Friday, 27 March 2015

ഓർമ്മകളിലേക്ക്


      കാത്തിരിപ്പുകൾക്കൊടുവിൽ ഞങ്ങളും ടൂർ പോവാൻ തീരുമാനിച്ചു. ഇത് കോളേജിലെ അവസാന നാളുകൾ. നാല് വർഷത്തെ കോളേജ് ജീവിതം ഒരുപാട് ഓർമ്മകൾ സമ്മാനിച്ചു.ഓർക്കാനും ഓർക്കാനഗ്രഹിക്കാത്തതും.ഒരു തിരിഞ്ഞു നോട്ടത്തിനോ നഷ്ടങ്ങളുടെ വിലയിരുത്തലിനൊ  ഇനി സമയമില്ല. ബാക്കിയായ നിമിഷങ്ങളെ മനോഹരമാക്കുക. ഒരു ടൂറെന്നു കേട്ടപ്പോൾ ഞങ്ങൾക്കെല്ലാം തോന്നിയ വികാരം ഇതായിരുന്നു.വെറും രണ്ടു ദിവസത്തെ ടൂർ എങ്കിൽ പോലും   ഹൊഗെനക്കലും കൊടൈക്കനാലും എനിക്ക് സമ്മാനിച്ചത്‌ പ്രതീക്ഷകൾക്കതീതമായ അനുഭൂതിയായിരുന്നു.ഞങ്ങളെന്നു വെച്ചാൽ ഏകദേശം 40 ഓളം പേരുണ്ടാകും.എം ഇ എസിലെ അവസാന വർഷ എഞ്ചിനീയറിംഗ് വിദ്യാർഥികൾ.പിന്നെ ഇ സി ഡിപാർട്ട്മെന്റിന്റെ സ്വന്തം നൗഫൽ സാറും,എടെറ്റ് ബിജോയ്‌ സാറും ലക്ഷ്മി മിസ്സും.
     
