുലിയുമെല്ലാം ആരോപണ വിധേയരായത് നാം  കണ്ടതാണ്.സ്വന്തം വീടുകളിൽ നിന്നു തുടങ്ങി ജോലി സ്ഥലങ്ങളിൽ  വരെ  തുടരുന്നു ഈ ക്രൂരത .രക്ത ബന്ധങ്ങളും ദൈവതുല്യരായ ഗുരുക്കന്മാരുമെല്ലാം  പിൻതിരിഞ്ഞു  കൊത്തുമ്പോൾ സ്വന്തം  നിഴലിനെപ്പോലും വിശ്വസിക്കാൻ കഴിയാത്ത ഒരവസ്ഥയിലെത്തിയിരിക്കുന്നു  ഇന്നത്തെ  സ്ത്രീ  സമൂഹം.
              ഈയൊരവസ്ഥ  തുടർന്നാൽ സ്കൂളുകളിൽ പഠന വിഷയങ്ങൾക്കൊപ്പം  പ്രതിരോധ മാർഗങ്ങളും പാഠ്യവിഷയമാക്കേണ്ടി  വരും.സ്ത്രീക്ക്  മഹത്തായ  സ്ഥാനം  നൽകി ആദരിച്ചിരുന്ന ഭാരതീയ സംസ്കാരം കൈമോശം വരാതെ  കാത്തുസൂക്ഷിക്കാൻ   ഇനി വരുന്ന തലമുറയെ പ്രാപ്തരാക്കേണ്ടത് നമ്മുടെ കടമയാണ്.അല്ലെങ്കിൽ  ഒരു പക്ഷെ  വീണ്ടും സ്ത്രീകൾ അടുക്കളയിലേക്ക് മടങ്ങേണ്ടി വരുന്ന ഒരു കാലം വന്നേക്കാം.അതില്ലാതിരിക്കാൻ നമുക്ക്  പ്രാർത്ഥിക്കാം.

3 comments:

  1. നല്ല ചിന്തകൾ. സ്ത്രീകൾക്കെതിരെയുള്ള അക്രമങ്ങൾ അവസാനിപ്പിക്കാൻ ശക്തമായ നിയമങ്ങളും, ഒപ്പം സാമൂഹ്യ അവബോധവും ഉണ്ടാകേണ്ടതുണ്ട്.

    ReplyDelete
  2. സ്ത്രീക്ക് മഹത്തായ സ്ഥാനം നൽകി ആദരിച്ചിരുന്ന ഭാരതീയ സംസ്കാരം എന്നത് ഏടുകളില്‍ മാത്രം കാണപ്പെട്ടിരുന്ന ഒരു മനോഹരസങ്കല്പമാണ്. യാഥാര്‍ത്ഥ്യം എന്നും കടകവിരുദ്ധം ആയിരുന്നു. ചരിത്രം അങ്ങനെയാണ് നമ്മോട് പറയുന്നത്. വേണം ഒരു പുതിയ സംസ്കൃതി. പക്ഷെ എവിടെ നിന്ന് തുടങ്ങും?

    ReplyDelete
    Replies
    1. തുടങ്ങണം മനസുകളിൽ നിന്ന്......

      Delete