Sunday 26 February 2023

ON THE WAY

 മഞ്ഞു പെയ്യുന്ന മണാലി .പലപ്പോഴായി കണ്ട നിറമുള്ള സ്വപ്നങ്ങളിലൊന്ന്. അപ്പൂപ്പൻതാടി ട്രിപ്പ് അനൗൺസ് ചെയ്തത് മുതൽ എന്റെ സ്വപ്നങ്ങൾക്ക് ചിറക് മുളച്ചു തുടങ്ങിയിരുന്നു. എങ്ങിനെ പോവണമെന്നോ എങ്ങിനെ പ്ലാൻ ചെയ്യണമെന്നോ ആലോചിക്കാതെ ട്രിപ്പിന് രജിസ്റ്റർ ചെയ്തു. ട്രിപ്പിന്റെ സ്റ്റാർട്ടിങ് പോയിന്റ് ഡൽഹി ആയിരുന്നത് കൊണ്ട് തന്നെ ആദ്യ ലക്ഷ്യം ഡൽഹിയിൽ എത്തുക എന്നുള്ളതായിരുന്നു.ബുക്ക് ചെയ്തത് കൊണ്ട് തന്നെ മറിച്ചൊന്നും ചിന്തിക്കാതെ എങ്ങിനെ ഡൽഹിക്ക് പോവാം എന്നതായിരുന്നു പിന്നീടുള്ള ദിവസങ്ങളിൽ ചിന്തിച്ചിരുന്നത്. യൂട്യുബിലും ഗൂഗിളിലും ഡൽഹിയെ പറ്റി തിരഞ്ഞും , പോയ പലരോടും അഭിപ്രായം ചോദിച്ചും ആദ്യമായി ഒറ്റയ്ക്ക് പോവുമ്പോളുണ്ടാവുന്ന പേടിയെ ഞാൻ നേരിട്ട് തുടങ്ങി . ഒടുവിൽ മേയ്ക്ക് മൈ ട്രിപ്പും പേടിഎം തിരഞ്ഞു ഫ്ലൈറ്റ് ടിക്കറ്റും ബുക്ക് ചെയ്തു ഡൽഹിക്ക്.ആദ്യ കടമ്പ കടന്ന ഞങ്ങൾ പിന്നീട് കാത്തിരിപ്പായി ആ ദിവസങ്ങൾക്കായി.കാത്തിരിപ്പിനു നീളം കൂടും തോറും ടെൻഷനും കടന്നാക്രമിച്ചു തുടങ്ങിയിരുന്നു. ഇത് വെറും സ്വപ്നം മാത്രമായി ഒതുങ്ങുമോ? ആദ്യമായി ഒറ്റക്ക് ഡൽഹിയിൽ എത്തുന്ന ഞങ്ങളെ കാത്തിരിക്കുന്നതെന്തായിരിക്കും? അങ്ങനെ ഒരായിരം ചിന്തകൾ ശല്യം ചെയ്തുകൊണ്ടിരുന്ന അനേകം രാത്രികൾ. ഒടുവിൽ പോവേണ്ട ദിവസം വന്നപ്പോളേക്കും ഞാൻ വളരെയധികം തയ്യാറായിരുന്ന പോലെ തോന്നി. ഒരുപാടു നാളായി ആഗ്രഹിച്ച സ്വപ്‌നങ്ങൾ, പലപ്പോഴായി ഒഴിഞ്ഞു മാറാൻ ശ്രമിക്കുന്ന ,സ്വയം മാറ്റിയെഴുതേണ്ട ചില കാഴ്ചപ്പാടുകൾ അങ്ങനെ പലതിനും ഉത്തരം അതായിരുന്നു എനിക്ക് മണാലി.


