Friday 23 September 2022

CITY OF DREAMS

 "സിറ്റി ഓഫ് ഡ്രീംസ് " എവിടെയോ വായിച്ചു കേട്ടതാണ് . പലപ്പോഴായി മനസ്സിൽ പതിഞ്ഞ ഒന്നായിയിരുന്നു സ്വപ്നങ്ങളുടെ നഗരം. എന്തു കൊണ്ടാണ് മുംബൈ പലർക്കും ഒരു വികാരമാവുന്നത് എന്ന് ഇടക്കെങ്കിലും ഞാനും ചിന്തിച്ചിരുന്നു. പക്ഷെ വെറും ദിവസങ്ങൾ കൊണ്ട് തന്നെ  എനിക്കും മുംബൈ പ്രിയപ്പെട്ടതായി  മാറിയിരുന്നു.ചിലർക്ക് ചില സ്ഥലങ്ങൾ മറ്റുചിലർക്ക് ജീവിതത്തിൽ കടന്നു വരുന്ന ചില ആളുകൾ  അതല്ലെങ്കിൽ അപ്രതീക്ഷിതമായി നടക്കുന്ന ചില സംഭവങ്ങൾ എല്ലാം മനസ്സിൽ മായാതെ കിടക്കും.എന്നെ സംബധിച്ചിടത്തോളം എനിക്ക് അതായിരുന്നു മുംബൈ. രണ്ടു വർഷത്തിനിപ്പുറം ഫോൺ ഗാലറിയിൽ കണ്ട ചില ഫോട്ടോസ് വീണ്ടും എന്നെ ചിന്തിപ്പിച്ചു. വ്യക്തമായി യാതൊരു പ്ലാനും ഐഡിയയും ഇല്ലാതെ കണ്ട ഒരു സിറ്റി  ഇന്നും എനിക്ക് പ്രിയപെട്ടതാവുന്നത് എന്തു കൊണ്ടായിരിക്കാം. എഴുതാൻ മറന്ന ഒരധ്യായം  വീണ്ടും എഴുതാനിരിക്കുന്നത് ഒരു തരത്തിൽ ഒരോർമ്മപ്പെടുത്തലാണ്. കാലം കഴിയും തോറും മാറുന്ന ചിന്തയും കാഴ്ചപ്പാടുകളും വേർതിരിച്ചറിയാൻ പലപ്പോഴും പിറകിലേക്ക് കണ്ണോടിച്ചാൽ മതിയല്ലോ.

ആദ്യ ഫ്ലൈറ്റ് യാത്ര ഒരു പക്ഷെ ആർക്കും എളുപ്പത്തിൽ മറക്കാൻ കഴിയില്ല. ഇത്രയും ദൂരം ആദ്യമായി ഒറ്റയ്ക്ക് യാത്ര ചെയ്യാൻ തീരുമാനിക്കുമ്പോളും ഒരോളത്തിനൊപ്പം ഒഴുകുന്ന പുഴ എന്ന മട്ടായിരുന്നു എനിക്ക്. പക്ഷെ നമ്മൾ എടുക്കുന്ന പല തീരുമാനങ്ങൾക്ക് പിറകിലും നമ്മളെ സ്വാധീനിക്കുന്ന ഒരുപാടുപേരുണ്ടാവും. സ്വയം പല വാദ പ്രതിവാദങ്ങൾക്കും ശേഷമാണ് ഇനി മുംബൈ കണ്ടിട്ട് തന്നെ കാര്യം എന്നു തീരുമാനിച്ചതും. മുംബൈ യ്ക്ക് പോവാൻ കൂടെ ഒരു ഫ്രണ്ടിനെ കിട്ടിയത് കൊണ്ട് തന്നെ ഒറ്റയ്ക്ക് പോവുന്ന പേടി ഒന്നും ഇല്ലായിരുന്നു. യാത്ര പോവുമ്പോൾ കാണേണ്ട സ്ഥലത്തിന്റെ ഹിസ്റ്റോറിക്കൽ ബാക്ക്ഗ്രൗണ്ട് അല്ലെങ്കിൽ കാണുന്നത് എന്ത് എന്ന ബേസിക് ഐഡിയ വേണമെന്ന  സിദ്ധാന്തമൊന്നും അന്നില്ലായിരുന്നു. സിനിമകളിൽ കണ്ടു മറന്ന ലൊക്കേഷനുകൾ,  ചേരികൾ, മുംബൈ അടക്കിവാഴുന്ന ഗുണ്ടാ നേതാക്കൾ, പലപ്പോഴായി സിനിമകളിൽ പഞ്ചിനു ഉപയോഗിക്കുന്ന ധാരാവി എന്ന് തുടങ്ങി 26/11  terrorist അറ്റാക്ക് വരെ പലപ്പോഴായി മനസ്സിൽ  മിന്നി മാഞ്ഞിരുന്നു. 
പക്ഷെ ഞാൻ കണ്ട മുംബൈ തികച്ചും ശാന്തമായിരുന്നു. അവിടെയെത്തിയ നിമിഷം മുതൽ കേട്ട കഥകളെല്ലാം ഞാൻ സൗകര്യപൂർവ്വം മറന്നു തുടങ്ങിയിരുന്നു . അവിടന്നങ്ങോട്ട് പുതിയ ഒരു അനുഭവമായിരുന്നു.  "Happiness is a state of mind" എന്നത് മനസിലാക്കാൻ ചിലപ്പോൾ ചില സാഹചര്യങ്ങൾ വേണ്ടി വരും. വെറും രണ്ടു മണിക്കൂറിന്റെ ദൈർഘ്യത്തിൽ എന്റെ കാഴ്ചപ്പാടുകൾ വരെ മാറി മറിഞ്ഞപ്പോൾ ഞാൻ മനസ്സിൽ പലരോടും നന്ദി പറഞ്ഞു.