      ശനിയാഴ്ച രാവിലെ ഞങ്ങളെത്തിചേർന്നത്‌ ഹോഗനിക്കലാണ്. ഹൊഗെനെക്കൽ എന്ന
പേരിനെക്കാളുപരി  നരൻ  ഫിലിം ഷൂട്ടിംഗ് ലോക്കേഷൻ  എന്ന് പറയുന്നതായിരിക്കും തിരിച്ചറിയാനെളുപ്പം.വട്ടത്തോണിയിലെ യാത്ര തീർച്ചയായും പ്രതീക്ഷകൾക്കതീതമായിരുന്നു.
ജീവിതത്തിൽ ആദ്യമായാണ്  തോണിയിൽ വെള്ളച്ചാട്ടത്തിനു കുറുകെ സഞ്ചരിക്കുന്നത്.ഇവിടെ ഓരോ വട്ടതോണിയും പരസ്പരം മത്സരിക്കയായിരുന്നു. വെള്ളം തെറുപ്പിച്ചും വട്ടത്തിൽ കറങ്ങിയും.യാത്രക്കാരന്റെ മനസറിയുന്നവരാണ് തുഴയലുകാർ എന്ന് ഇടക്കെങ്കിലും തോന്നിപ്പോവും.തലയെടുപ്പോടെ നിൽക്കുന്ന പാറക്കെട്ടുകളും അവക്കിടയിലൂടെ ഒലിച്ചിറങ്ങുന്ന വെള്ളച്ചാട്ടവും യാത്രക്കാരെ പേടിപ്പെടുത്താൻ പാറയിടുക്കുകളിൽ നിന്ന് പുഴയിലേക്കെടുത്ത് ചാടുന്ന ചില വിരുതരും കൂടി രണ്ടുമൂന്നു മണിക്കൂർ മനോഹരമാക്കി തന്നു. എന്നിരുന്നാലും പുഴയുടെ  സൗന്ദര്യം തിരിച്ചറിയുന്നത് അതിലേക്കിറങ്ങുമ്പോളാണ്.
       ഹൊഗെനക്കലിനോട് യാത്ര പറഞ്ഞിറങ്ങുമ്പോൾ സമയം ഉച്ച കഴിഞ്ഞിരുന്നു.പിന്നീട് ലക്ഷ്യ സ്ഥാനം കൊടൈക്കനാൽ.മുൻപ് കൊടൈക്കനാലിൽ പോയിട്ടുണ്ടെങ്കിലും ഓരോ തവണയും യാത്രകൾ നമുക്ക് സമ്മാനിക്കുന്നത് വ്യത്യസ്തമായ അനുഭവങ്ങളല്ലേ.തീർച്ചയായും അത് നമുക്കൊപ്പമുള്ളവരെയും ആശ്രയിച്ചിരിക്കും.ഹൊഗനെക്കലിൽ നിന്ന് കൊടൈക്കനാലിലേക്കുള്ള 
ദീർഘ ദൂരയാത്ര ആരെയും മടുപ്പിക്കാത്ത പോലെ തോന്നി.എങ്ങനെ മടുപ്പിക്കാനാ എല്ലാരും  സെൽഫി എടുക്കുന്ന തിരക്കിലായിരുന്നു.
     കൊടൈക്കനാൽ ഞങ്ങളെ വരവേറ്റത് കനത്ത മഞ്ഞോടുകൂടിയാണ്.അവിടെ എത്തിയപ്പോളേക്കും രാത്രിയേറെ കഴിഞ്ഞിരുന്നു.ബസിലെ ഉറക്കമില്ലാത്ത യാത്രയും ഹൊഗനെക്കലിലെ പകലും അപ്പോഴേക്കും ഞങ്ങളെ അലട്ടി തുടങ്ങിയിരുന്നു.അത് കൊണ്ട് തന്നെ  എല്ലാരും വിശ്രമിക്കാൻ  തീരുമാനിച്ചു. പിറ്റേ ദിവസവും തണുപ്പിനു യാതൊരു കുറവുമില്ലായിരുന്നു.മഞ്ഞും ഇടക്ക് അഥിതിയായെത്തുന്ന മഴയും അല്പ്പം അലോസരപ്പെടുത്തിയെങ്കിലും കൊടൈക്കനാൽ ആസ്വദിക്കാൻ തന്നെ ഞങ്ങൾ തീരുമാനിച്ചിരുന്നു.രാവിലത്തെ ഭക്ഷണം കഴിച്ച് ചാറ്റൽ മഴയും കൊണ്ട് ഞങ്ങളിറങ്ങിയത്  റോമൻസിലെ പള്ളി കാണാനാണ്.പള്ളി മുറ്റത്ത്‌ കുറച്ചു നേരം നടന്നു.അപ്പോളേക്കും മഴയുടെ ശക്തി കൂടി വന്നിരുന്നു.ഒടുവിൽ മഴയ്ക്ക് നേരെ മുഖംതിരിച്ച്‌ ഞങ്ങൾ ബസിൽ കയറി.അടുത്ത ലൊക്കേഷൻ പൈൻ മരങ്ങൾക്കിടയിൽ.പൈൻ മരങ്ങളെ ലക്ഷ്യമാക്കി നീങ്ങുമ്പൊളും വഴിയോരക്കച്ചവടക്കാർ ആർത്തുവിളിക്കയായിരുന്നു. മഴ തീരട്ടെ എന്നു കരുതി കടകൾക്ക് ഓരം ചാരി നിന്നപ്പോൾ അവർ കൂടുതൽ വാചാലരായി.ഒടുവിൽ തിരഞ്ഞു പിടിച്ച് ഒരു തൊപ്പിയും വാങ്ങി ഞാൻ നടന്നു. പൈൻ മരങ്ങൾക്കിടയിലേക്ക്‌. അവക്കിടയിലൂടെ കുറച്ച് ദൂരം സഞ്ചരിച്ചു. അപ്പോഴേക്കും മഴ മാറി തുടങ്ങിയിരുന്നു. ഗുണ കേവും സൂയ്സൈഡ് പോയിന്റും കണ്ടു കഴിഞ്ഞപ്പോളേക്കും സമയം മൂന്ന് മണി കഴിഞ്ഞിരുന്നു.അപ്പോഴേക്കും വിശപ്പ്‌ കടന്നാക്രമിച്ചു തുടങ്ങി.
    വൈകീട്ടുള്ള ബോട്ടിങ്ങും സൈക്കിൾ റൈസും കഴിഞ്ഞപ്പോളെക്കും സമയം ഏതാണ്ട് സന്ധ്യയോടടുത്തിരുന്നു.പിന്നീട് രണ്ടു മണിക്കൂർ ഷോപ്പിംഗ്‌.നിരന്നു കിടക്കുന്ന കടകളിലെല്ലാം തന്നെ തിങ്ങി നിറഞ്ഞിരുന്നു യാത്രക്കാരുടെ സംഘങ്ങൾ. എന്തു വേണേലും വില പേശണം.അതിനു പിന്നെ മലയാളികളെക്കാൾ മിടുക്കരായി ആരുമില്ലല്ലോ.പക്ഷെ കടക്കാരായ തമിഴരും ഒട്ടും പിറകിലല്ലായിരുന്നു വാക്പയറ്റിൽ.കേരളത്തിലേക്ക് ഗൾഫ്‌ നാടുകളിൽ നിന്നും പണമൊഴുകുന്നു എന്ന് തുടങ്ങി അമല പോൾ,നയൻ‌താര വരെയുള്ള തമിഴ് സിനിമയിലെ മലയാളി നായികമാർ  വരെ എത്തി അവരുടെ നാവിൽ. പിന്നെ വിട്ടുവീഴ്ചകൾ ചെയ്തുതുടങ്ങി.എന്നിട്ടും വലിയ മെച്ചമൊന്നുമുണ്ടായില്ല.രണ്ടുമണിക്കൂറിനു പക്ഷെ അര മണിക്കൂറിന്റെ ആയുസ് പോലും ഇല്ലാത്ത പോലെ തോന്നി.തിരിച്ച് ബസിൽ കയറുംമ്പോളെക്കും സമയം 8 മണി കഴിഞ്ഞിരുന്നു.ഇനി ബാക്കി അവശേഷിക്കുന്നത് കലാശക്കൊട്ടായി ക്യാമ്പ് ഫയർ മാത്രം.അപ്പോഴും മഴ ഞങ്ങളെ പിരിയാതെ പിൻ തുടരുന്നുണ്ടായിരുന്നു.പക്ഷെ അതൊന്നും ക്യാമ്പ് ഫയറിനെയോ ഞങ്ങളെയോ തെല്ലും ബാധിച്ചിരുന്നില്ല.
    ക്യാമ്പ് ഫയറും ഭക്ഷണവും കഴിഞ്ഞ് തിരിച്ച് ബസിൽ കയറുമ്പോൾ  ഈ രാത്രി അവസാനിക്കാതിരിക്കട്ടെ എന്ന് തോന്നിപ്പോയി.രണ്ടു ദിവസം എത്രയോ വേഗത്തിൽ കടന്നു പോയി.പരാതിയും പരിഭവങ്ങളും ഇല്ലാതെ.ഒടുവിൽ കൊടൈക്കനാലും ഞങ്ങളെ യാത്ര അയക്കുകയാണ്. നിറ കണ്ണുകളോടെ ഒരായിരം ഓർമ്മകൾ നെയ്തു തന്നെന്ന ചാരുതാർഥ്യത്തോടെ. 