കോഴിക്കോട് നിന്ന് ഞങ്ങൾ മൂന്നുപേരായിരുന്നു ഗ്രൂപ്പിൽ ഉണ്ടായിരുന്നത്. രാത്രി യാത്രയായതു കൊണ്ട് തന്നെ ഫ്ലൈറ്റിനു പുറത്തുള്ള കാഴ്ചകൾ എന്നെ അത്ര ആകർഷിച്ചില്ല. മൂന്ന് മണിക്കൂർ ഉള്ള ഫ്ലൈറ്റ് യാത്ര മടുപ്പിക്കുമോ എന്ന് ചിന്തിച്ചിരുന്ന എനിക്ക് തൊട്ടപ്പുറത്ത സീറ്റിൽ ഒരു സഹയാത്രികനെ കിട്ടി. വളരെ സൗമ്യമായ രീതിയിൽ സംസാരിക്കുന്ന പൂനൈ സ്ഥിര താമസക്കാരനായ ഒരു പാലക്കാട്ടുകാരൻ. ഇന്ത്യക്കകത്തും പുറത്തും പവർ ട്രാൻസ്ഫോമർ ചെക്ക് ചെയ്യാൻ ട്രാവൽ ചെയുന്നു എന്ന് കേട്ടപ്പോൾ തോന്നിയ കൗതുകം പിന്നെ ട്രാവൽ സ്റ്റോറികളിൽ കൊണ്ടെത്തിച്ചു.പ്രായത്തിന്റെ ഗൗരവം ഇല്ലാതെ തന്നെ നോർത്ത് ഇന്ത്യൻ ജീവിത രീതിയും അവിടത്തെ ഫുഡും നാട്ടിലെ വിശേഷങ്ങളുമെല്ലാം പറഞ്ഞു തുടങ്ങി. ഒടുവിൽ മണാലിക്കു പോവുന്നെന്ന് പറഞ്ഞ ഞങ്ങൾക്ക് ഓൾ ദി ബെസ്റ്റും പറഞ്ഞു അയാൾ നടന്നു നീങ്ങിയപ്പോൾ ഡൽഹിയിലെ ഞങ്ങളുടെ ആദ്യ ദിനം ആരംഭിക്കുകയായിരുന്നു. ഡൽഹി ഞങ്ങളെ വരവേറ്റത് തണുപ്പോടു കൂടിയായിരുന്നു. എങ്കിലും തണുപ്പിനെ കാര്യമാക്കാതെ ഞങ്ങൾ എയർപോർട്ടിൽ ഇരുന്നു. ഇതിലും വലുതാണ് ഇനി വരാൻ പോകുന്നതെന്ന തിരിച്ചറിവിൽ. വൈകിട്ട് അഞ്ചു മണിക്ക് മണാലിക്ക് പുറപ്പെടേണ്ട ഞങ്ങൾക്ക് മുന്നിൽ ഡൽഹി കാണാൻ ഒരു പകലാണുള്ളത്. ചുരുങ്ങിയ സമയം കൊണ്ട് എങ്ങിനെ ഡൽഹി കറങ്ങാം എന്ന് ചിന്തിച്ച എനിക്ക് ഒരു അനുഗ്രഹമായി തോന്നിയത് ഡൽഹി മെട്രോയുടെ ആപ്പ് ആണ്. ഡൽഹിയിൽ പോവുന്നെന്ന് പറഞ്ഞപ്പോൾ പലരും മെട്രോയിൽ ട്രാവൽ ചെയ്താൽ മതിയെന്ന് പറഞ്ഞിരുന്നെങ്കിൽ പോലും മെട്രോ അത് വരെ കണ്ടിട്ട് പോലുമില്ലാത്ത എന്നെ സംബന്ധിച്ചിടത്തോളം അതൊരു വലിയ ടാസ്ക് ആയിരുന്നു.മെട്രോ മാപ്പ് കൂടി കണ്ടപ്പോൾ പൈസ ചിലവായാലും വേണ്ടില്ല ടാക്സി വിളിക്കാം എന്ന് തീരുമാനിച്ചായിരുന്നു ഇവിടുന്നു പോയത്.എയർപോർട്ടിനു തൊട്ടു മുൻപിലായി മെട്രോ സ്റ്റേഷൻ കണ്ടപ്പോൾ ട്രൈ ചെയ്തുനോക്കാം എന്ന് തീരുമിച്ച ഞങ്ങൾ പിന്നീട് ആ ദിവസം മുഴുവനായി കറങ്ങിയത് മെട്രോയിൽ തന്നെ ആയിരുന്നു. ഡൽഹി പോലെ ഇത്രയും തിരക്കേറിയ ഒരു നഗരം ഇത്രയും ചുരുങ്ങിയ ചെലവിലും എളുപ്പത്തിലും സഞ്ചാര യോഗ്യമാക്കിയ ഡൽഹി മെട്രോ ആദ്യമെനിക്ക് അത്ഭുദവും പിന്നീട്‌ സന്തോഷവുമാണ് നൽകിയത്.അഞ്ചു മണിക്ക് മുൻപ് കണ്ടു തീരാൻ കഴിയുന്ന സ്ഥലങ്ങൾ ഏതൊക്കെയെന്നു ഏകദേശം ഒരു ഐഡിയ ഉണ്ടാക്കി യാത്ര ആരംഭിച്ചു.ആദ്യ ലക്ഷ്യ സ്ഥാനം കുത്തബ് മിനാർ. കുത്തബ് മിനാർ മെട്രോ സ്റ്റേഷനിൽ ചെന്നിറങ്ങിയപ്പോൾ തന്നെ പുറത്തു ഓട്ടോക്കാരുടെ വലിയ നിര ഉണ്ടായിരുന്നു .കൂടുതൽ വാദ പ്രതിവാദങ്ങൾക്ക് നിൽക്കാതെ ഒരു ഓട്ടോ പിടിച്ചു ഞങ്ങൾ കുത്തബ് മിനാർ ലക്ഷ്യമാക്കി നീങ്ങി.
അപ്പോഴേക്കും വിശപ്പ് ഞങ്ങളെ കടന്നാക്രമിച്ചു തുടങ്ങിരുന്നു.കുത്തബ് മിനാറിനു തൊട്ടടുത്തുള്ള ചായക്കമടയിൽ കയറി ചോളാ ബട്ടൂര ഓർഡർ ചെയ്തു. ചായക്കടയിൽ ടൂറിസ്റ്റ്കാരുടെ തിരക്കുണ്ടെങ്കിലും റോഡ് സൈഡിലിരുന്നു കുത്തബ് മിനാറിന്റെ പശ്ചാത്തലത്തിൽ ചായ കുടിക്കുന്നത് ഒരു അനുഭവമായിരുന്നു.എയർപോർട്ടിൽ നിന്ന് പറന്നുയരുന്ന വിമാനങ്ങൾ കുത്തബ് മിനാറിനു മുകളിലൂടെ പറന്നുയരുന്ന കാഴ്ച ആ രംഗം ഒന്നൂടെ മനോഹരമാക്കി. ഡെൽഹിക്കാർക്കിത് ഒട്ടും പുതുമയില്ലാത്ത കാഴ്ചയാണെങ്കിൽ പോലും ആദ്യമായെത്തുന്നവർ തീർച്ചയായും ക്യാമറയിൽ പതിയണം എന്നാഗ്രഹിക്കുന്ന ഒരു കാഴ്ചയാണിത്. ചായയും കുടിച്ചു കൈയിലിണ്ടായിരുന്ന ബാഗ് ക്ലോക്ക് റൂമിലും വെച്ച് ഞങ്ങൾ കുത്തബ് മിനാർ കോംപ്ലെക്സിലേക്കു കടന്നു.യുനെസ്കോയുടെ വേൾഡ് ഹെറിറ്റേജ് സൈറ്റിൽ ഇടം പിടിച്ച ഇന്ത്യയുടെ പ്രൗഢി ലോകത്തിനു മുൻപിൽ വിളിച്ചോതുന്ന ഒരു മുഗൾ നിർമ്മിതി. ഫോൺ ക്യാമറയിൽ ഒപ്പിയെടുക്കാൻ കഴിയുന്നതിലും മനോഹരമായിരുന്നു ചുറ്റുമുള്ള കാഴ്ചകൾ. പുരാതന ഇന്ത്യയിലെ നിർമ്മിതികളെല്ലാം തന്നെ അത്ഭുദപ്പെടുത്തുന്നതായിട്ടാണ് എനിക്ക് തോന്നീട്ടുള്ളത്. ഒരു പക്ഷെ ഈ ഒരു കാലഘട്ടത്തിൽ ഇത്രെയും മനോഹരമായി കല്ലുകളിൽ അത്ഭുദങ്ങൾ കൊത്തിയെടുക്കുക എന്നുള്ളത് അത്ര എളുപ്പമായിരിക്കില്ല. കുത്തബ് മിനാറിൽ നിന്നിറങ്ങിയ ഞങ്ങൾ ഇന്ത്യ ഗേറ്റ് കാണാൻ തീരുമാനിച്ചു തൊട്ടടുത്ത മെട്രോ സ്റ്റേഷനിലേക്ക് ടിക്കറ്റ് എടുത്തു.ഒരു മെട്രോ സ്റ്റേഷനിൽ ഇത്രയധികം PNB ലോഗോയും പരസ്യങ്ങളും കാണുന്നത് അവിടെയിരുന്നു.ഒരു ബ്രാഞ്ചിൽ കയറിയ പ്രതീതി അതായിരുന്നു എനിക്ക് തോന്നിയത്. നമ്മുടെ കംഫർട്ടു സോണിനപ്പുറം പോയി നമുക്ക് ഇഷ്ട്ടപ്പെട്ടതോ നമുക്ക് പരിചയമുള്ളതോ ആയ എന്തെങ്കിലും കാണുമ്പൊൾ ഒരു ഹോംലി ഫീൽ ഉണ്ടാവുമെന്ന് പറയുന്നത് സത്യമായി തോന്നിയത് സെൻട്രൽ സെക്രട്ടേറിയറ്റ് മെട്രോ സ്റ്റേഷനിൽ എത്തിയപ്പോൾ ആയിരുന്നു.അവിടെയുള്ള ഓരോ നിമിഷവും ഞാൻ ചിന്തിച്ചത് PNB യും മെട്രോ സ്റ്റേഷനും തമ്മിൽ എന്ത് ബന്ധം എന്നായിരുന്നു.PNB@Ease digital initiative ന്റെ ഇന്ത്യയിലെ ആദ്യ ഔട്ട്ലെറ്റ് ആയിരുന്നു ആ സ്റ്റേഷൻ എന്ന് പിന്നീടാണ് ഞാൻ തിരിച്ചറിഞ്ഞത്. പുറത്തിറങ്ങിയപ്പോൾ പതിവുപോലെ ഓട്ടോകൾ നഗരം ചുറ്റികാണിക്കാൻ റെഡി ആയി നില്പുണ്ടായിരുന്നു.സമയക്കുറവു മൂലം ചുരുങ്ങിയ സമയത്തിനുള്ളിൽ കണ്ടു തീർക്കാവുന്ന ഡൽഹിയിൽ എത്തിയാൽ തീർച്ചയായും കണ്ടിരിക്കേണ്ട കുറച്ചു സ്ഥലങ്ങൾ കാണിക്കാൻ ഓട്ടോക്കാരനോട് ആവശ്യപ്പെട്ടു.
ടൂറിസ്റ്റ് ഗൈഡിന്റെ ജോലി കൂടി ഏറ്റെടുത്ത അയാൾ ഡൽഹിയുടെ ഹൃദയ ഭാഗത്തൂടെ വണ്ടിയെടുത്തു. രാഷ്‌ട്രപതി ഭവനും പാർലമെൻറ് മന്ദിരവുംകടന്നു ഞങ്ങൾ ഇന്ത്യ ഗേറ്റിനു മുൻപിൽ എത്തിയപ്പോളേക്കും സമയം ഉച്ച കഴിഞ്ഞിരുന്നു. അവിടെ നിന്നിറങ്ങിയ ഞങ്ങൾ ഡൽഹിയിലെ പുരാതനമായ വളരെയധികം പറഞ്ഞുകേട്ട ചാന്ദിനി ചൗക്ക് മാർക്കറ്റിലേക്ക് ടിക്കറ്റ് എടുത്തു. മെട്രോ സ്റ്റേഷന് തൊട്ടു മുൻപിലായി മാർക്കറ്റ് ഉള്ളതിനാൽ അധികം ബുദ്ധിമുട്ടേണ്ടി വന്നില്ല മാർക്കറ്റ് കണ്ടെത്താൻ.സൂചി കുത്താനിടമില്ലാത്ത വണ്ണം തിക്കും തിരക്കും നിറഞ്ഞ മാർക്കറ്റിലൂടെ തിരക്കിനൊപ്പം ഞങ്ങളും നീങ്ങി.മാർക്കറ്റ് ഉണർന്ന സമയമായതിനാൽ അവിടെ നിന്ന് തിരിച്ചിറങ്ങാൻ കഴിയാത്ത വിധം തിരക്കായിരുന്നു. ഒടുവിൽ പോവുന്ന ദിക്കിലുള്ള മെട്രോ സ്റ്റേഷൻ ഏതൊക്കെയെന്നു സെർച്ച്ചെയ്ത ഞങ്ങൾ ഗൂഗിൾ മാപ്പുമായി നടക്കാൻ ആരംഭിച്ചു . കുറച്ചു നടന്നു തുടങ്ങിയപ്പോഴെക്കും റെഡ് ഫോർട്ട് ഞങ്ങൾക്ക് മുൻപിൽ തെളിഞ്ഞു വന്നു കൊണ്ടിരുന്നു. സമയം വളരെയധികം വൈകിയതിനാൽ റെഡ് ഫോർട്ടിനകത്തു കടക്കാതെ ഞങ്ങൾ ലാൽ ക്വില മെട്രോ സ്റ്റേഷനടുത്തേക്ക് നടന്നു.അവിടെ നിന്ന് വിധാൻ സഭയിലേക്ക് ടിക്കറ്റ് എടുത്തു.അതിനടുത്തുള്ള മജ്നു ക ടില ആയിരുന്നു അപ്പൂപ്പന്താടിയുടെ സ്റ്റാർട്ടിങ് പോയിന്റ്. ഡെൽഹിക്കകത്തു ടിബറ്റൻ റെഫ്യൂജി കോളനി ഉണ്ടെന്നു കേട്ടപ്പോൾ കാണണം എന്ന് മനസ്സിലാഗ്രഹിച്ചതായിരുന്നു മജ്നു ക ടിലയും അവരുടെ മാർക്കറ്റും. ടിബറ്റൻ ചൈനീസ് ഫുഡിന് പേരുകേട്ട മാർക്കറ്റിൽ പക്ഷെ ഞങ്ങൾക്ക് ചിലവഴിക്കാൻ സമയം ഇല്ലാത്തതിനാൽ ഒരു നൂഡിൽസിൽ കാര്യം തീർത്ത ഞങ്ങൾ മാർക്കറ്റിനു പുറത്തിറങ്ങി. അപ്പോഴേക്കും ഞങ്ങൾക്കൊപ്പമുള്ളർ എത്തി തുടങ്ങിരുന്നു .ആറു മണിയായപ്പോളേക്കും എല്ലാവരും പരസ്പരം പരിചയപെട്ടു റെഡി ആയി ബസും കാത്തുനിൽപ്പായി . ഡൽഹിയിൽ നിന്ന് മണാലിക്ക് പോവുന്ന ആളുകളും ടൂറിസ്റ്റ് ബസുകളും ഒട്ടനവധി ഉണ്ടായിരുന്നു ആ പ്രദേശത്ത്‌ . ഒടുവിൽ കണ്ടു തീരാത്ത ഡെൽഹിയോട് യാത്ര പറഞ്ഞു അപ്പൂപ്പന്താടിക്കൊപ്പം യാത്ര ആരംഭിച്ചു. ഒരുപാടു നാളായി സ്വപ്നങ്ങളിൽ വന്നെന്ന മോഹിപ്പിച്ച മണാലിയെ തൊട്ടറിയാൻ. ഒരു രാത്രിക്കിപ്പുറം പാരാഗ്ലൈഡിങ്ങും, റിവർ റാഫ്റ്റിംഗും ,മഞ്ഞു പെയ്യുന്ന സോളാങ് വാലിയുമെന്നെ കാത്തിരിക്കുന്നെന്ന തിരിച്ചറിവ് സന്തോഷത്തേക്കാളുപരി സംതൃപ്തിയാണെനിക്ക് നൽകിയത്. 


