Sunday 26 February 2023

ON THE WAY

 മഞ്ഞു പെയ്യുന്ന മണാലി .പലപ്പോഴായി കണ്ട നിറമുള്ള സ്വപ്നങ്ങളിലൊന്ന്. അപ്പൂപ്പൻതാടി ട്രിപ്പ് അനൗൺസ് ചെയ്തത് മുതൽ എന്റെ സ്വപ്നങ്ങൾക്ക് ചിറക് മുളച്ചു തുടങ്ങിയിരുന്നു. എങ്ങിനെ പോവണമെന്നോ എങ്ങിനെ പ്ലാൻ ചെയ്യണമെന്നോ ആലോചിക്കാതെ ട്രിപ്പിന് രജിസ്റ്റർ ചെയ്തു. ട്രിപ്പിന്റെ സ്റ്റാർട്ടിങ് പോയിന്റ് ഡൽഹി ആയിരുന്നത് കൊണ്ട് തന്നെ ആദ്യ ലക്ഷ്യം ഡൽഹിയിൽ എത്തുക എന്നുള്ളതായിരുന്നു.ബുക്ക് ചെയ്തത് കൊണ്ട് തന്നെ മറിച്ചൊന്നും ചിന്തിക്കാതെ എങ്ങിനെ ഡൽഹിക്ക് പോവാം എന്നതായിരുന്നു പിന്നീടുള്ള ദിവസങ്ങളിൽ ചിന്തിച്ചിരുന്നത്. യൂട്യുബിലും ഗൂഗിളിലും ഡൽഹിയെ പറ്റി തിരഞ്ഞും , പോയ പലരോടും അഭിപ്രായം ചോദിച്ചും ആദ്യമായി ഒറ്റയ്ക്ക് പോവുമ്പോളുണ്ടാവുന്ന പേടിയെ ഞാൻ നേരിട്ട് തുടങ്ങി . ഒടുവിൽ മേയ്ക്ക് മൈ ട്രിപ്പും പേടിഎം തിരഞ്ഞു ഫ്ലൈറ്റ് ടിക്കറ്റും ബുക്ക് ചെയ്തു ഡൽഹിക്ക്.ആദ്യ കടമ്പ കടന്ന ഞങ്ങൾ പിന്നീട് കാത്തിരിപ്പായി ആ ദിവസങ്ങൾക്കായി.കാത്തിരിപ്പിനു നീളം കൂടും തോറും ടെൻഷനും കടന്നാക്രമിച്ചു തുടങ്ങിയിരുന്നു. ഇത് വെറും സ്വപ്നം മാത്രമായി ഒതുങ്ങുമോ? ആദ്യമായി ഒറ്റക്ക് ഡൽഹിയിൽ എത്തുന്ന ഞങ്ങളെ കാത്തിരിക്കുന്നതെന്തായിരിക്കും? അങ്ങനെ ഒരായിരം ചിന്തകൾ ശല്യം ചെയ്തുകൊണ്ടിരുന്ന അനേകം രാത്രികൾ. ഒടുവിൽ പോവേണ്ട ദിവസം വന്നപ്പോളേക്കും ഞാൻ വളരെയധികം തയ്യാറായിരുന്ന പോലെ തോന്നി. ഒരുപാടു നാളായി ആഗ്രഹിച്ച സ്വപ്‌നങ്ങൾ, പലപ്പോഴായി ഒഴിഞ്ഞു മാറാൻ ശ്രമിക്കുന്ന ,സ്വയം മാറ്റിയെഴുതേണ്ട ചില കാഴ്ചപ്പാടുകൾ അങ്ങനെ പലതിനും ഉത്തരം അതായിരുന്നു എനിക്ക് മണാലി.