Wednesday, 18 February 2015

ഞാൻ നുജൂദ്,വയസ് 10 ,വിവാഹ മോചിത

മനക്കരുത്തിന്റെ, ആത്മ ധൈര്യത്തിന്റെ  അന്താരാഷ്ട്ര ബിംബമായി ദി ന്യൂ യോർക്കർ  വിശേഷിപ്പിച്ച ,യമൻ  ചരിത്രത്തിൽ  ഒരു  പുതിയ അദ്ധ്യായത്തിനു തുടക്കം കുറിച്ച നുജൂദ് അലി, ലോകത്തിലെ  ഏറ്റവും  പ്രായം  കുറഞ്ഞ വിവാഹ മോചിത.നുജൂദ്  അലിയുടെ കഥയ്ക്ക്  കാലത്തിന്റെ  പഴക്കമേറെയില്ല. ആത്മ ധൈര്യത്തിന്റെ അതി ജീവനത്തിന്റെ  തന്റെ  ജീവിതം ഡെൽഫിൻ മിനോയിക്കൊപ്പം ചേർന്ന് ലോകത്തോട്‌ വിളിച്ചു പറയാൻ അന്ന്  ആ പത്തുവയസുകാരി കാണിച്ച ധൈര്യം ഇന്നും ഭാഷ ഭേദമന്യേ  ചർച്ച ചെയ്യപ്പെടുന്നു.       നുജൂദ് അലി  അസാധാരണമായ കഴിവുകളുള്ള,സാഹസികത ഇഷ്ടപ്പെടുന്ന ഒരു പെണ്‍കുട്ടിയല്ല.യമനിലെ ഒരു സാധാരണ കുടുംബത്തിൽ ജനിച്ച അവൾ പക്ഷെ ഏഴ് വർഷങ്ങൾക്ക് മുൻപ് വാർത്തകളിൽ നിറഞ്ഞു. പത്താം വയസിൽ വിവാഹ മോചനം  നേടുന്ന ആദ്യ പെണ്‍കുട്ടിയെന്ന  നിലയിൽ. ശൈശവ വിവാഹം  എത്ര ക്രൂരവും നീചവുമെന്നു നുജൂദിനെക്കാൾ ശക്തമായി ലോകത്തോട്‌ വിളിച്ചു പറയാൻ മറ്റൊരാൾക്കാവില്ല. ജീവിതമെന്തെന്നു അറിഞ്ഞു തുടങ്ങും മുൻപേ തന്നെക്കാൾ മൂന്നിരട്ടി പ്രായമുള്ള ഒരാളെ വിവാഹം കഴിക്കാൻ നിർബന്ധിതയാവുകയും പിന്നീട് നരക തുല്യമായ ജീവിതത്തിലേക്ക് വലിച്ചെറിയപ്പെടുകയും  ചെയ്തെങ്കിലും  വിധിയോടു പോരാടാൻ, ദുരിത പൂർണ്ണമായ ജീവിതത്തിൽ നിന്ന് രക്ഷ നേടാൻ  തീരുമാനിച്ചതോടുകൂടി അവളുടെ  ജീവിതം അസ്വാഭാവികതകളിലേക്ക്  വഴി മാറുകയായിരുന്നു. സ്വന്തം കുടുംബത്തെയും സമൂഹത്തെയും എതിർത്ത് കൊണ്ട് വിവാഹ മോചനം എന്ന തീരുമാനത്തിൽ അവളുറച്ചു നിന്നു. എല്ലാ വാതിലും കൊട്ടിയടക്കപ്പെട്ടപ്പോൾ  രണ്ടാനമ്മയുടെ  ഉപദേശത്തിന്റെ  പുറത്ത് നിയമ സഹായം തേടിയ ആ പെണ്‍കുട്ടിക്ക് പക്ഷെ നിരാശയാകേണ്ടി വന്നില്ല. നുജൂദിന്റെ കഥയറിഞ്ഞപ്പോൾ അവളുടെ ആവശ്യം തിരിച്ചറിഞ്ഞപ്പോൾ  ആ കോടതിയിലെ ജഡ്ജിമാർ അനുഭവിച്ച അതേ മാനസിക സംഘർഷവും  അസ്വസ്ഥതയുമാണ് ഈ  കഥ വായിച്ചു തുടങ്ങുമ്പോൾ ഓരോ വായനക്കാരനും അനുഭവപ്പെടുന്നത്. ഏറ്റവും സങ്കീർണ്ണവും അസാധാരണവുമായ  കേസെന്ന് വിശേഷിപ്പിച്ചെങ്കിൽപ്പോലും നരകയാതയിലേക്ക് വീണ്ടുമവളെ  വലിച്ചെറിയാൻ  ആ  കോടതിയിലെ ജഡ്ജിമാരായ മുഹമ്മദ്‌ അൽ ഖാസി,അബ്ദുള്ള , അബദിൽ  വഹീദ് എന്നിവർ ഒരുക്കമല്ലായിരുന്നു.
      യമനിലെ പെണ്‍കുട്ടികളുടെ അവകാശങ്ങൾക്കും  സ്വാതന്ത്ര്യത്തിനും  വേണ്ടി  പോരാടുന്ന മനുഷ്യാവകാശ  പ്രവർത്തകയും അഡ്വക്കേറ്റുമായ  ഷാദ നാസറിന്റെ  കടന്നു വരവ് അവളുടെ ജീവിതത്തെ  തന്നെ മാറ്റി മറിച്ചു. നുജൂദിന്റെ കഥ ലോക മാധ്യമങ്ങളേറ്റെടുത്തതോടെ വീട്ടുകാരിൽ നിന്നിലെങ്കിൽ പോലും ലോകത്തിന്റെ പല കോണിൽ നിന്നും അവൾക്കു പിന്തുണയും സഹായവും ലഭിച്ചു .
      നുജൂദിന്റെ ജീവിതം തീർച്ചയായും ഒറ്റപ്പെട്ട സംഭവമല്ല. കുടുംബത്തിന്റെ അന്തസിന്റെയും  മറ്റ്  അനാചാരങ്ങളുടെയും പേരിൽ പതിനെട്ട് വയസ്സിനു മുൻപേ വിവാഹിതരാവാൻ നിർബന്ധിതരാവുന്ന എത്രയോ പെണ്‍കുട്ടികൾ ഇന്നീ ലോകത്തുണ്ട്. സുഖകരമായ ദാമ്പത്യത്തിനു പെണ്‍കുട്ടികളെ ചെറു പ്രായത്തിലെ വിവാഹം കഴിപ്പിക്കുക എന്ന യമന്റെ പഴമൊഴി നാം അറിഞ്ഞത് നുജൂതിന്റെ ജീവിതത്തിലൂടെയാണ്. ശൈശവവിവാഹം യമനിൽ മാത്രമല്ല നടന്നു  വരുന്നത്. ലോകത്തിന്റെ പല കോണിലും നിയമങ്ങൾക്കും മനസാക്ഷിക്കുമതീതമായി വിവാഹങ്ങൾ നടന്നുവരുന്നു. പക്ഷെ അവരുടെ ജീവിതം പലപ്പോഴും പുറം  ലോകമറിയുന്നില്ല അല്ലെങ്കിൽ പത്തു വയസിൽ നുജൂദ് കാണിച്ച ധൈര്യമും മനക്കരുത്തും അവർക്കില്ലാതെ  പോകുന്നു. ഈ കഥ തീർച്ചയായും ഒരു പ്രചോദനമാണ്. പാതിവഴിയിൽ ചിറകുകൾ നഷ്ടപ്പെട്ട  മാലാഖമാർക്ക് ഉയർത്തെഴുന്നേൽക്കാനും വീണ്ടും സ്വപ്‌നങ്ങൾ കാണാനും.