Friday 23 September 2022

CITY OF DREAMS

 "സിറ്റി ഓഫ് ഡ്രീംസ് " എവിടെയോ വായിച്ചു കേട്ടതാണ് . പലപ്പോഴായി മനസ്സിൽ പതിഞ്ഞ ഒന്നായിയിരുന്നു സ്വപ്നങ്ങളുടെ നഗരം. എന്തു കൊണ്ടാണ് മുംബൈ പലർക്കും ഒരു വികാരമാവുന്നത് എന്ന് ഇടക്കെങ്കിലും ഞാനും ചിന്തിച്ചിരുന്നു. പക്ഷെ വെറും ദിവസങ്ങൾ കൊണ്ട് തന്നെ  എനിക്കും മുംബൈ പ്രിയപ്പെട്ടതായി  മാറിയിരുന്നു.ചിലർക്ക് ചില സ്ഥലങ്ങൾ മറ്റുചിലർക്ക് ജീവിതത്തിൽ കടന്നു വരുന്ന ചില ആളുകൾ  അതല്ലെങ്കിൽ അപ്രതീക്ഷിതമായി നടക്കുന്ന ചില സംഭവങ്ങൾ എല്ലാം മനസ്സിൽ മായാതെ കിടക്കും.എന്നെ സംബധിച്ചിടത്തോളം എനിക്ക് അതായിരുന്നു മുംബൈ. രണ്ടു വർഷത്തിനിപ്പുറം ഫോൺ ഗാലറിയിൽ കണ്ട ചില ഫോട്ടോസ് വീണ്ടും എന്നെ ചിന്തിപ്പിച്ചു. വ്യക്തമായി യാതൊരു പ്ലാനും ഐഡിയയും ഇല്ലാതെ കണ്ട ഒരു സിറ്റി  ഇന്നും എനിക്ക് പ്രിയപെട്ടതാവുന്നത് എന്തു കൊണ്ടായിരിക്കാം. എഴുതാൻ മറന്ന ഒരധ്യായം  വീണ്ടും എഴുതാനിരിക്കുന്നത് ഒരു തരത്തിൽ ഒരോർമ്മപ്പെടുത്തലാണ്. കാലം കഴിയും തോറും മാറുന്ന ചിന്തയും കാഴ്ചപ്പാടുകളും വേർതിരിച്ചറിയാൻ പലപ്പോഴും പിറകിലേക്ക് കണ്ണോടിച്ചാൽ മതിയല്ലോ.

ആദ്യ ഫ്ലൈറ്റ് യാത്ര ഒരു പക്ഷെ ആർക്കും എളുപ്പത്തിൽ മറക്കാൻ കഴിയില്ല. ഇത്രയും ദൂരം ആദ്യമായി ഒറ്റയ്ക്ക് യാത്ര ചെയ്യാൻ തീരുമാനിക്കുമ്പോളും ഒരോളത്തിനൊപ്പം ഒഴുകുന്ന പുഴ എന്ന മട്ടായിരുന്നു എനിക്ക്. പക്ഷെ നമ്മൾ എടുക്കുന്ന പല തീരുമാനങ്ങൾക്ക് പിറകിലും നമ്മളെ സ്വാധീനിക്കുന്ന ഒരുപാടുപേരുണ്ടാവും. സ്വയം പല വാദ പ്രതിവാദങ്ങൾക്കും ശേഷമാണ് ഇനി മുംബൈ കണ്ടിട്ട് തന്നെ കാര്യം എന്നു തീരുമാനിച്ചതും. മുംബൈ യ്ക്ക് പോവാൻ കൂടെ ഒരു ഫ്രണ്ടിനെ കിട്ടിയത് കൊണ്ട് തന്നെ ഒറ്റയ്ക്ക് പോവുന്ന പേടി ഒന്നും ഇല്ലായിരുന്നു. യാത്ര പോവുമ്പോൾ കാണേണ്ട സ്ഥലത്തിന്റെ ഹിസ്റ്റോറിക്കൽ ബാക്ക്ഗ്രൗണ്ട് അല്ലെങ്കിൽ കാണുന്നത് എന്ത് എന്ന ബേസിക് ഐഡിയ വേണമെന്ന  സിദ്ധാന്തമൊന്നും അന്നില്ലായിരുന്നു. സിനിമകളിൽ കണ്ടു മറന്ന ലൊക്കേഷനുകൾ,  ചേരികൾ, മുംബൈ അടക്കിവാഴുന്ന ഗുണ്ടാ നേതാക്കൾ, പലപ്പോഴായി സിനിമകളിൽ പഞ്ചിനു ഉപയോഗിക്കുന്ന ധാരാവി എന്ന് തുടങ്ങി 26/11  terrorist അറ്റാക്ക് വരെ പലപ്പോഴായി മനസ്സിൽ  മിന്നി മാഞ്ഞിരുന്നു. 
പക്ഷെ ഞാൻ കണ്ട മുംബൈ തികച്ചും ശാന്തമായിരുന്നു. അവിടെയെത്തിയ നിമിഷം മുതൽ കേട്ട കഥകളെല്ലാം ഞാൻ സൗകര്യപൂർവ്വം മറന്നു തുടങ്ങിയിരുന്നു . അവിടന്നങ്ങോട്ട് പുതിയ ഒരു അനുഭവമായിരുന്നു.  "Happiness is a state of mind" എന്നത് മനസിലാക്കാൻ ചിലപ്പോൾ ചില സാഹചര്യങ്ങൾ വേണ്ടി വരും. വെറും രണ്ടു മണിക്കൂറിന്റെ ദൈർഘ്യത്തിൽ എന്റെ കാഴ്ചപ്പാടുകൾ വരെ മാറി മറിഞ്ഞപ്പോൾ ഞാൻ മനസ്സിൽ പലരോടും നന്ദി പറഞ്ഞു.

എയർപോർട്ടിൽ നിന്ന് അറിയാവുന്ന ഹിന്ദിയിൽ സിറ്റി  കാണണം എന്ന് ടാക്സി ഡ്രൈവറോടു പറഞ്ഞപ്പോൾ  ആദ്യം ഞങ്ങളെ കൊണ്ട് എത്തിച്ചത്  താജ് ഹോട്ടലിനു മുൻപിലായിരുന്നു. അവിടന്നങ്ങോട്ട് മുംബൈ നഗരം എനിക്ക് സ്വപ്നം പോലെ ആയിരുന്നു. യാത്രക്കിടയിൽ ടാക്സി ഡ്രൈവർ  ടൂറിസ്റ്റ് ഗൈഡിന്റെ പണി കൂടി ഏറ്റെടുത്തപ്പോൾ കാര്യങ്ങൾ എളുപ്പമായി.bandra worli sea link, marine drive, wankhade stadium  തുടങ്ങി ടാക്സി നീങ്ങുമ്പോൾ സ്വപ്ന ലോകത്തിൽ എത്തിയ അവസ്ഥയായിരുന്നു അന്നെനിക്ക്‌ . മുകേഷ് അംബാനിയുടെ ആഡംബര മാളിക മുതൽ മുംബൈയിലെ ലോക്കൽ സ്ട്രീറ്റ് വരെ പോകുന്ന വഴിക്ക് കാണിച്ചു തരാൻ ആ ഡ്രൈവർ മറന്നില്ല . മുംബൈയിലെത്തിയാൽ ഉബറിൽ ടാക്സി ബുക്ക് ചെയ്യണം എന്ന് തുടങ്ങിയ പല ഉപദേശങ്ങളുടെയും വില അന്നെനിക്ക് മനസിലായി.

മുംബൈയിലെ മറക്കാനാവാത്ത അനുഭവങ്ങളിൽ ഒന്ന് അവിടത്തെ ലോക്കൽ ട്രെയിനും CST റെയിൽവേ സ്റ്റേഷനുമാണ്. മുംബൈയുടെ സ്പന്ദനംഅനുഭവിച്ചറിയാൻ ലോക്കൽ ട്രെയിനുകളിൽ യാത്ര ചെയ്യണം എന്ന് പറയുന്നത് എന്തെന്നറിയാൻ  CST യിൽ പോയാൽ മതി. രാത്രിയിൽ ലൈറ്റുകളുടെ വെട്ടത്തിൽ അലംകരിച്ചു നിൽക്കുന്ന CST മുംബൈക്കാരെ സംബന്ധിച്ചിടത്തോളം അവരുടെ സ്വകാര്യ അഹങ്കാരമാണ്. ഒരു നിമിഷത്തേക്കെങ്കിലും എല്ലാം മറന്നു ആ കാഴ്ച ആസ്വദിക്കാത്തവരായി ആരും തന്നെ അവിടെ ഉണ്ടാവില്ല. അവിടത്തെ ബഹുഭൂരിപക്ഷം ജനങ്ങളും ട്രെയിനിനെ ആശ്രയിച്ചാണിരിക്കുന്നതെന്നു തോന്നും തിരക്ക് കണ്ടാൽ. ഓരോ ട്രെയിൻ വരുമ്പോഴും മാറി മറയുന്ന പല ഭാഷക്കാരായ പല സംസ്കാരമുള്ള പല ചിന്താഗതിയിലുള്ള ജനത. ഇത്രെയും വൈവിധ്യം നിറഞ്ഞ ഒരു ജനക്കൂട്ടത്തെ മുമ്പൊരിക്കലും ഞാൻ കണ്ടിട്ടില്ലായിരുന്നു. എവിടെ നിന്നോ വരുന്നു എവിടേക്കോ പോവുന്നു. ട്രെയിൻ പോയിക്കഴിഞ്ഞാൽ പിന്നീടവിടം ശാന്തമായി.

മുംബൈയിൽ ഒരാഴച ഉണ്ടായിരുന്നിട്ടു കൂടെ കാണാൻ മറന്ന കാഴച്ചകളായിരുന്നു കൂടുതൽ എന്നാണെനിക്കു തോന്നുന്നത്. അന്നൊരു പക്ഷെ എന്റെ പ്ലാനിൽ ഇല്ലാതിരുന്ന സ്ഥലമായിരുന്നത് കൊണ്ടാവാം. എങ്കിലും ലോക്കൽ ദാബ ഫുഡ് മുതൽ വട പാവും പാനി പുരിയും വരെ കിട്ടിയതൊക്കെ ടേസ്റ്റ് ചെയ്യാൻ മറന്നിരുന്നില്ല.മുംബൈ ഇന്നെനിക്കും ഡ്രീം സിറ്റി തന്നെ ആണ് . വീണ്ടും വീണ്ടും കാണണം എന്നാഗ്രഹമുള്ള സ്ഥലങ്ങളിൽ ഒന്ന്. പലതരത്തിൽ എന്റെ ചിന്തകളെ സ്വാധീനിച്ച സ്ഥലങ്ങളിൽ ഒന്ന്.ഇന്നെന്റെ  ചിന്തകൾക്കും സ്വപ്നങ്ങൾക്കും ചിറകുകളുള്ളത് കൊണ്ട് തന്നെ ഒന്നല്ല ഒരുപാടു തവണ എത്തുമെന്ന് ഞാൻ എന്നെത്തന്നെ സ്വയം ഓർമ്മപ്പെടുത്തുന്ന സ്ഥലങ്ങളിൽ ഒന്ന്. 