എയർപോർട്ടിൽ നിന്ന് അറിയാവുന്ന ഹിന്ദിയിൽ സിറ്റി  കാണണം എന്ന് ടാക്സി ഡ്രൈവറോടു പറഞ്ഞപ്പോൾ  ആദ്യം ഞങ്ങളെ കൊണ്ട് എത്തിച്ചത്  താജ് ഹോട്ടലിനു മുൻപിലായിരുന്നു. അവിടന്നങ്ങോട്ട് മുംബൈ നഗരം എനിക്ക് സ്വപ്നം പോലെ ആയിരുന്നു. യാത്രക്കിടയിൽ ടാക്സി ഡ്രൈവർ  ടൂറിസ്റ്റ് ഗൈഡിന്റെ പണി കൂടി ഏറ്റെടുത്തപ്പോൾ കാര്യങ്ങൾ എളുപ്പമായി.bandra worli sea link, marine drive, wankhade stadium  തുടങ്ങി ടാക്സി നീങ്ങുമ്പോൾ സ്വപ്ന ലോകത്തിൽ എത്തിയ അവസ്ഥയായിരുന്നു അന്നെനിക്ക്‌ . മുകേഷ് അംബാനിയുടെ ആഡംബര മാളിക മുതൽ മുംബൈയിലെ ലോക്കൽ സ്ട്രീറ്റ് വരെ പോകുന്ന വഴിക്ക് കാണിച്ചു തരാൻ ആ ഡ്രൈവർ മറന്നില്ല . മുംബൈയിലെത്തിയാൽ ഉബറിൽ ടാക്സി ബുക്ക് ചെയ്യണം എന്ന് തുടങ്ങിയ പല ഉപദേശങ്ങളുടെയും വില അന്നെനിക്ക് മനസിലായി.

മുംബൈയിലെ മറക്കാനാവാത്ത അനുഭവങ്ങളിൽ ഒന്ന് അവിടത്തെ ലോക്കൽ ട്രെയിനും CST റെയിൽവേ സ്റ്റേഷനുമാണ്. മുംബൈയുടെ സ്പന്ദനംഅനുഭവിച്ചറിയാൻ ലോക്കൽ ട്രെയിനുകളിൽ യാത്ര ചെയ്യണം എന്ന് പറയുന്നത് എന്തെന്നറിയാൻ  CST യിൽ പോയാൽ മതി. രാത്രിയിൽ ലൈറ്റുകളുടെ വെട്ടത്തിൽ അലംകരിച്ചു നിൽക്കുന്ന CST മുംബൈക്കാരെ സംബന്ധിച്ചിടത്തോളം അവരുടെ സ്വകാര്യ അഹങ്കാരമാണ്. ഒരു നിമിഷത്തേക്കെങ്കിലും എല്ലാം മറന്നു ആ കാഴ്ച ആസ്വദിക്കാത്തവരായി ആരും തന്നെ അവിടെ ഉണ്ടാവില്ല. അവിടത്തെ ബഹുഭൂരിപക്ഷം ജനങ്ങളും ട്രെയിനിനെ ആശ്രയിച്ചാണിരിക്കുന്നതെന്നു തോന്നും തിരക്ക് കണ്ടാൽ. ഓരോ ട്രെയിൻ വരുമ്പോഴും മാറി മറയുന്ന പല ഭാഷക്കാരായ പല സംസ്കാരമുള്ള പല ചിന്താഗതിയിലുള്ള ജനത. ഇത്രെയും വൈവിധ്യം നിറഞ്ഞ ഒരു ജനക്കൂട്ടത്തെ മുമ്പൊരിക്കലും ഞാൻ കണ്ടിട്ടില്ലായിരുന്നു. എവിടെ നിന്നോ വരുന്നു എവിടേക്കോ പോവുന്നു. ട്രെയിൻ പോയിക്കഴിഞ്ഞാൽ പിന്നീടവിടം ശാന്തമായി.

മുംബൈയിൽ ഒരാഴച ഉണ്ടായിരുന്നിട്ടു കൂടെ കാണാൻ മറന്ന കാഴച്ചകളായിരുന്നു കൂടുതൽ എന്നാണെനിക്കു തോന്നുന്നത്. അന്നൊരു പക്ഷെ എന്റെ പ്ലാനിൽ ഇല്ലാതിരുന്ന സ്ഥലമായിരുന്നത് കൊണ്ടാവാം. എങ്കിലും ലോക്കൽ ദാബ ഫുഡ് മുതൽ വട പാവും പാനി പുരിയും വരെ കിട്ടിയതൊക്കെ ടേസ്റ്റ് ചെയ്യാൻ മറന്നിരുന്നില്ല.മുംബൈ ഇന്നെനിക്കും ഡ്രീം സിറ്റി തന്നെ ആണ് . വീണ്ടും വീണ്ടും കാണണം എന്നാഗ്രഹമുള്ള സ്ഥലങ്ങളിൽ ഒന്ന്. പലതരത്തിൽ എന്റെ ചിന്തകളെ സ്വാധീനിച്ച സ്ഥലങ്ങളിൽ ഒന്ന്.ഇന്നെന്റെ  ചിന്തകൾക്കും സ്വപ്നങ്ങൾക്കും ചിറകുകളുള്ളത് കൊണ്ട് തന്നെ ഒന്നല്ല ഒരുപാടു തവണ എത്തുമെന്ന് ഞാൻ എന്നെത്തന്നെ സ്വയം ഓർമ്മപ്പെടുത്തുന്ന സ്ഥലങ്ങളിൽ ഒന്ന്.