കോഴിക്കോട് നിന്ന് ഞങ്ങൾ മൂന്നുപേരായിരുന്നു ഗ്രൂപ്പിൽ ഉണ്ടായിരുന്നത്. രാത്രി യാത്രയായതു കൊണ്ട് തന്നെ ഫ്ലൈറ്റിനു പുറത്തുള്ള കാഴ്ചകൾ എന്നെ അത്ര ആകർഷിച്ചില്ല. മൂന്ന് മണിക്കൂർ ഉള്ള ഫ്ലൈറ്റ് യാത്ര മടുപ്പിക്കുമോ എന്ന് ചിന്തിച്ചിരുന്ന എനിക്ക് തൊട്ടപ്പുറത്ത സീറ്റിൽ ഒരു സഹയാത്രികനെ കിട്ടി. വളരെ സൗമ്യമായ രീതിയിൽ സംസാരിക്കുന്ന പൂനൈ സ്ഥിര താമസക്കാരനായ ഒരു പാലക്കാട്ടുകാരൻ. ഇന്ത്യക്കകത്തും പുറത്തും പവർ ട്രാൻസ്ഫോമർ ചെക്ക് ചെയ്യാൻ ട്രാവൽ ചെയുന്നു എന്ന് കേട്ടപ്പോൾ തോന്നിയ കൗതുകം പിന്നെ ട്രാവൽ സ്റ്റോറികളിൽ കൊണ്ടെത്തിച്ചു.പ്രായത്തിന്റെ ഗൗരവം ഇല്ലാതെ തന്നെ നോർത്ത് ഇന്ത്യൻ ജീവിത രീതിയും അവിടത്തെ ഫുഡും നാട്ടിലെ വിശേഷങ്ങളുമെല്ലാം പറഞ്ഞു തുടങ്ങി. ഒടുവിൽ മണാലിക്കു പോവുന്നെന്ന് പറഞ്ഞ ഞങ്ങൾക്ക് ഓൾ ദി ബെസ്റ്റും പറഞ്ഞു അയാൾ നടന്നു നീങ്ങിയപ്പോൾ ഡൽഹിയിലെ ഞങ്ങളുടെ ആദ്യ ദിനം ആരംഭിക്കുകയായിരുന്നു. ഡൽഹി ഞങ്ങളെ വരവേറ്റത് തണുപ്പോടു കൂടിയായിരുന്നു. എങ്കിലും തണുപ്പിനെ കാര്യമാക്കാതെ ഞങ്ങൾ എയർപോർട്ടിൽ ഇരുന്നു. ഇതിലും വലുതാണ് ഇനി വരാൻ പോകുന്നതെന്ന തിരിച്ചറിവിൽ. വൈകിട്ട് അഞ്ചു മണിക്ക് മണാലിക്ക് പുറപ്പെടേണ്ട ഞങ്ങൾക്ക് മുന്നിൽ ഡൽഹി കാണാൻ ഒരു പകലാണുള്ളത്. ചുരുങ്ങിയ സമയം കൊണ്ട് എങ്ങിനെ ഡൽഹി കറങ്ങാം എന്ന് ചിന്തിച്ച എനിക്ക് ഒരു അനുഗ്രഹമായി തോന്നിയത് ഡൽഹി മെട്രോയുടെ ആപ്പ് ആണ്. ഡൽഹിയിൽ പോവുന്നെന്ന് പറഞ്ഞപ്പോൾ പലരും മെട്രോയിൽ ട്രാവൽ ചെയ്താൽ മതിയെന്ന് പറഞ്ഞിരുന്നെങ്കിൽ പോലും മെട്രോ അത് വരെ കണ്ടിട്ട് പോലുമില്ലാത്ത എന്നെ സംബന്ധിച്ചിടത്തോളം അതൊരു വലിയ ടാസ്ക് ആയിരുന്നു.മെട്രോ മാപ്പ് കൂടി കണ്ടപ്പോൾ പൈസ ചിലവായാലും വേണ്ടില്ല ടാക്സി വിളിക്കാം എന്ന് തീരുമാനിച്ചായിരുന്നു ഇവിടുന്നു പോയത്.