Tuesday 9 August 2022

HAMPI

 ഹംപിയിലെ രണ്ടാംദിവസം ഞങ്ങളാരംഭിക്കുന്നത് പുലർച്ചെ നാലുമണിയോട് കൂടിയാണ്. മാതംഗ ഹില്ലിൽ നിന്നുള്ള സൂര്യോദയം, അതായിരുന്നു ആദ്യ പ്രോഗ്രാം. ഹംപി മനസ്സിൽ കയറിക്കൂടിയത് കൊണ്ട് തന്നെ അലാറം പോലും വേണ്ടി വന്നില്ല രാവിലെ എണീക്കാൻ. മല നിരകളാൽ ചുറ്റപെട്ടതാണ് ഹംപിയുടെ ഭൂപ്രകൃതി. മാതംഗ ഹില്ലും ഹേമകൂട ഹില്ലും ഇന്നും പഴയ പ്രതാഭത്തോടെ തലയുയർത്തി നിൽക്കുന്നുണ്ടിവിടെ.



ഹംപിയിൽ സഞ്ചാരികളെ ആകർഷിക്കുന്ന പ്രധാന ഘടകങ്ങളിൽ ഒന്ന് ഈ മലനിരകൾ തന്നെയാണ്. പൊതുവെ ട്രെക്കിങ്ങ് ഇഷ്ടമുള്ളത് കൊണ്ട് തന്നെ മാതംഗ ഹിൽ എനിക്ക് അത്ര ബുദ്ധിമുട്ടായി തോന്നിയില്ല. മൊബൈൽ ഫോണിന്റെ വെളിച്ചത്തിൽ മല കയറിയ ഞങ്ങൾ വിചാരിച്ചതിലും നേരത്തെ മുകളിൽ എത്തിച്ചേർന്നു.പിന്നീട്‌ സൂര്യോദയത്തിനായുള്ള കാത്തിരിപ്പ് ആയിരുന്നു. വീണ്ടും മേഘങ്ങൾ ഞങ്ങൾക്ക് വില്ലനായി വന്നു. ആശിച്ചു കാണാൻ പോയ സൂര്യോദയം മുടങ്ങിയ ഞങ്ങളെ പക്ഷെ മാതംഗ ഹില്ലിൽ നിന്നുള്ള കാഴ്ച ഒരു നിമിഷം അത്ഭുത സ്തബ്ധരാക്കി. 
At the top of Matanga hill
ഹംപി നഗരം മുഴുവൻ ഒരു ക്യാൻവാസിലെന്ന പോലെ കണ്മുന്നിൽ തെളിഞ്ഞപ്പോൾ നഷ്‌ടമായ സൂര്യോദയത്തിന്റെ കാര്യം പോലും മറന്നു പോയി. ഹംപിയെ തേടിയെത്തുന്നവർ തീർച്ചയായും കണ്ടിരിക്കേണ്ട ഒന്നാണ് മാതംഗ ഹിൽ.മാതംഗ ഹില്ലിൽ നിന്നിറങ്ങിയ ഞങ്ങൾ പിന്നീട് പോയത് തൊട്ടടുത്തുള്ള അച്യുതരായ ടെമ്പിളിലേക്കാണ് . ഹംപിയിലെ ക്ഷേത്രങ്ങളെല്ലാം തന്നെ കൊത്തുപണികളാൽ സമ്പന്നമാണ്. ആദ്യദിവസം ഞങ്ങൾ പോയ ഹസാര രാമ ടെമ്പിളിൽ രാമായണ കഥ കൽ ചുമരുകളിലാണ് കൊത്തിവെച്ചിരിക്കുന്നത്. ഹംപിയുടെ ഓരോ കോണിലും ക്ഷേത്രങ്ങളാണ്. ചെറുതും വലുതുമായ ഒട്ടനേകം ക്ഷേത്രങ്ങൾ. നരസിംഹ വിഗ്രഹവും മസ്റ്റാർഡ് ഗണപതി ടെമ്പിളും സന്ദർശിച്ച ശേഷം ഞങ്ങൾ ഹംപിയിലെ കൊട്ടത്തോണി യാത്രക്കായി പുറപ്പെട്ടു. ഹംപിയിൽ പൊതുവെ ചൂട് കൂടുതലാണെന്നു കേട്ടിരിക്കുന്നതെങ്കിലും ഞങ്ങൾ പോയ കാലാവസ്ഥ വളരെ അനുകൂലമായാണ് എനിക്ക് തോന്നിയത്. തുംഗഭദ്ര നദിക്കു ഹംപിയുടെ ചരിത്രത്തിൽ വലിയ പ്രാധാന്യമാണുള്ളത്‌ . ഒരു കാലത്തു ഹംപിയെ ഇന്ത്യയിലെ തന്നെ വലിയ വാണിജ്യ വ്യവസായ കേന്ദ്രമാക്കി മാറ്റുന്നതിൽ തുംഗഭദ്ര നദിക്കുള്ള സ്ഥാനം ചെറുതല്ല.മുൻപൊരിക്കൽ കൊട്ടത്തോണിയിൽ യാത്ര ചെയ്തിട്ടുള്ളത് കൊണ്ട് തന്നെ ഹംപിയിലെ കൊട്ടത്തോണിയേക്കാൾ എന്നെ ആകർഷിച്ചത് ചുറ്റുമുള്ള കാഴ്ചകൾ തന്നെ ആയിരുന്നു.
View from matanga hill

വിരൂപാക്ഷ ടെമ്പിളിൽ നിന്ന് തുടങ്ങിയ ഞങ്ങടെ ട്രിപ്പിന്റെ അവസാനം ഹേമകൂട ഹിൽ ആയിരുന്നു. എന്തിനാണ് രണ്ടു മല കയറാൻ പോകുന്നതെന്ന് തുടക്കത്തിൽ ചിന്തിച്ച എനിക്കുള്ള ഉത്തരം അവിടെ തന്നെ ഉണ്ടായിരുന്നു. മാതംഗ ഹില്ലിൽ നിന്നും തികച്ചും വ്യത്യസ്‌തമാണ്‌ ഹേമകൂട ഹിൽ. ഇവിടെ മുഴുവൻ ക്ഷേത്രവശിഷ്ടങ്ങളാണ്. ഹേമകൂട ഹില്ലിന്റെ ഒരുവശത്തായാണ് വിരുപക്ഷ ടെമ്പിളുള്ളത്.ഹേമകൂട ഹിൽ ചുരുക്കത്തിൽ ഒരു ക്ഷേത്ര സമുച്ചയമാണ്.രണ്ടു ദിവസം മുഴുവൻ ഹംപിയിൽ കറങ്ങിയിട്ടും കണ്ടതിലേറെ ഇനിയും കാണാൻ ഉണ്ടെന്ന ഒരു തോന്നൽ അതായിരുന്നു എന്നിൽ അവശേഷിച്ചതിന്.ഹംപി തീർച്ചയായും വ്യക്തമായ പ്ലാനിങ്ങോട് കൂടി വരേണ്ട ഒരു സ്ഥലമാണ്. കടകളും ഹോട്ടലുകളും വിരലിലെണ്ണാവുന്നത് മാത്രം. അപ്പൂപ്പൻതാടിക്കൊപ്പം പോയത് കൊണ്ട് തന്നെ ഹംപിയിലെ ലോക്കൽ ആളുകളുടെ സഹായം രണ്ടു ദിവസം മുഴുവനായി ഞങ്ങൾക്കൊപ്പം ഉണ്ടായിരുന്നു.ഹോസ്പെട്ട് റെയിൽവേ സ്റ്റേഷനിൽ എത്തിയത് തൊട്ടു തുടർച്ചയായി രണ്ടു ദിവസം ഞങ്ങൾക്കായി ഓട്ടോ ഓടിച്ച ഓട്ടോ ചേട്ടന്മാരും , ഹംപിയുടെ കഥ പറഞ്ഞിട്ടും തീരാത്ത ടൂർ ഗൈഡും, തനി ഹംപി സ്റ്റൈലിൽ ഞങ്ങൾക്കായി ഭക്ഷണം പാകം ചെയ്ത ചേച്ചിമാരും എന്ന് വേണ്ട എല്ലാവരും ചേർന്ന് ഹംപി മനോഹരമായ ഒരുനുഭവമാക്കി തീർത്തു. ഹംപിയിൽ എത്തുന്നവർ കണ്ടിരിക്കേണ്ട മറ്റൊരു സ്ഥലം ആഞ്ജനേയദ്രി ഹിൽ ആണ്. ഹിന്ദു പുരാണങ്ങൾ പ്രകാരം ഹനുമാന്റെ ജന്മസ്ഥലമാണ് ആഞ്ജനേയദ്രി ഹിൽ.

ഏകദേശം 575  കാൽപ്പടവുകൾ താണ്ടി വേണം മലമുകളിലെ അമ്പലത്തിലെത്താൻ. സമയകുറവും ട്രെക്കിങ് ബുദ്ധിമുട്ടും ഉള്ളത് കൊണ്ട് തന്നെ ഞങ്ങടെ ലിസ്റ്റിൽ ഇല്ലാത്ത ഒരു സ്ഥലമായിരുന്നു ആഞ്ജനേയദ്രി ഹിൽ.ഹനുമാന്റെ സ്വന്തം നാടായത് കൊണ്ട് തന്നെ കുരങ്ങന്മാർക്ക് ഒരു പഞ്ഞവും ഇല്ല ഹംപിയിൽ.ഹംപിയിലെത്തുന്നവർ സൂക്ഷിക്കേണ്ട ഒന്ന് ഇവരെയാണ്.ഹംപി പലർക്കും പല അനുഭവങ്ങളാണ് സമ്മാനിക്കുന്നത്. ചിലർക്കിതു വെറും അവശിഷ്ടങ്ങളായിരിക്കാം. വെറും കല്ലുകളായിരിക്കാം .പക്ഷെ ഹംപിയെ അറിഞ്ഞെത്തുന്നവർക്ക് ഇത് തീർച്ചയായും വേറൊരു ലോകമാണ്. വാക്കുകൾക്കതീതമായ ഒരനുഭവമാണ്. 