Thursday, 1 January 2015

ഒരു പകലിനിപ്പുറം

ഒലിച്ചിറങ്ങിയ  മഴത്തുള്ളികൾ
ജനൽ പാളിയിൽ
വന്നുരസുമ്പൊഴും
മനസ്  ചിന്തകളെ ചികയുകയായിരുന്നു .
ഒരു  പകലിനിപ്പുറം
ജീവിതമാകെ മാറി.
ഇന്നെനിക്കു  ചുറ്റും അപരിചിതത്വത്തിന്റെ
കൽപ്പടവുകൾ  മാത്രം.
അപ്രതീക്ഷിതമായി പെയ്തിറങ്ങിയ
മഴയിൽ ഒരുരാവലിയുമ്പൊഴും
ഉറങ്ങാൻ  മടിക്കയായിരുന്നു
നഗര വിളക്കുകൾ.
അവയിൽ നിന്നകലുന്ന
മങ്ങിയ വെളിച്ചത്തിൽ
ഒരു  രാവിന്റെ  ഭാണ്ഡം 
പേറിയോടുന്ന വാഹനങ്ങൾക്ക്
പക്ഷെ വിയർപ്പിന്റെ
ഗന്ധമില്ലായിരുന്നു.
ഇവിടെ ജീവിതങ്ങൾ മാറി മറയുന്നു
കാഴ്ചകൾ കാലഹരണപ്പെടുന്നു.
ഒടുവിൽ ഓർമ്മകളും
വഴിമാറുന്നു
പുതിയ സ്വപ്നങ്ങൾക്കായി.