എയർപോർട്ടിനു തൊട്ടു മുൻപിലായി മെട്രോ സ്റ്റേഷൻ കണ്ടപ്പോൾ ട്രൈ ചെയ്തുനോക്കാം എന്ന് തീരുമിച്ച ഞങ്ങൾ പിന്നീട് ആ ദിവസം മുഴുവനായി കറങ്ങിയത് മെട്രോയിൽ തന്നെ ആയിരുന്നു. ഡൽഹി പോലെ ഇത്രയും തിരക്കേറിയ ഒരു നഗരം ഇത്രയും ചുരുങ്ങിയ ചെലവിലും എളുപ്പത്തിലും സഞ്ചാര യോഗ്യമാക്കിയ ഡൽഹി മെട്രോ ആദ്യമെനിക്ക് അത്ഭുദവും പിന്നീട്‌ സന്തോഷവുമാണ് നൽകിയത്.അഞ്ചു മണിക്ക് മുൻപ് കണ്ടു തീരാൻ കഴിയുന്ന സ്ഥലങ്ങൾ ഏതൊക്കെയെന്നു ഏകദേശം ഒരു ഐഡിയ ഉണ്ടാക്കി യാത്ര ആരംഭിച്ചു.ആദ്യ ലക്ഷ്യ സ്ഥാനം കുത്തബ് മിനാർ. കുത്തബ് മിനാർ മെട്രോ സ്റ്റേഷനിൽ ചെന്നിറങ്ങിയപ്പോൾ തന്നെ പുറത്തു ഓട്ടോക്കാരുടെ വലിയ നിര ഉണ്ടായിരുന്നു .കൂടുതൽ വാദ പ്രതിവാദങ്ങൾക്ക് നിൽക്കാതെ ഒരു ഓട്ടോ പിടിച്ചു ഞങ്ങൾ കുത്തബ് മിനാർ ലക്ഷ്യമാക്കി നീങ്ങി.
അപ്പോഴേക്കും വിശപ്പ് ഞങ്ങളെ കടന്നാക്രമിച്ചു തുടങ്ങിരുന്നു.കുത്തബ് മിനാറിനു തൊട്ടടുത്തുള്ള ചായക്കമടയിൽ കയറി ചോളാ ബട്ടൂര ഓർഡർ ചെയ്തു. ചായക്കടയിൽ ടൂറിസ്റ്റ്കാരുടെ തിരക്കുണ്ടെങ്കിലും റോഡ് സൈഡിലിരുന്നു കുത്തബ് മിനാറിന്റെ പശ്ചാത്തലത്തിൽ ചായ കുടിക്കുന്നത് ഒരു അനുഭവമായിരുന്നു.എയർപോർട്ടിൽ നിന്ന് പറന്നുയരുന്ന വിമാനങ്ങൾ കുത്തബ് മിനാറിനു മുകളിലൂടെ പറന്നുയരുന്ന കാഴ്ച ആ രംഗം ഒന്നൂടെ മനോഹരമാക്കി. ഡെൽഹിക്കാർക്കിത് ഒട്ടും പുതുമയില്ലാത്ത കാഴ്ചയാണെങ്കിൽ പോലും ആദ്യമായെത്തുന്നവർ തീർച്ചയായും ക്യാമറയിൽ പതിയണം എന്നാഗ്രഹിക്കുന്ന ഒരു കാഴ്ചയാണിത്. ചായയും കുടിച്ചു കൈയിലിണ്ടായിരുന്ന ബാഗ് ക്ലോക്ക് റൂമിലും വെച്ച് ഞങ്ങൾ കുത്തബ് മിനാർ കോംപ്ലെക്സിലേക്കു കടന്നു.യുനെസ്കോയുടെ വേൾഡ് ഹെറിറ്റേജ് സൈറ്റിൽ ഇടം പിടിച്ച ഇന്ത്യയുടെ പ്രൗഢി ലോകത്തിനു മുൻപിൽ വിളിച്ചോതുന്ന ഒരു മുഗൾ നിർമ്മിതി. ഫോൺ ക്യാമറയിൽ ഒപ്പിയെടുക്കാൻ കഴിയുന്നതിലും മനോഹരമായിരുന്നു ചുറ്റുമുള്ള കാഴ്ചകൾ. പുരാതന ഇന്ത്യയിലെ നിർമ്മിതികളെല്ലാം തന്നെ അത്ഭുദപ്പെടുത്തുന്നതായിട്ടാണ് എനിക്ക് തോന്നീട്ടുള്ളത്. ഒരു