Monday 8 August 2022

HAMPl

 രണ്ടു മാസം കാത്തിരുന്ന് കിട്ടിയ പോസ്റ്റിംഗിനു റെഫ്യൂസൽ ലെറ്ററും കൊടുത്ത്‌ അതിന്റെ ഹാങ്ങ് ഓവറിൽ ഇരിക്കുമ്പോളാണ് അപ്പൂപ്പൻതാടിയുടെ ഹംപി ട്രിപ്പിന്റെ നോട്ടിഫിക്കേഷൻ വരുന്നത്.പല തവണ പോവാൻ ആഗ്രഹിച്ച സ്ഥലമായതുകൊണ്ട് തന്നെ മറ്റൊന്നും ചിന്തിക്കാതെ ബുക്ക് ചെയ്തു. ഒന്നര മാസം മുൻപ് തന്നെ ട്രിപ്പും പ്ലാൻ ചെയ്ത് ട്രെയിൻ ടിക്കറ്റും ബുക്ക് ചെയ്ത എനിക്ക് പക്ഷെ അൻപതു രൂപ നോട്ടിന് പുറകിലെ stone chariot ആയിരുന്നു അന്ന് ഹംപി. അതിനപ്പുറം ഒരു വലിയ സംസ്കാരം,ഒരു വലിയ ചരിത്രമുറങ്ങുന്ന മണ്ണാണ് ഹംപി എന്ന തിരിച്ചറിവുണ്ടായത് പിന്നീടുള്ള ദിവസങ്ങളിൽ ആയിരുന്നു. അറിയും തോറും നമ്മേ ആകർഷിക്കുന്ന ഹംപി. ഐതിഹ്യങ്ങളും പുരാണങ്ങളും സത്യമോ മിഥ്യയോ എന്ന് ഒരു നിമിഷമെങ്കിലും ചിന്തിച്ചു പോവും ഇവിടെ വന്നാൽ. ഇവിടെ കല്ലുകൾ കഥ പറയുന്നു, മണ്മറഞ്ഞു പോയ വിജയനഗര സാമ്രാജ്യത്തിന്റെ കഥ. 

Stone chariot

 നഗരത്തിന്റെ തിരക്കുകളിൽ നിന്ന് അകന്നു മാറി വളരെ കുറച്ചു ജനസംഖ്യയുള്ള വികസനം വളരെ കുറവ് മാത്രമുള്ള ഒരു പ്രദേശം. ഹംപി നഗരത്തോട് ചേർന്നു കിടക്കുന്ന ഹോസ്പെറ്റ് റെയിൽവേ സ്റ്റേഷനിൽ നിന്നായിരുന്നു അപ്പൂപ്പൻതാടിയുടെ യാത്ര തുടങ്ങുന്നത് ( അപ്പൂപ്പൻതാടി ഒരു ലേഡീസ് ട്രാവൽ ഗ്രൂപ്പ് ആണ് ). ബാംഗ്ലൂരിൽ നിന്ന് രാത്രി പുറപ്പെടുന്ന ഹംപി എക്സ്പ്രസ്സ് രാവിലെ 7 മണിക്ക് ഹോസ്പെറ്റിൽ എത്തി ചേരും. ഞങ്ങൾ 23 പേരായിരുന്നു ഇത്തവണ അപ്പൂപ്പൻതാടിക്കൊപ്പം ഹംപി കാണാൻ പുറപ്പെട്ടത്.ഹംപിയിൽ പ്രധാനമായും രണ്ടുതരത്തിലുള്ള സ്മാരകങ്ങൾ ആണ്‌ ഇന്നവശേഷിക്കുന്നത്. എണ്ണിയാൽ തീരാത്ത ആരാധനാലയങ്ങൾ ഒരു വശത്തും തകർന്നടിഞ്ഞ രാജവംശത്തിന്റെ അവശിഷ്ടങ്ങൾ മറു വശത്തും. വിരുപാക്ഷ ടെമ്പിളിൽ നിന്നു ടൂർ ഗൈഡ് ഞങ്ങൾക്കൊപ്പം ചേർന്നു.ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങളിൽ പോവുമ്പോൾ ടൂർ ഗൈഡ് വേണമെന്ന യാഥാർത്യം  തിരിച്ചറിഞ്ഞ യാത്ര കൂടിയായിരുന്നു ഇത്. ഹംപിയുടെ പ്രധാന ആകർഷണങ്ങളിൽ ഒന്ന് വിരൂപാക്ഷ ടെമ്പിൾ ആണ്. ഒരു ക്ഷേത്രം എന്നതിലുപരി art and architecture വിസ്മയം അതാണ് ഇവിടുള്ള തൂണുകളും ശില്പങ്ങളും. ശാസ്ത്രവും സാങ്കേതിക വിദ്യയും ഇത്രയേറെ വികസിച്ച ഈ കാലഘട്ടത്തിൽ നിന്ന് തിരിഞ്ഞു നോക്കുമ്പോൾ ഹംപിയിൽ അവശേഷിക്കുന്നതെല്ലാം അത്ഭുതമാണ്. കാലത്തിനു മുൻപേ സഞ്ചരിച്ച പ്രതിഭകൾ. വിരൂപാക്ഷ ടെമ്പിൾ ഗോപുരത്തിന്റെ inverted ഇമേജ് ക്ഷേത്രത്തിനകത്തെ ചുമരിൽ പ്രതിഫലിച്ചു കണ്ട നിമിഷം ഹംപിയിൽ ഒളിഞ്ഞിരിക്കുന്ന അത്ഭുദങ്ങളിൽ ഒന്നിതാണെന്നു ഞാൻ തിരിച്ചറിഞ്ഞു. Pin hole camera effect എന്ന ഒരു പ്രതിഭാസം വെറും കല്ലുകളാൽ തീർത്തു ലോകത്തിനു മുൻപിൽ സമർപ്പിച്ച വിജയനഗര സാമ്രാജ്യം. ഹംപിയിൽ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മളവരിൽ അഭിമാനം കൊള്ളും. വിരൂപാക്ഷ ടെമ്പിളിൽ നിന്ന് ഞങ്ങൾ പോയത് വിജയ വിതല ടെമ്പിളിലെക്കാണ്.അവിടെ എത്തിയപ്പോൾ ആദ്യം കണ്ണുടക്കിയത് stone  chariot  ആണ്. ഇവിടത്തെ മറ്റൊരു പ്രധാന ആകർഷണമാണ് musical pillers. കൽത്തൂണുകളിൽ തട്ടിയാൽ വാദ്യോപകരണങ്ങളുടെ ശബ്ദം പുറപ്പെടുവിക്കുന്ന തൂണുകൾ. ആളുകളുടെ ഉപയോഗത്തിൽ പല തൂണുകളും നശിച്ചത് കൊണ്ട് തന്നെ ഇന്ന് നമുക്ക് അത് ആസ്വദിച്ചറിയാൻ മണ്ഡപത്തിലേക്ക് പ്രവേശനമില്ല. വിജയ വിതല ടെമ്പിളിൽ നിന്നിറങ്ങിയ ഞങ്ങളുടെ അടുത്ത ലക്‌ഷ്യം നൂറ്റാണ്ടുകളോളം ഹംപിയെ ഭരിച്ച രാജവംശം അടുത്തറിയുക എന്നതായിരുന്നു. കൂറ്റൻ മതിലുകളാൽ ചുറ്റപ്പെട്ട പ്രദേശം. കൊട്ടാരങ്ങളെല്ലാം നശിപ്പിക്കപ്പെട്ടിരിക്കുന്നു. ഇന്നവശേഷിക്കുന്നത് അവയുടെ ബേസ്‌മെന്റ്സ് മാത്രമാണ്.
Lotus mahal 

ലോട്ടസ് മഹൽ എന്നറിയപ്പെടുന്ന റാണി മാരുടെ സമ്മർ പാലസ് ഇന്നുമൊരലങ്കാരമായി നിലകൊള്ളുന്നുണ്ടവിടെ. പാലസിലേക്ക് ഇന്ന് യാത്രക്കാർക്ക് പ്രവേശനമില്ല. ലോട്ടസ് മഹൽ പോലെ തന്നെയുള്ള മറ്റൊരു ആകർഷണം  elephant stable  ആണ്. റോയൽ എലിഫന്റ്സിനു വേണ്ടി പണി തീർത്ത മാളിക. ആനക്കും ആനപാപ്പാനും ഇത്രേം വലിയ മാളികയാണേൽ ചുറ്റിലും തകർന്നടിഞ്ഞു കിടക്കുന്ന രാജകൊട്ടാരത്തിന്റെ വ്യാപ്തി നമുക്ക് ഊഹിക്കാവുന്നതേ ഉള്ളൂ.Queens bath ,Pushkarni, Mahanavami dibba, underground Shiva temple തുടങ്ങി പിന്നീടു പോയ സ്ഥലങ്ങൾ എല്ലാം തന്നെ ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ നമ്മേ അത്ഭുതപെടുത്തികൊണ്ടിരിക്കും. ഹംപിയിലെ മനോഹരമായ ആർക്കിടെക്ചർ വിസ്മയത്തിൽ എടുത്തു പറയേണ്ട ഒന്നാണ് പുഷ്കരണി.ക്ഷേത്രങ്ങളോട് ചേർന്ന് കാണപ്പെടുന്ന സ്റ്റപ്പ്ഡ് വെൽ.
Elephant stable 

ആദ്യദിവസത്തെ ഞങ്ങളുടെ അവസാന പ്രോഗ്രാം മഹാനവമി ടിബ്ബയിൽ നിന്നുള്ള സൂര്യാസ്തമയം ആയിരുന്നു. അവിടേക്ക് പോകും വഴിക്ക് മറ്റൊന്ന് കൂടി കണ്ടു.secret chamber എന്നറിയപ്പെടുന്ന ഒരു അണ്ടർ ഗ്രൗണ്ട് റൂം. രാജാക്കന്മാരും സൈനിക തലവന്മാരും തന്ത്രങ്ങൾ മെനഞ്ഞിരുന്ന പുറത്തു നിന്നുള്ളവർക്ക് എളുപ്പം മനസിലാക്കാൻ കഴിയാത്ത ഒരു അണ്ടർ ഗ്രൗണ്ട് റൂം.secret chamberil  നിന്നിറങ്ങിയ ഞങ്ങൾ പിന്നീട്‌ മഹാനവമി ടിബ്ബ ലക്‌ഷ്യം വെച്ച് നീങ്ങി. മേഘങ്ങൾ സൂര്യാസ്തമയം മുടക്കിയെങ്കിലും , ഒരു കാലത്തെ രാജാക്കന്മാരുടെ രാജ സദസ്സിലാണ് നിന്നതെന്നെ ചാരിതാർഥ്യത്തോടെയാണ് ഞങ്ങൾ മവനവമി ടിബ്ബയിൽ നിന്നിറങ്ങിയത്. തിരിച്ചു നടക്കുമ്പോൾ വിരൂപാക്ഷ ടെമ്പിളിനടുത്തായുള്ള മാർക്കറ്റ് ഒന്നുണർന്ന പോലെയാണ് തോന്നിയത്. നൂറ്റാണ്ടുകളോളം ഹംപിക്ക് അലങ്കാരമായി തല ഉയർത്തിനിൽകുന്ന വിരൂപാക്ഷ ടെമ്പിളും കടന്നു റൂമിലേക്ക് നീങ്ങിയപ്പോൾ മനസ്സ് നിറയെ ഹംപി ആയിരുന്നു. കണ്ടു തീർന്നതും ഇനി കാണാൻ പോകുന്നതുമായ ഹംപി. 