Thursday, 25 September 2014

അയിഷ


ഏകാന്തത  എന്നും  അവളെ അലട്ടിയിരുന്നു. എന്നിട്ടും  അവൾക്കൊപ്പൊമുള്ളവരോ  അവളുടെ  കൂടെ നടന്നവരോ  അവളെ തിരിച്ചറിഞ്ഞില്ല.വർഷങ്ങൾക്കിപ്പുറം  വീണ്ടും  ഈ  സ്കൂൾ മുറ്റത്തു തിരിച്ചെത്തിയപ്പോൾ അവളുടെ ഓർമ്മകൾ  കൂടുതൽ  വേദനിപ്പിക്കുന്നു.കാലമെത്രയോ  കഴിഞ്ഞിരിക്കുന്നു .എന്നിട്ടും  അവളുടെ  മുഖം മനസ്സിൽ  നിന്നും മായുന്നില്ല.
                  ജീവിതത്തിൽ  എന്തെക്കെയോ  ചെയ്യണമെന്നാഗ്രഹിച്ച ,ജീവിതത്തിൽ  എന്തെക്കൊയോ  നേടണമെന്നാഗ്രഹിച്ച  പ്രത്യാശയുടെ  സ്വപ്നങ്ങൾ  മാത്രം കണ്ടു  നടന്നിരുന്ന  ഒരു പെണ്‍കുട്ടി അയിഷ. അവളുടെ  സ്വപ്നങ്ങളിൽ  നിന്ന് എന്നാണ് വർണങ്ങൾ  അപ്രത്യക്ഷമായി  തുടങ്ങിയതെന്നറിയില്ല. അവളതാരോടും പറയാനും  ശ്രമിച്ചില്ല . ഒരു  പക്ഷെ കാലത്തിന്റെ  കണക്കു കൂട്ടലുകളിൽ തന്റെ  സ്വപ്‌നങ്ങൾ പിഴുതെറിയപ്പെടും എന്നവൾ  മുൻപേ തിരിച്ചറിഞ്ഞിരിക്കണം. അതു കൊണ്ടായിരിക്കാം അവൾ  ഏകാന്തതയെ സ്നേഹിച്ചു  തുടങ്ങിയത്. മനസിന്റെ  സങ്കീർണ്ണതകൾ  പലപ്പൊഴും അവളെ വേദനിപ്പിച്ചിരുന്നു . പക്ഷെ  അവളണിഞ്ഞ ചായങ്ങൾ  എല്ലാം  മറച്ചു വെച്ചു . ഇന്നിന്റെ നേർത്ത വ്യതിയാനങ്ങൾ  പോലും  അവളെ ഭയപ്പെടുത്തിയിരുന്നു. വർണങ്ങളുടെയും  വരകളുടെയും സ്വപ്നങ്ങളുടെയും  ലോകത്ത്  നിന്ന് പുതിയൊരു ജീവിതത്തിലേക്കവളെ  സമൂഹവും  സാമൂഹ്യ വ്യവസ്ഥയും  വലിച്ചിഴച്ചപ്പോൾ  അതുൾക്കൊള്ളാൻ അവൾക്കാകുമായിരുന്നില്ല. തന്റെ  സ്വപ്നത്തിലേക്കുള്ള  ദൂരം കൂടുന്നതനുസരിച്ച്  അവൾക്കുള്ളിലും  ഭാവ ഭേദങ്ങൾ മാറി  മറഞ്ഞു . ഏതോ  ഒരു  രാവിൽ അവൾ  തന്റെ  വിധി  തിരുത്തിയെഴുതി. അവസാനമായി  അവളെ  കാണുമ്പോൾ അവളുടെ  മുഖത്ത്  നിന്ന്  പുഞ്ചിരി  മാഞ്ഞിട്ടില്ലായിരുന്നു. തന്റെ  വിധി  സ്വയം  തിരുത്തിയെഴുതിയതിന്റെ  ചാരിതാർത്ഥ്യം.
       വർഷങ്ങൾക്കിപ്പുറം  വീണ്ടും ഈ  സ്കൂൾ മുറ്റവും  ഇവിടത്തെ  കുട്ടികളും അവളുടെ  നിഷ്കളങ്കമായ  മുഖം  ഓർമിപ്പിക്കുന്നു. അന്ന്  അതുൾകൊള്ളാൻ  കഴിഞ്ഞില്ലെങ്കിലും ഇന്ന്  ഞാൻ  അവളെ  തിരിച്ചറിയുന്നു. ഇന്നിവിടെ  ഓടിക്കളിക്കുന്ന  പലരിലും  അവളുടെ  ചിന്തയുടെ  അംശങ്ങൾ ഉണ്ടായിരിക്കാം. അത്  തിരിച്ചറിയാൻ  അവർക്കൊപ്പം  നടക്കാൻ  ആരുമില്ലാതാകുമ്പോൾ  ഉണ്ടാകുന്ന  വേദനയുടെ  മറു  മരുന്നുകൾ കണ്ടെത്തുമ്പോഴേക്കും  കാലം  പിന്നിട്ടിരിക്കും.വളരെ  ദൂരം .

Monday, 14 July 2014

ഇറാഖ്‌.

ഒരായുസിന്റെ  സ്വപ്നങ്ങളും
പ്രതീക്ഷകളും
യുദ്ധ ഭൂമിയിലുപേക്ഷിച്ച്
സ്നേഹത്തിന്റെ,സ്വാന്തനത്തിന്റെ
മാലാഖമാർ തിരിച്ചെത്തിയപ്പോൾ
ഒരു നാട്
വികാരധീനമായി.
അപ്പൊഴും ഇറാഖ്‌
എരിയുകയായിരുന്നു
ഭയപ്പെടുത്തുന്ന വെടിയൊച്ചകളും
ചിതറിത്തെറിച്ച ഗ്രനേഡുകളും
ഇറാഖിന്റെ
മാറ് പിളർന്നു.
രക്തത്തിൽ കുതിർന്ന കൈകൾ
ജീവനായി യാചിക്കുമ്പോൾ
കടിച്ചു കീറിയ മൃതശരീരം
പോലെ നിശ്ചലമായി
ഇറാഖ്‌.
മുറിവിലൂടൊലിച്ചിറങ്ങിയ
ചോരാത്തുള്ളികളിൽ നിന്ന്
പച്ച മാംസത്തിന്റെ മണം
ഇനിയുമകന്നിട്ടില്ല.
ചിതറിത്തെറിച്ച
കൈകളിൽ നിന്നുടഞ്ഞു വീണു
ഒരു  നാടിന്റെ സ്വപ്‌നങ്ങൾ.
എന്തിനായിരുന്നീ
 കൂട്ടക്കുരുതി?
ചോരയിൽ കുളിച്ചകുഞ്ഞിനെ
വാരിപ്പുണരുന്ന അച്ഛനും
യുദ്ധ ഭൂമിയിൽ തളർന്നു
വീണ അമ്മമാരും
സ്വപ്‌നങ്ങൾ നഷ്ടമായതറിഞ്ഞു
വിലപിക്കുന്ന
സഹോദരങ്ങളും നിറഞ്ഞ
ഇറാഖിനി
പുനർ ജനിക്കുമോ
അവശേഷിക്കുന്ന
ചാരത്തിൽ നിന്ന് ?
 