പക്ഷെ ഈ ഒരു കാലഘട്ടത്തിൽ ഇത്രെയും മനോഹരമായി കല്ലുകളിൽ അത്ഭുദങ്ങൾ കൊത്തിയെടുക്കുക എന്നുള്ളത് അത്ര എളുപ്പമായിരിക്കില്ല. കുത്തബ് മിനാറിൽ നിന്നിറങ്ങിയ ഞങ്ങൾ ഇന്ത്യ ഗേറ്റ് കാണാൻ തീരുമാനിച്ചു തൊട്ടടുത്ത മെട്രോ സ്റ്റേഷനിലേക്ക് ടിക്കറ്റ് എടുത്തു.ഒരു മെട്രോ സ്റ്റേഷനിൽ ഇത്രയധികം PNB ലോഗോയും പരസ്യങ്ങളും കാണുന്നത് അവിടെയിരുന്നു.ഒരു ബ്രാഞ്ചിൽ കയറിയ പ്രതീതി അതായിരുന്നു എനിക്ക് തോന്നിയത്. നമ്മുടെ കംഫർട്ടു സോണിനപ്പുറം പോയി നമുക്ക് ഇഷ്ട്ടപ്പെട്ടതോ നമുക്ക് പരിചയമുള്ളതോ ആയ എന്തെങ്കിലും കാണുമ്പൊൾ ഒരു ഹോംലി ഫീൽ ഉണ്ടാവുമെന്ന് പറയുന്നത് സത്യമായി തോന്നിയത് സെൻട്രൽ സെക്രട്ടേറിയറ്റ് മെട്രോ സ്റ്റേഷനിൽ എത്തിയപ്പോൾ ആയിരുന്നു.അവിടെയുള്ള ഓരോ നിമിഷവും ഞാൻ ചിന്തിച്ചത് PNB യും മെട്രോ സ്റ്റേഷനും തമ്മിൽ എന്ത് ബന്ധം എന്നായിരുന്നു.PNB@Ease digital initiative ന്റെ ഇന്ത്യയിലെ ആദ്യ ഔട്ട്ലെറ്റ് ആയിരുന്നു ആ സ്റ്റേഷൻ എന്ന് പിന്നീടാണ് ഞാൻ തിരിച്ചറിഞ്ഞത്. പുറത്തിറങ്ങിയപ്പോൾ പതിവുപോലെ ഓട്ടോകൾ നഗരം ചുറ്റികാണിക്കാൻ റെഡി ആയി നില്പുണ്ടായിരുന്നു.സമയക്കുറവു മൂലം ചുരുങ്ങിയ സമയത്തിനുള്ളിൽ കണ്ടു തീർക്കാവുന്ന ഡൽഹിയിൽ എത്തിയാൽ തീർച്ചയായും കണ്ടിരിക്കേണ്ട കുറച്ചു സ്ഥലങ്ങൾ കാണിക്കാൻ ഓട്ടോക്കാരനോട് ആവശ്യപ്പെട്ടു.
ടൂറിസ്റ്റ് ഗൈഡിന്റെ ജോലി കൂടി ഏറ്റെടുത്ത അയാൾ ഡൽഹിയുടെ ഹൃദയ ഭാഗത്തൂടെ വണ്ടിയെടുത്തു. രാഷ്‌ട്രപതി ഭവനും പാർലമെൻറ് മന്ദിരവുംകടന്നു ഞങ്ങൾ ഇന്ത്യ ഗേറ്റിനു മുൻപിൽ എത്തിയപ്പോളേക്കും സമയം ഉച്ച കഴിഞ്ഞിരുന്നു. അവിടെ നിന്നിറങ്ങിയ ഞങ്ങൾ ഡൽഹിയിലെ പുരാതനമായ വളരെയധികം പറഞ്ഞുകേട്ട ചാന്ദിനി ചൗക്ക് മാർക്കറ്റിലേക്ക് ടിക്കറ്റ് എടുത്തു. മെട്രോ സ്റ്റേഷന് തൊട്ടു മുൻപിലായി മാർക്കറ്റ് ഉള്ളതിനാൽ അധികം ബുദ്ധിമുട്ടേണ്ടി വന്നില്ല മാർക്കറ്റ് കണ്ടെത്താൻ.