 
























 




































































































 
























 



























































































































































































































Friday 27 March 2015

ഓർമ്മകളിലേക്ക്


      കാത്തിരിപ്പുകൾക്കൊടുവിൽ ഞങ്ങളും ടൂർ പോവാൻ തീരുമാനിച്ചു. ഇത് കോളേജിലെ അവസാന നാളുകൾ. നാല് വർഷത്തെ കോളേജ് ജീവിതം ഒരുപാട് ഓർമ്മകൾ സമ്മാനിച്ചു.ഓർക്കാനും ഓർക്കാനഗ്രഹിക്കാത്തതും.ഒരു തിരിഞ്ഞു നോട്ടത്തിനോ നഷ്ടങ്ങളുടെ വിലയിരുത്തലിനൊ  ഇനി സമയമില്ല. ബാക്കിയായ നിമിഷങ്ങളെ മനോഹരമാക്കുക. ഒരു ടൂറെന്നു കേട്ടപ്പോൾ ഞങ്ങൾക്കെല്ലാം തോന്നിയ വികാരം ഇതായിരുന്നു.വെറും രണ്ടു ദിവസത്തെ ടൂർ എങ്കിൽ പോലും   ഹൊഗെനക്കലും കൊടൈക്കനാലും എനിക്ക് സമ്മാനിച്ചത്‌ പ്രതീക്ഷകൾക്കതീതമായ അനുഭൂതിയായിരുന്നു.ഞങ്ങളെന്നു വെച്ചാൽ ഏകദേശം 40 ഓളം പേരുണ്ടാകും.എം ഇ എസിലെ അവസാന വർഷ എഞ്ചിനീയറിംഗ് വിദ്യാർഥികൾ.പിന്നെ ഇ സി ഡിപാർട്ട്മെന്റിന്റെ സ്വന്തം നൗഫൽ സാറും,എടെറ്റ് ബിജോയ്‌ സാറും ലക്ഷ്മി മിസ്സും.
     
      ശനിയാഴ്ച രാവിലെ ഞങ്ങളെത്തിചേർന്നത്‌ ഹോഗനിക്കലാണ്. ഹൊഗെനെക്കൽ എന്ന
പേരിനെക്കാളുപരി  നരൻ  ഫിലിം ഷൂട്ടിംഗ് ലോക്കേഷൻ  എന്ന് പറയുന്നതായിരിക്കും തിരിച്ചറിയാനെളുപ്പം.വട്ടത്തോണിയിലെ യാത്ര തീർച്ചയായും പ്രതീക്ഷകൾക്കതീതമായിരുന്നു.
ജീവിതത്തിൽ ആദ്യമായാണ്  തോണിയിൽ വെള്ളച്ചാട്ടത്തിനു കുറുകെ സഞ്ചരിക്കുന്നത്.ഇവിടെ ഓരോ വട്ടതോണിയും പരസ്പരം മത്സരിക്കയായിരുന്നു. വെള്ളം തെറുപ്പിച്ചും വട്ടത്തിൽ കറങ്ങിയും.യാത്രക്കാരന്റെ മനസറിയുന്നവരാണ് തുഴയലുകാർ എന്ന് ഇടക്കെങ്കിലും തോന്നിപ്പോവും.തലയെടുപ്പോടെ നിൽക്കുന്ന പാറക്കെട്ടുകളും അവക്കിടയിലൂടെ ഒലിച്ചിറങ്ങുന്ന വെള്ളച്ചാട്ടവും യാത്രക്കാരെ പേടിപ്പെടുത്താൻ പാറയിടുക്കുകളിൽ നിന്ന് പുഴയിലേക്കെടുത്ത് ചാടുന്ന ചില വിരുതരും കൂടി രണ്ടുമൂന്നു മണിക്കൂർ മനോഹരമാക്കി തന്നു. എന്നിരുന്നാലും പുഴയുടെ  സൗന്ദര്യം തിരിച്ചറിയുന്നത് അതിലേക്കിറങ്ങുമ്പോളാണ്.
       ഹൊഗെനക്കലിനോട് യാത്ര പറഞ്ഞിറങ്ങുമ്പോൾ സമയം ഉച്ച കഴിഞ്ഞിരുന്നു.പിന്നീട് ലക്ഷ്യ സ്ഥാനം കൊടൈക്കനാൽ.മുൻപ് കൊടൈക്കനാലിൽ പോയിട്ടുണ്ടെങ്കിലും ഓരോ തവണയും യാത്രകൾ നമുക്ക് സമ്മാനിക്കുന്നത് വ്യത്യസ്തമായ അനുഭവങ്ങളല്ലേ.തീർച്ചയായും അത് നമുക്കൊപ്പമുള്ളവരെയും ആശ്രയിച്ചിരിക്കും.ഹൊഗനെക്കലിൽ നിന്ന് കൊടൈക്കനാലിലേക്കുള്ള 
ദീർഘ ദൂരയാത്ര ആരെയും മടുപ്പിക്കാത്ത പോലെ തോന്നി.എങ്ങനെ മടുപ്പിക്കാനാ എല്ലാരും  സെൽഫി എടുക്കുന്ന തിരക്കിലായിരുന്നു.
     കൊടൈക്കനാൽ ഞങ്ങളെ വരവേറ്റത് കനത്ത മഞ്ഞോടുകൂടിയാണ്.അവിടെ എത്തിയപ്പോളേക്കും രാത്രിയേറെ കഴിഞ്ഞിരുന്നു.ബസിലെ ഉറക്കമില്ലാത്ത യാത്രയും ഹൊഗനെക്കലിലെ പകലും അപ്പോഴേക്കും ഞങ്ങളെ അലട്ടി തുടങ്ങിയിരുന്നു.അത് കൊണ്ട് തന്നെ  എല്ലാരും വിശ്രമിക്കാൻ  തീരുമാനിച്ചു. പിറ്റേ ദിവസവും തണുപ്പിനു യാതൊരു കുറവുമില്ലായിരുന്നു.മഞ്ഞും ഇടക്ക് അഥിതിയായെത്തുന്ന മഴയും അല്പ്പം അലോസരപ്പെടുത്തിയെങ്കിലും കൊടൈക്കനാൽ ആസ്വദിക്കാൻ തന്നെ ഞങ്ങൾ തീരുമാനിച്ചിരുന്നു.രാവിലത്തെ ഭക്ഷണം കഴിച്ച് ചാറ്റൽ മഴയും കൊണ്ട് ഞങ്ങളിറങ്ങിയത്  റോമൻസിലെ പള്ളി കാണാനാണ്.പള്ളി മുറ്റത്ത്‌ കുറച്ചു നേരം നടന്നു.അപ്പോളേക്കും മഴയുടെ ശക്തി കൂടി വന്നിരുന്നു.ഒടുവിൽ മഴയ്ക്ക് നേരെ മുഖംതിരിച്ച്‌ ഞങ്ങൾ ബസിൽ കയറി.അടുത്ത ലൊക്കേഷൻ പൈൻ മരങ്ങൾക്കിടയിൽ.പൈൻ മരങ്ങളെ ലക്ഷ്യമാക്കി നീങ്ങുമ്പൊളും വഴിയോരക്കച്ചവടക്കാർ ആർത്തുവിളിക്കയായിരുന്നു. മഴ തീരട്ടെ എന്നു കരുതി കടകൾക്ക് ഓരം ചാരി നിന്നപ്പോൾ അവർ കൂടുതൽ വാചാലരായി.ഒടുവിൽ തിരഞ്ഞു പിടിച്ച് ഒരു തൊപ്പിയും വാങ്ങി ഞാൻ നടന്നു. പൈൻ മരങ്ങൾക്കിടയിലേക്ക്‌. അവക്കിടയിലൂടെ കുറച്ച് ദൂരം സഞ്ചരിച്ചു. അപ്പോഴേക്കും മഴ മാറി തുടങ്ങിയിരുന്നു. ഗുണ കേവും സൂയ്സൈഡ് പോയിന്റും കണ്ടു കഴിഞ്ഞപ്പോളേക്കും സമയം മൂന്ന് മണി കഴിഞ്ഞിരുന്നു.അപ്പോഴേക്കും വിശപ്പ്‌ കടന്നാക്രമിച്ചു തുടങ്ങി.
    വൈകീട്ടുള്ള ബോട്ടിങ്ങും സൈക്കിൾ റൈസും കഴിഞ്ഞപ്പോളെക്കും സമയം ഏതാണ്ട് സന്ധ്യയോടടുത്തിരുന്നു.പിന്നീട് രണ്ടു മണിക്കൂർ ഷോപ്പിംഗ്‌.നിരന്നു കിടക്കുന്ന കടകളിലെല്ലാം തന്നെ തിങ്ങി നിറഞ്ഞിരുന്നു യാത്രക്കാരുടെ സംഘങ്ങൾ. എന്തു വേണേലും വില പേശണം.അതിനു പിന്നെ മലയാളികളെക്കാൾ മിടുക്കരായി ആരുമില്ലല്ലോ.പക്ഷെ കടക്കാരായ തമിഴരും ഒട്ടും പിറകിലല്ലായിരുന്നു വാക്പയറ്റിൽ.കേരളത്തിലേക്ക് ഗൾഫ്‌ നാടുകളിൽ നിന്നും പണമൊഴുകുന്നു എന്ന് തുടങ്ങി അമല പോൾ,നയൻ‌താര വരെയുള്ള തമിഴ് സിനിമയിലെ മലയാളി നായികമാർ  വരെ എത്തി അവരുടെ നാവിൽ. പിന്നെ വിട്ടുവീഴ്ചകൾ ചെയ്തുതുടങ്ങി.എന്നിട്ടും വലിയ മെച്ചമൊന്നുമുണ്ടായില്ല.രണ്ടുമണിക്കൂറിനു പക്ഷെ അര മണിക്കൂറിന്റെ ആയുസ് പോലും ഇല്ലാത്ത പോലെ തോന്നി.തിരിച്ച് ബസിൽ കയറുംമ്പോളെക്കും സമയം 8 മണി കഴിഞ്ഞിരുന്നു.ഇനി ബാക്കി അവശേഷിക്കുന്നത് കലാശക്കൊട്ടായി ക്യാമ്പ് ഫയർ മാത്രം.അപ്പോഴും മഴ ഞങ്ങളെ പിരിയാതെ പിൻ തുടരുന്നുണ്ടായിരുന്നു.പക്ഷെ അതൊന്നും ക്യാമ്പ് ഫയറിനെയോ ഞങ്ങളെയോ തെല്ലും ബാധിച്ചിരുന്നില്ല.
    ക്യാമ്പ് ഫയറും ഭക്ഷണവും കഴിഞ്ഞ് തിരിച്ച് ബസിൽ കയറുമ്പോൾ  ഈ രാത്രി അവസാനിക്കാതിരിക്കട്ടെ എന്ന് തോന്നിപ്പോയി.രണ്ടു ദിവസം എത്രയോ വേഗത്തിൽ കടന്നു പോയി.പരാതിയും പരിഭവങ്ങളും ഇല്ലാതെ.ഒടുവിൽ കൊടൈക്കനാലും ഞങ്ങളെ യാത്ര അയക്കുകയാണ്. നിറ കണ്ണുകളോടെ ഒരായിരം ഓർമ്മകൾ നെയ്തു തന്നെന്ന ചാരുതാർഥ്യത്തോടെ. 