Saturday, 15 February 2014

നിന്നോർമ്മയിൽ

കനൽ മൂടിയിട്ട നിന്നോർമ്മയിൽ
ഇന്നെന്നാത്മാവ് നീറുന്നു.
വഴി  മാറി വന്നിടും വസന്തവും
ശിശിരവും
അണയാത്ത നിന്നോർമ്മകളെ
വിസ്മരിക്കാൻ.
അണയാൻ  വെമ്പുന്ന
ദീപ നാളങ്ങളിലെ
കനിവറ്റ മെഴുകുതിരിയിന്നു ഞാൻ.
ഇരുണ്ട തമോഗർത്തങ്ങളെ
മനസാവരിക്കവേ
ഒരു ദീപനാളമായി
നീ അരികിലെത്തി.
ദിശയറിയാതലഞ്ഞു
നാം മുൾപ്പരപ്പിൽ.
കനലുകൾ വേവുന്ന
നെരിപ്പോടുകളിൽ.
ഇടയിലെവിടെയോ നാം
തിരിച്ചറിഞ്ഞു
പഥികരാം നമുക്കൊരേ പാത.
അകലെ  വിരിഞ്ഞ നീലക്കുറിഞ്ഞിക്കായി
അതിരറ്റ നോമ്പുകൾ നോറ്റു നാം.
ഋതു ഭേദങ്ങൾ വഴി മാറി വന്നു
കാലം കൽപ്പടവിലെത്തി.
പക്ഷെ  കാൽപ്പനികതയിൽ
നീയലിഞ്ഞു.
ഇന്നു  നീ  വെറുമൊരോർമ്മ മാത്രം
പുസ്തകത്താളിലെ
അക്ഷരക്കൂട്ടുകളിൽ,
അറിയുന്നു ഞാൻ നിൻ സ്പന്ദനം.
ഇടതോരാതെ  പെയ്യുന്ന പേമാരിയിൽ
മാറ്റൊലി  കൊള്ളുന്നു കാലൊച്ചകൾ.
ചിതലരിക്കാത്ത ഓർമ്മകളിൽ
വിടരുന്നു നിൻ പുഞ്ചിരിയെന്നും.


 

Tuesday, 7 January 2014

ക്ഷണികം



ഒരു മഞ്ഞു നീർകണം
നീയെന്നോട്‌  യാത്ര  ചൊല്ലവേ
അറിയുന്നു  ഞാൻ
കാലത്തിന്റെ  ക്ഷണികത.
ഇന്നലെ നടന്ന  വഴികൾക്കന്യമായി
തീർന്നു  കായലും
പുൽപ്പരപ്പും
അവയെ  താലോലിച്ചോ-
രാർദ്രമാം  മനസ്സും
കാല ചക്രം തിരിയുന്നു
പിൻ തിരിയാതെ
അവക്കൊപ്പമെത്താനോടാവേ
തളർന്നു വീഴുന്നു
പാതി  വഴിയിൽ  പലതും
വിധിയെന്നോർത്താശ്വസിക്കുന്നു
പലരും,  എന്നിട്ടും
വിളിച്ചു  വരുത്തിയ
വിധിയെ പഴിക്കാൻ  മടിക്കുന്നു
തിരുത്താൻ  മടിക്കുന്നു
ഒടുവിൽ തീർപ്പ് കൽപ്പിക്കുന്നു
ഇതാണ്  വിധി
ഇതാണ് ജീവിതം
ഇവിടെ എല്ലാം ക്ഷണികം
എല്ലാം നല്ലതിന് .

Wednesday, 1 January 2014

പുതുവർഷം

ഒടുവിൽ 2013 ഉം  വിട  പറഞ്ഞു .ഒരു വർഷക്കാലം 
തന്റെ  പദവി മനോഹരമായി  വിനിയോഗിച്ച 
2013 കണ്ണീരോടെ  ആ ശ്രേഷ്ഠ പദവി  കൈമാറി.
ഇനി  ഭരണ കാലം  2014 ന് .
  ലോക മെമ്പാടുമുള്ള ജനങ്ങൾ  ആഹ്ലാദത്തോടെ 
ആരവത്തോടെ  ആ സുദിനത്തിന്  സാക്ഷ്യം വഹിച്ചു.
ഇനി  അവശേഷിക്കുന്നത്  മനോഹരമായ  ഓർമ്മകൾ 
മാത്രം.കളിച്ചും ചിരിച്ചും  സന്തോഷിച്ചും  ഇടയിലെവിടയോ 
ഈറനണിഞ്ഞും  ഒരു പാട് സുദിനങ്ങൾ .
അവയെല്ലാം  ഓർമ്മയുടെ താളുകളിലേക്ക് മടങ്ങുന്നു.
   ഒരു  നറു പുഞ്ചിരിയോടെ ഒരുപാടു വാഗ്ദാനങ്ങളുമായെത്തി 
നിൽക്കുന്ന  ഈ  പുതു വർഷം ഏവർക്കും  സന്തോഷവും 
സമാധാനവും  നൽകട്ടെ .

          പുതുവത്സരാശംസകൾ

Monday, 23 December 2013

നിള

കാത്തിരുപ്പുകൾക്കൊടുവിൽ
നിളയുടെ  മാറ് പിളർന്നൊരു
പാർക്കെത്തി
നിളാ പാർക്ക്‌.
കട കമ്പോളങ്ങളെത്തി
കുട്ടികളെത്തി.
അവരെ ആനയിച്ച്
ലക്ഷങ്ങൾ പിറകെയെത്തി.
എന്നിട്ടും  അവരൊന്നും
കണ്ടില്ല, ചിരിക്കുന്നൊരാ നിളയെ
പകരം അവർ കണ്ടെത്തി
കണ്ണീരു വറ്റിയ
മരുപ്പരപ്പായ  നിളയെ
വാക്കുകളാൽ കുത്തിനോവിച്ചു
പരിഹസിച്ചു
അന്തിമോപചാരമർപ്പിച്ചു .
മറ്റു ചിലരാകട്ടെ സഹതപിച്ചു,
ഇന്നലെയുടെ
വർണ്ണ വിസ്മയങ്ങളോതി.
എല്ലാറ്റിനും സാക്ഷിയായി
തൊട്ടപുറത്തു മൗനമായി
നിന്നു  മല്ലൂരെത്തേവർ...