സൂചി കുത്താനിടമില്ലാത്ത വണ്ണം തിക്കും തിരക്കും നിറഞ്ഞ മാർക്കറ്റിലൂടെ തിരക്കിനൊപ്പം ഞങ്ങളും നീങ്ങി.മാർക്കറ്റ് ഉണർന്ന സമയമായതിനാൽ അവിടെ നിന്ന് തിരിച്ചിറങ്ങാൻ കഴിയാത്ത വിധം തിരക്കായിരുന്നു. ഒടുവിൽ പോവുന്ന ദിക്കിലുള്ള മെട്രോ സ്റ്റേഷൻ ഏതൊക്കെയെന്നു സെർച്ച്ചെയ്ത ഞങ്ങൾ ഗൂഗിൾ മാപ്പുമായി നടക്കാൻ ആരംഭിച്ചു . കുറച്ചു നടന്നു തുടങ്ങിയപ്പോഴെക്കും റെഡ് ഫോർട്ട് ഞങ്ങൾക്ക് മുൻപിൽ തെളിഞ്ഞു വന്നു കൊണ്ടിരുന്നു. സമയം വളരെയധികം വൈകിയതിനാൽ റെഡ് ഫോർട്ടിനകത്തു കടക്കാതെ ഞങ്ങൾ ലാൽ ക്വില മെട്രോ സ്റ്റേഷനടുത്തേക്ക് നടന്നു.അവിടെ നിന്ന് വിധാൻ സഭയിലേക്ക് ടിക്കറ്റ് എടുത്തു.അതിനടുത്തുള്ള മജ്നു ക ടില ആയിരുന്നു അപ്പൂപ്പന്താടിയുടെ സ്റ്റാർട്ടിങ് പോയിന്റ്. ഡെൽഹിക്കകത്തു ടിബറ്റൻ റെഫ്യൂജി കോളനി ഉണ്ടെന്നു കേട്ടപ്പോൾ കാണണം എന്ന് മനസ്സിലാഗ്രഹിച്ചതായിരുന്നു മജ്നു ക ടിലയും അവരുടെ മാർക്കറ്റും. ടിബറ്റൻ ചൈനീസ് ഫുഡിന് പേരുകേട്ട മാർക്കറ്റിൽ പക്ഷെ ഞങ്ങൾക്ക് ചിലവഴിക്കാൻ സമയം ഇല്ലാത്തതിനാൽ ഒരു നൂഡിൽസിൽ കാര്യം തീർത്ത ഞങ്ങൾ മാർക്കറ്റിനു പുറത്തിറങ്ങി. അപ്പോഴേക്കും ഞങ്ങൾക്കൊപ്പമുള്ളർ എത്തി തുടങ്ങിരുന്നു .ആറു മണിയായപ്പോളേക്കും എല്ലാവരും പരസ്പരം പരിചയപെട്ടു റെഡി ആയി ബസും കാത്തുനിൽപ്പായി . ഡൽഹിയിൽ നിന്ന് മണാലിക്ക് പോവുന്ന ആളുകളും ടൂറിസ്റ്റ് ബസുകളും ഒട്ടനവധി ഉണ്ടായിരുന്നു ആ പ്രദേശത്ത്‌ . ഒടുവിൽ കണ്ടു തീരാത്ത ഡെൽഹിയോട് യാത്ര പറഞ്ഞു അപ്പൂപ്പന്താടിക്കൊപ്പം യാത്ര ആരംഭിച്ചു. ഒരുപാടു നാളായി സ്വപ്നങ്ങളിൽ വന്നെന്ന മോഹിപ്പിച്ച മണാലിയെ തൊട്ടറിയാൻ. ഒരു രാത്രിക്കിപ്പുറം പാരാഗ്ലൈഡിങ്ങും, റിവർ റാഫ്റ്റിംഗും ,മഞ്ഞു പെയ്യുന്ന സോളാങ് വാലിയുമെന്നെ കാത്തിരിക്കുന്നെന്ന തിരിച്ചറിവ് സന്തോഷത്തേക്കാളുപരി സംതൃപ്തിയാണെനിക്ക് നൽകിയത്. 


No comments:

Post a Comment