Wednesday 18 February 2015

ഞാൻ നുജൂദ്,വയസ് 10 ,വിവാഹ മോചിത

മനക്കരുത്തിന്റെ, ആത്മ ധൈര്യത്തിന്റെ  അന്താരാഷ്ട്ര ബിംബമായി ദി ന്യൂ യോർക്കർ  വിശേഷിപ്പിച്ച ,യമൻ  ചരിത്രത്തിൽ  ഒരു  പുതിയ അദ്ധ്യായത്തിനു തുടക്കം കുറിച്ച നുജൂദ് അലി, ലോകത്തിലെ  ഏറ്റവും  പ്രായം  കുറഞ്ഞ വിവാഹ മോചിത.നുജൂദ്  അലിയുടെ കഥയ്ക്ക്  കാലത്തിന്റെ  പഴക്കമേറെയില്ല. ആത്മ ധൈര്യത്തിന്റെ അതി ജീവനത്തിന്റെ  തന്റെ  ജീവിതം ഡെൽഫിൻ മിനോയിക്കൊപ്പം ചേർന്ന് ലോകത്തോട്‌ വിളിച്ചു പറയാൻ അന്ന്  ആ പത്തുവയസുകാരി കാണിച്ച ധൈര്യം ഇന്നും ഭാഷ ഭേദമന്യേ  ചർച്ച ചെയ്യപ്പെടുന്നു.       നുജൂദ് അലി  അസാധാരണമായ കഴിവുകളുള്ള,സാഹസികത ഇഷ്ടപ്പെടുന്ന ഒരു പെണ്‍കുട്ടിയല്ല.യമനിലെ ഒരു സാധാരണ കുടുംബത്തിൽ ജനിച്ച അവൾ പക്ഷെ ഏഴ് വർഷങ്ങൾക്ക് മുൻപ് വാർത്തകളിൽ നിറഞ്ഞു. പത്താം വയസിൽ വിവാഹ മോചനം  നേടുന്ന ആദ്യ പെണ്‍കുട്ടിയെന്ന  നിലയിൽ. ശൈശവ വിവാഹം  എത്ര ക്രൂരവും നീചവുമെന്നു നുജൂദിനെക്കാൾ ശക്തമായി ലോകത്തോട്‌ വിളിച്ചു പറയാൻ മറ്റൊരാൾക്കാവില്ല. ജീവിതമെന്തെന്നു അറിഞ്ഞു തുടങ്ങും മുൻപേ തന്നെക്കാൾ മൂന്നിരട്ടി പ്രായമുള്ള ഒരാളെ വിവാഹം കഴിക്കാൻ നിർബന്ധിതയാവുകയും പിന്നീട് നരക തുല്യമായ ജീവിതത്തിലേക്ക് വലിച്ചെറിയപ്പെടുകയും  ചെയ്തെങ്കിലും  വിധിയോടു പോരാടാൻ, ദുരിത പൂർണ്ണമായ ജീവിതത്തിൽ നിന്ന് രക്ഷ നേടാൻ  തീരുമാനിച്ചതോടുകൂടി അവളുടെ  ജീവിതം അസ്വാഭാവികതകളിലേക്ക്  വഴി മാറുകയായിരുന്നു. സ്വന്തം കുടുംബത്തെയും സമൂഹത്തെയും എതിർത്ത് കൊണ്ട് വിവാഹ മോചനം എന്ന തീരുമാനത്തിൽ അവളുറച്ചു നിന്നു. എല്ലാ വാതിലും കൊട്ടിയടക്കപ്പെട്ടപ്പോൾ  രണ്ടാനമ്മയുടെ  ഉപദേശത്തിന്റെ  പുറത്ത് നിയമ സഹായം തേടിയ ആ പെണ്‍കുട്ടിക്ക് പക്ഷെ നിരാശയാകേണ്ടി വന്നില്ല. നുജൂദിന്റെ കഥയറിഞ്ഞപ്പോൾ അവളുടെ ആവശ്യം തിരിച്ചറിഞ്ഞപ്പോൾ  ആ കോടതിയിലെ ജഡ്ജിമാർ അനുഭവിച്ച അതേ മാനസിക സംഘർഷവും  അസ്വസ്ഥതയുമാണ് ഈ  കഥ വായിച്ചു തുടങ്ങുമ്പോൾ ഓരോ വായനക്കാരനും അനുഭവപ്പെടുന്നത്. ഏറ്റവും സങ്കീർണ്ണവും അസാധാരണവുമായ  കേസെന്ന് വിശേഷിപ്പിച്ചെങ്കിൽപ്പോലും നരകയാതയിലേക്ക് വീണ്ടുമവളെ  വലിച്ചെറിയാൻ  ആ  കോടതിയിലെ ജഡ്ജിമാരായ മുഹമ്മദ്‌ അൽ ഖാസി,അബ്ദുള്ള , അബദിൽ  വഹീദ് എന്നിവർ ഒരുക്കമല്ലായിരുന്നു.
      യമനിലെ പെണ്‍കുട്ടികളുടെ അവകാശങ്ങൾക്കും  സ്വാതന്ത്ര്യത്തിനും  വേണ്ടി  പോരാടുന്ന മനുഷ്യാവകാശ  പ്രവർത്തകയും അഡ്വക്കേറ്റുമായ  ഷാദ നാസറിന്റെ  കടന്നു വരവ് അവളുടെ ജീവിതത്തെ  തന്നെ മാറ്റി മറിച്ചു. നുജൂദിന്റെ കഥ ലോക മാധ്യമങ്ങളേറ്റെടുത്തതോടെ വീട്ടുകാരിൽ നിന്നിലെങ്കിൽ പോലും ലോകത്തിന്റെ പല കോണിൽ നിന്നും അവൾക്കു പിന്തുണയും സഹായവും ലഭിച്ചു .
      നുജൂദിന്റെ ജീവിതം തീർച്ചയായും ഒറ്റപ്പെട്ട സംഭവമല്ല. കുടുംബത്തിന്റെ അന്തസിന്റെയും  മറ്റ്  അനാചാരങ്ങളുടെയും പേരിൽ പതിനെട്ട് വയസ്സിനു മുൻപേ വിവാഹിതരാവാൻ നിർബന്ധിതരാവുന്ന എത്രയോ പെണ്‍കുട്ടികൾ ഇന്നീ ലോകത്തുണ്ട്. സുഖകരമായ ദാമ്പത്യത്തിനു പെണ്‍കുട്ടികളെ ചെറു പ്രായത്തിലെ വിവാഹം കഴിപ്പിക്കുക എന്ന യമന്റെ പഴമൊഴി നാം അറിഞ്ഞത് നുജൂതിന്റെ ജീവിതത്തിലൂടെയാണ്. ശൈശവവിവാഹം യമനിൽ മാത്രമല്ല നടന്നു  വരുന്നത്. ലോകത്തിന്റെ പല കോണിലും നിയമങ്ങൾക്കും മനസാക്ഷിക്കുമതീതമായി വിവാഹങ്ങൾ നടന്നുവരുന്നു. പക്ഷെ അവരുടെ ജീവിതം പലപ്പോഴും പുറം  ലോകമറിയുന്നില്ല അല്ലെങ്കിൽ പത്തു വയസിൽ നുജൂദ് കാണിച്ച ധൈര്യമും മനക്കരുത്തും അവർക്കില്ലാതെ  പോകുന്നു. ഈ കഥ തീർച്ചയായും ഒരു പ്രചോദനമാണ്. പാതിവഴിയിൽ ചിറകുകൾ നഷ്ടപ്പെട്ട  മാലാഖമാർക്ക് ഉയർത്തെഴുന്നേൽക്കാനും വീണ്ടും സ്വപ്‌നങ്ങൾ കാണാനും.

Thursday 1 January 2015

ഒരു പകലിനിപ്പുറം

ഒലിച്ചിറങ്ങിയ  മഴത്തുള്ളികൾ
ജനൽ പാളിയിൽ
വന്നുരസുമ്പൊഴും
മനസ്  ചിന്തകളെ ചികയുകയായിരുന്നു .
ഒരു  പകലിനിപ്പുറം
ജീവിതമാകെ മാറി.
ഇന്നെനിക്കു  ചുറ്റും അപരിചിതത്വത്തിന്റെ
കൽപ്പടവുകൾ  മാത്രം.
അപ്രതീക്ഷിതമായി പെയ്തിറങ്ങിയ
മഴയിൽ ഒരുരാവലിയുമ്പൊഴും
ഉറങ്ങാൻ  മടിക്കയായിരുന്നു
നഗര വിളക്കുകൾ.
അവയിൽ നിന്നകലുന്ന
മങ്ങിയ വെളിച്ചത്തിൽ
ഒരു  രാവിന്റെ  ഭാണ്ഡം 
പേറിയോടുന്ന വാഹനങ്ങൾക്ക്
പക്ഷെ വിയർപ്പിന്റെ
ഗന്ധമില്ലായിരുന്നു.
ഇവിടെ ജീവിതങ്ങൾ മാറി മറയുന്നു
കാഴ്ചകൾ കാലഹരണപ്പെടുന്നു.
ഒടുവിൽ ഓർമ്മകളും
വഴിമാറുന്നു
പുതിയ സ്വപ്നങ്ങൾക്കായി.