Wednesday, 18 December 2013

നിർഭയ ...ഒരു വർഷത്തിനിപ്പുറം



നിർഭയ ....ഓരോ ഇന്ത്യക്കാരനും  ഒരു  പക്ഷെ ലോക മനസാക്ഷി മുഴുവനും  ഞെട്ടലോടെ  ഏറ്റുവാങ്ങിയ  ആ  കറുത്ത ദിനങ്ങൾക്ക്‌ ഒരാണ്ട്.ആയിരങ്ങളുടെ  പ്രാർത്ഥനകൾക്കും  പ്രതീക്ഷകൾക്കും  വിരാമമിട്ട്  നിർഭയ പോയി മറഞ്ഞപ്പോൾ ഇനി  ഒരു രക്തസാക്ഷി  കൂടി ഉണ്ടാകരുതേ എന്ന് നാം ഓരോരുത്തരും ആഗ്രഹിച്ചു .
         പക്ഷെ  പിന്നീടിങ്ങോട്ട്‌  ഒരുപാടിരകളെ നാം  കണ്ടതാണ്.പ്രായഭേദമന്യേ  പിഞ്ചുകുഞ്ഞുങ്ങൾ  മുതൽ മധ്യ വയസ്കർ  വരെ പീഡനങ്ങൾക്കിരയായി.വിവര  സാങ്കേതിക  വിസ്ഫോടനത്തിന്റെ  ഈ  കാലഘട്ടത്തിൽ  മനുഷ്യ  മനസാക്ഷിയെ ഞെട്ടിക്കുന്ന ഒരു  വാർത്തയെങ്കിലുമില്ലാതെ  നേരം  പുലരില്ലെന്നതാണ് സത്യം.എന്തു കൊണ്ടാണ് സ്ത്രീകൾക്കെതിരെയുള്ള  ചൂഷണങ്ങൾ ഇത്രയേറെ വർധിക്കുന്നത്? ഉത്തരം  കണ്ടെത്തുക  അസാധ്യമാകും.പ്രതികരിക്കാത്ത  ഒരു  ജനത സൗമ്യയെ  മരണത്തിന് വിട്ടു നൽകിയപ്പോൾ, പ്രതികരിക്കാൻ  മൂർച്ചയേറിയ  ആയുധം കൈയിലുള്ള  പത്ര മാധ്യമ  രംഗത്തെ അധികായൻ തരുണ്‍ തേജ്പാലും,നിയമത്തിന്റെ  കാവലാളായ ജസ്റ്റിസ്  ഗാംഗുലിയുമെല്ലാം ആരോപണ വിധേയരായത് നാം  കണ്ടതാണ്.സ്വന്തം വീടുകളിൽ നിന്നു തുടങ്ങി ജോലി സ്ഥലങ്ങളിൽ  വരെ  തുടരുന്നു ഈ ക്രൂരത .രക്ത ബന്ധങ്ങളും ദൈവതുല്യരായ ഗുരുക്കന്മാരുമെല്ലാം  പിൻതിരിഞ്ഞു  കൊത്തുമ്പോൾ സ്വന്തം  നിഴലിനെപ്പോലും വിശ്വസിക്കാൻ കഴിയാത്ത ഒരവസ്ഥയിലെത്തിയിരിക്കുന്നു  ഇന്നത്തെ  സ്ത്രീ  സമൂഹം.
              ഈയൊരവസ്ഥ  തുടർന്നാൽ സ്കൂളുകളിൽ പഠന വിഷയങ്ങൾക്കൊപ്പം  പ്രതിരോധ മാർഗങ്ങളും പാഠ്യവിഷയമാക്കേണ്ടി  വരും.സ്ത്രീക്ക്  മഹത്തായ  സ്ഥാനം  നൽകി ആദരിച്ചിരുന്ന ഭാരതീയ സംസ്കാരം കൈമോശം വരാതെ  കാത്തുസൂക്ഷിക്കാൻ   ഇനി വരുന്ന തലമുറയെ പ്രാപ്തരാക്കേണ്ടത് നമ്മുടെ കടമയാണ്.അല്ലെങ്കിൽ  ഒരു പക്ഷെ  വീണ്ടും സ്ത്രീകൾ അടുക്കളയിലേക്ക് മടങ്ങേണ്ടി വരുന്ന ഒരു കാലം വന്നേക്കാം.അതില്ലാതിരിക്കാൻ നമുക്ക്  പ്രാർത്ഥിക്കാം.