Thursday 25 September 2014

അയിഷ


ഏകാന്തത  എന്നും  അവളെ അലട്ടിയിരുന്നു. എന്നിട്ടും  അവൾക്കൊപ്പൊമുള്ളവരോ  അവളുടെ  കൂടെ നടന്നവരോ  അവളെ തിരിച്ചറിഞ്ഞില്ല.വർഷങ്ങൾക്കിപ്പുറം  വീണ്ടും  ഈ  സ്കൂൾ മുറ്റത്തു തിരിച്ചെത്തിയപ്പോൾ അവളുടെ ഓർമ്മകൾ  കൂടുതൽ  വേദനിപ്പിക്കുന്നു.കാലമെത്രയോ  കഴിഞ്ഞിരിക്കുന്നു .എന്നിട്ടും  അവളുടെ  മുഖം മനസ്സിൽ  നിന്നും മായുന്നില്ല.
                  ജീവിതത്തിൽ  എന്തെക്കെയോ  ചെയ്യണമെന്നാഗ്രഹിച്ച ,ജീവിതത്തിൽ  എന്തെക്കൊയോ  നേടണമെന്നാഗ്രഹിച്ച  പ്രത്യാശയുടെ  സ്വപ്നങ്ങൾ  മാത്രം കണ്ടു  നടന്നിരുന്ന  ഒരു പെണ്‍കുട്ടി അയിഷ. അവളുടെ  സ്വപ്നങ്ങളിൽ  നിന്ന് എന്നാണ് വർണങ്ങൾ  അപ്രത്യക്ഷമായി  തുടങ്ങിയതെന്നറിയില്ല. അവളതാരോടും പറയാനും  ശ്രമിച്ചില്ല . ഒരു  പക്ഷെ കാലത്തിന്റെ  കണക്കു കൂട്ടലുകളിൽ തന്റെ  സ്വപ്‌നങ്ങൾ പിഴുതെറിയപ്പെടും എന്നവൾ  മുൻപേ തിരിച്ചറിഞ്ഞിരിക്കണം. അതു കൊണ്ടായിരിക്കാം അവൾ  ഏകാന്തതയെ സ്നേഹിച്ചു  തുടങ്ങിയത്. മനസിന്റെ  സങ്കീർണ്ണതകൾ  പലപ്പൊഴും അവളെ വേദനിപ്പിച്ചിരുന്നു . പക്ഷെ  അവളണിഞ്ഞ ചായങ്ങൾ  എല്ലാം  മറച്ചു വെച്ചു . ഇന്നിന്റെ നേർത്ത വ്യതിയാനങ്ങൾ  പോലും  അവളെ ഭയപ്പെടുത്തിയിരുന്നു. വർണങ്ങളുടെയും  വരകളുടെയും സ്വപ്നങ്ങളുടെയും  ലോകത്ത്  നിന്ന് പുതിയൊരു ജീവിതത്തിലേക്കവളെ  സമൂഹവും  സാമൂഹ്യ വ്യവസ്ഥയും  വലിച്ചിഴച്ചപ്പോൾ  അതുൾക്കൊള്ളാൻ അവൾക്കാകുമായിരുന്നില്ല. തന്റെ  സ്വപ്നത്തിലേക്കുള്ള  ദൂരം കൂടുന്നതനുസരിച്ച്  അവൾക്കുള്ളിലും  ഭാവ ഭേദങ്ങൾ മാറി  മറഞ്ഞു . ഏതോ  ഒരു  രാവിൽ അവൾ  തന്റെ  വിധി  തിരുത്തിയെഴുതി. അവസാനമായി  അവളെ  കാണുമ്പോൾ അവളുടെ  മുഖത്ത്  നിന്ന്  പുഞ്ചിരി  മാഞ്ഞിട്ടില്ലായിരുന്നു. തന്റെ  വിധി  സ്വയം  തിരുത്തിയെഴുതിയതിന്റെ  ചാരിതാർത്ഥ്യം.
       വർഷങ്ങൾക്കിപ്പുറം  വീണ്ടും ഈ  സ്കൂൾ മുറ്റവും  ഇവിടത്തെ  കുട്ടികളും അവളുടെ  നിഷ്കളങ്കമായ  മുഖം  ഓർമിപ്പിക്കുന്നു. അന്ന്  അതുൾകൊള്ളാൻ  കഴിഞ്ഞില്ലെങ്കിലും ഇന്ന്  ഞാൻ  അവളെ  തിരിച്ചറിയുന്നു. ഇന്നിവിടെ  ഓടിക്കളിക്കുന്ന  പലരിലും  അവളുടെ  ചിന്തയുടെ  അംശങ്ങൾ ഉണ്ടായിരിക്കാം. അത്  തിരിച്ചറിയാൻ  അവർക്കൊപ്പം  നടക്കാൻ  ആരുമില്ലാതാകുമ്പോൾ  ഉണ്ടാകുന്ന  വേദനയുടെ  മറു  മരുന്നുകൾ കണ്ടെത്തുമ്പോഴേക്കും  കാലം  പിന്നിട്ടിരിക്കും.വളരെ  ദൂരം .

Monday 14 July 2014

ഇറാഖ്‌.

ഒരായുസിന്റെ  സ്വപ്നങ്ങളും
പ്രതീക്ഷകളും
യുദ്ധ ഭൂമിയിലുപേക്ഷിച്ച്
സ്നേഹത്തിന്റെ,സ്വാന്തനത്തിന്റെ
മാലാഖമാർ തിരിച്ചെത്തിയപ്പോൾ
ഒരു നാട്
വികാരധീനമായി.
അപ്പൊഴും ഇറാഖ്‌
എരിയുകയായിരുന്നു
ഭയപ്പെടുത്തുന്ന വെടിയൊച്ചകളും
ചിതറിത്തെറിച്ച ഗ്രനേഡുകളും
ഇറാഖിന്റെ
മാറ് പിളർന്നു.
രക്തത്തിൽ കുതിർന്ന കൈകൾ
ജീവനായി യാചിക്കുമ്പോൾ
കടിച്ചു കീറിയ മൃതശരീരം
പോലെ നിശ്ചലമായി
ഇറാഖ്‌.
മുറിവിലൂടൊലിച്ചിറങ്ങിയ
ചോരാത്തുള്ളികളിൽ നിന്ന്
പച്ച മാംസത്തിന്റെ മണം
ഇനിയുമകന്നിട്ടില്ല.
ചിതറിത്തെറിച്ച
കൈകളിൽ നിന്നുടഞ്ഞു വീണു
ഒരു  നാടിന്റെ സ്വപ്‌നങ്ങൾ.
എന്തിനായിരുന്നീ
 കൂട്ടക്കുരുതി?
ചോരയിൽ കുളിച്ചകുഞ്ഞിനെ
വാരിപ്പുണരുന്ന അച്ഛനും
യുദ്ധ ഭൂമിയിൽ തളർന്നു
വീണ അമ്മമാരും
സ്വപ്‌നങ്ങൾ നഷ്ടമായതറിഞ്ഞു
വിലപിക്കുന്ന
സഹോദരങ്ങളും നിറഞ്ഞ
ഇറാഖിനി
പുനർ ജനിക്കുമോ
അവശേഷിക്കുന്ന
ചാരത്തിൽ നിന്ന് ?
 

Saturday 15 February 2014

നിന്നോർമ്മയിൽ

കനൽ മൂടിയിട്ട നിന്നോർമ്മയിൽ
ഇന്നെന്നാത്മാവ് നീറുന്നു.
വഴി  മാറി വന്നിടും വസന്തവും
ശിശിരവും
അണയാത്ത നിന്നോർമ്മകളെ
വിസ്മരിക്കാൻ.
അണയാൻ  വെമ്പുന്ന
ദീപ നാളങ്ങളിലെ
കനിവറ്റ മെഴുകുതിരിയിന്നു ഞാൻ.
ഇരുണ്ട തമോഗർത്തങ്ങളെ
മനസാവരിക്കവേ
ഒരു ദീപനാളമായി
നീ അരികിലെത്തി.
ദിശയറിയാതലഞ്ഞു
നാം മുൾപ്പരപ്പിൽ.
കനലുകൾ വേവുന്ന
നെരിപ്പോടുകളിൽ.
ഇടയിലെവിടെയോ നാം
തിരിച്ചറിഞ്ഞു
പഥികരാം നമുക്കൊരേ പാത.
അകലെ  വിരിഞ്ഞ നീലക്കുറിഞ്ഞിക്കായി
അതിരറ്റ നോമ്പുകൾ നോറ്റു നാം.
ഋതു ഭേദങ്ങൾ വഴി മാറി വന്നു
കാലം കൽപ്പടവിലെത്തി.
പക്ഷെ  കാൽപ്പനികതയിൽ
നീയലിഞ്ഞു.
ഇന്നു  നീ  വെറുമൊരോർമ്മ മാത്രം
പുസ്തകത്താളിലെ
അക്ഷരക്കൂട്ടുകളിൽ,
അറിയുന്നു ഞാൻ നിൻ സ്പന്ദനം.
ഇടതോരാതെ  പെയ്യുന്ന പേമാരിയിൽ
മാറ്റൊലി  കൊള്ളുന്നു കാലൊച്ചകൾ.
ചിതലരിക്കാത്ത ഓർമ്മകളിൽ
വിടരുന്നു നിൻ പുഞ്ചിരിയെന്നും.


 

Tuesday 7 January 2014

ക്ഷണികം



ഒരു മഞ്ഞു നീർകണം
നീയെന്നോട്‌  യാത്ര  ചൊല്ലവേ
അറിയുന്നു  ഞാൻ
കാലത്തിന്റെ  ക്ഷണികത.
ഇന്നലെ നടന്ന  വഴികൾക്കന്യമായി
തീർന്നു  കായലും
പുൽപ്പരപ്പും
അവയെ  താലോലിച്ചോ-
രാർദ്രമാം  മനസ്സും
കാല ചക്രം തിരിയുന്നു
പിൻ തിരിയാതെ
അവക്കൊപ്പമെത്താനോടാവേ
തളർന്നു വീഴുന്നു
പാതി  വഴിയിൽ  പലതും
വിധിയെന്നോർത്താശ്വസിക്കുന്നു
പലരും,  എന്നിട്ടും
വിളിച്ചു  വരുത്തിയ
വിധിയെ പഴിക്കാൻ  മടിക്കുന്നു
തിരുത്താൻ  മടിക്കുന്നു
ഒടുവിൽ തീർപ്പ് കൽപ്പിക്കുന്നു
ഇതാണ്  വിധി
ഇതാണ് ജീവിതം
ഇവിടെ എല്ലാം ക്ഷണികം
എല്ലാം നല്ലതിന് .