Friday, 6 December 2013

ഫെയ്സ്ബുക്കുകൾ പറയുന്നത്

 അവിചാരിതമായി  വീണുകിട്ടിയ  ഒരവധി.കേരളത്തിലേക്ക്  പറന്നിറങ്ങുമ്പോൾ അയാളുടെ  മനസ്  നിറയെ സ്വപ്നങ്ങളായിരുന്നു.നിറമുള്ള  ഓർമ്മകളായിരുന്നു.ഇത്തവണത്തെ  വരവിനു 
തന്റെ  പഴയ ക്യാമ്പസിലേക്ക്  പോകണം, അർജുനൊപ്പം .
             ഒരിക്കലും  മറക്കാനാവാത്ത ഓർമ്മകൾ തനിക്കു  സമ്മാനിച്ച  തന്നെ താനാക്കിയ  ക്യമ്പസ്.വർഷങ്ങൾ  പിന്നിട്ടിട്ടും ആ  ക്യാമ്പസിന്റെ ഓരോ  കോണും തനിക്ക്‌ പരിചിതമാണ്. അയാൾ ഓർത്തു.എല്ലാം ഇന്നലെ കഴിഞ്ഞ  പോലെ .ജീവിതത്തിലെ മനോഹരമായ  ഒരധ്യായം.വർണ്ണങ്ങളുടെ  ഒരു ലോകം .എന്തായിരിക്കും ആ  ക്യാമ്പസിന് ഇന്നു തന്നോട്  പറയാനുള്ളത് .വർഷങ്ങൾക്കു  ശേഷമുള്ള  ഒരു കൂടിക്കാഴ്ച്ച.ക്ലാസ്സ്‌ മുറിയിലെ  ചുമരുകളിൽ  കോറിയിട്ട  ചിത്രങ്ങൾ  അതിന്നപ്രത്യക്ഷമായിരിക്കും .സമരം നടത്തിയും  വഴക്കടിച്ചും  നടന്ന പാതകൾ  അതിന്നവിടെ  കാണുമോ?അയാളുടെ  മനസ്  പഴയതെന്തൊക്കെയൊ ചികഞ്ഞെടുക്കുകയായിരുന്നു.പരിസരം  പോലും  മറന്നുള്ള  ഒരിരുപ്പ്.കാറ്  നിരത്തിലൂടെ  അതിവേഗം കുതിച്ചോടുന്നു.പക്ഷെ  അയാൾക്ക്  യാതൊരു  ഭാവ വ്യത്യാസവും  ഇല്ല.ആയിരം പൂർണ്ണ ചന്ദ്രന്മാരെ ഒരിമിച്ചു കാണാൻ പോകുന്ന പോലെ  ഒരനുഭൂതി.പക്ഷെ അർജുന്റെ മുഖത്ത് സന്തോഷമൊന്നും ഇല്ല.അവന്റെ  കണ്ണുകൾ ഫേസ്ബുക്കിന്റെ താളുകളിലാണ്. അജ്ഞാതരായ തന്റെ സുഹൃത്തുക്കൾക്ക്   മാറി  മാറി സന്ദേശങ്ങൾ അയച്ച് അവൻ സമയം  തള്ളി നീക്കുന്നു.ഈ  സൗഹൃദകൂട്ടായ്മ ഇന്നവന്റെ  ജീവ  താളമാണ്.അർജുൻ മറ്റൊന്നിലും ശ്രദ്ധിക്കുന്നില്ലെന്നു  മനസിലാക്കിയ അയാൾ  ഡ്രൈവറോട് അൽപ്പം കുശലം പറഞ്ഞു പുറത്തേക്ക്  കണ്ണും  നട്ടിരുന്നു. ഓരോ  മിനുട്ടിനും ഒരായുസ്സിന്റെ  ദൈർഘ്യം.കണ്ടു മറന്ന പാതകൾ വീണ്ടും  കണ്മുന്നിലൂടെ നീങ്ങിയകലുമ്പോൾ അവ്യക്തമായ പലതും മനസ്സിൽ തെളിഞ്ഞു വരുന്നു.
ദൂരെ തന്റെ  പഴയ കലാലയം ദൃശ്യമായപ്പോൾ അയാളുടെ ഹൃദയമിടിപ്പ് കു‌ടി. എല്ലാം  ഇന്നലെ കഴിഞ്ഞ പോലെ.ആ  കാറ്റു പോലും തന്നെ  തിരിച്ചറിയുന്നതായി അയാള്ക്ക് തോന്നി.കാറിൽ  നിന്നിറങ്ങുമ്പോൾ സ്വർഗത്തിലെത്തിയ  ഒരനുഭൂതി .അയാൾ  ചുറ്റും  നോക്കി .താനോടി  നടന്ന ക്യാമ്പസ്.ജീവിതത്തോട്  പൊരുതാൻ ,ജീവിതത്തെ  സ്നേഹിക്കാൻ  തന്നെ പഠിപ്പിച്ച,സ്വപ്നം  കാണാൻ പഠിപ്പിച്ച ,പ്രണയങ്ങൾ  ഇതൾ വിരിഞ്ഞ,നല്ല സൗഹൃദങ്ങളുടെ സ്പന്ദനങ്ങൾ ഇന്നും വിട്ടു മാറാത്ത പാതയോരങ്ങൾ.ഒരുപാട്  തലമുറകൾ കളിച്ചും ചിരിച്ചും കടന്നു പോയ  ആ ക്യാമ്പസ്  അതിനിന്നും ഒരു പതിനേഴുകാരിയുടെ  സൗന്ദര്യമാണെന്ന്  തോന്നി അയാൾക്ക്.
         ഒരു സ്വപ്ന ലോകത്തിലെന്ന പോലെ അയാൾ ഞെട്ടിയുണർന്നു."അർജുൻ  കം വിത്ത് മി" അയാൾ   മകനെ വിളിച്ചു .പക്ഷെ  അവനപ്പൊഴും തന്റെ ഫെയ്സ്ബുക്ക്‌  പേജിൽ പരതിക്കൊണ്ടിരിക്കുകയായിരുന്നു .അമേരിക്കയിലെയും  ഓസ്ട്രേലിയയിലെയും അജ്ഞാതരായ
സുഹൃത്തുക്കൾക്ക്  വേണ്ടി .അയാൾ ഒരു  നിമിഷം മൗനമായ്  നിന്നു.മനസ്സിലെവിടെയോ ഒരു വിങ്ങൽ.അവനെ  ശല്യപ്പെടുത്തേണ്ടെന്നു കരുതി അയാൾ നടന്നു.ഓർമ്മകൾ  തളം കെട്ടി നിൽക്കുന്ന  ആ  വരാന്തയിലൂടെ നടക്കുമ്പോഴും അയാൾ  ആലോചിക്കുകയായിരുന്നു .എന്താണീ  ഫെയ്സ്ബുക്കുകൾക്ക്  ഇത്ര  പറയാനുള്ളത് ?