Wednesday 18 February 2015

ഞാൻ നുജൂദ്,വയസ് 10 ,വിവാഹ മോചിത

മനക്കരുത്തിന്റെ, ആത്മ ധൈര്യത്തിന്റെ  അന്താരാഷ്ട്ര ബിംബമായി ദി ന്യൂ യോർക്കർ  വിശേഷിപ്പിച്ച ,യമൻ  ചരിത്രത്തിൽ  ഒരു  പുതിയ അദ്ധ്യായത്തിനു തുടക്കം കുറിച്ച നുജൂദ് അലി, ലോകത്തിലെ  ഏറ്റവും  പ്രായം  കുറഞ്ഞ വിവാഹ മോചിത.നുജൂദ്  അലിയുടെ കഥയ്ക്ക്  കാലത്തിന്റെ  പഴക്കമേറെയില്ല. ആത്മ ധൈര്യത്തിന്റെ അതി ജീവനത്തിന്റെ  തന്റെ  ജീവിതം ഡെൽഫിൻ മിനോയിക്കൊപ്പം ചേർന്ന് ലോകത്തോട്‌ വിളിച്ചു പറയാൻ അന്ന്  ആ പത്തുവയസുകാരി കാണിച്ച ധൈര്യം ഇന്നും ഭാഷ ഭേദമന്യേ  ചർച്ച ചെയ്യപ്പെടുന്നു.       നുജൂദ് അലി  അസാധാരണമായ കഴിവുകളുള്ള,സാഹസികത ഇഷ്ടപ്പെടുന്ന ഒരു പെണ്‍കുട്ടിയല്ല.യമനിലെ ഒരു സാധാരണ കുടുംബത്തിൽ ജനിച്ച അവൾ പക്ഷെ ഏഴ് വർഷങ്ങൾക്ക് മുൻപ് വാർത്തകളിൽ നിറഞ്ഞു. പത്താം വയസിൽ വിവാഹ മോചനം  നേടുന്ന ആദ്യ പെണ്‍കുട്ടിയെന്ന  നിലയിൽ. ശൈശവ വിവാഹം  എത്ര ക്രൂരവും നീചവുമെന്നു നുജൂദിനെക്കാൾ ശക്തമായി ലോകത്തോട്‌ വിളിച്ചു പറയാൻ മറ്റൊരാൾക്കാവില്ല. ജീവിതമെന്തെന്നു അറിഞ്ഞു തുടങ്ങും മുൻപേ തന്നെക്കാൾ മൂന്നിരട്ടി പ്രായമുള്ള ഒരാളെ വിവാഹം കഴിക്കാൻ നിർബന്ധിതയാവുകയും പിന്നീട് നരക തുല്യമായ ജീവിതത്തിലേക്ക് വലിച്ചെറിയപ്പെടുകയും  ചെയ്തെങ്കിലും  വിധിയോടു പോരാടാൻ, ദുരിത പൂർണ്ണമായ ജീവിതത്തിൽ നിന്ന് രക്ഷ നേടാൻ  തീരുമാനിച്ചതോടുകൂടി അവളുടെ  ജീവിതം അസ്വാഭാവികതകളിലേക്ക്  വഴി മാറുകയായിരുന്നു. സ്വന്തം കുടുംബത്തെയും സമൂഹത്തെയും എതിർത്ത് കൊണ്ട് വിവാഹ മോചനം എന്ന തീരുമാനത്തിൽ അവളുറച്ചു നിന്നു. എല്ലാ വാതിലും കൊട്ടിയടക്കപ്പെട്ടപ്പോൾ  രണ്ടാനമ്മയുടെ  ഉപദേശത്തിന്റെ  പുറത്ത് നിയമ സഹായം തേടിയ ആ പെണ്‍കുട്ടിക്ക് പക്ഷെ നിരാശയാകേണ്ടി വന്നില്ല. നുജൂദിന്റെ കഥയറിഞ്ഞപ്പോൾ അവളുടെ ആവശ്യം തിരിച്ചറിഞ്ഞപ്പോൾ  ആ കോടതിയിലെ ജഡ്ജിമാർ അനുഭവിച്ച അതേ മാനസിക സംഘർഷവും  അസ്വസ്ഥതയുമാണ് ഈ  കഥ വായിച്ചു തുടങ്ങുമ്പോൾ ഓരോ വായനക്കാരനും അനുഭവപ്പെടുന്നത്. ഏറ്റവും സങ്കീർണ്ണവും അസാധാരണവുമായ  കേസെന്ന് വിശേഷിപ്പിച്ചെങ്കിൽപ്പോലും നരകയാതയിലേക്ക് വീണ്ടുമവളെ  വലിച്ചെറിയാൻ  ആ  കോടതിയിലെ ജഡ്ജിമാരായ മുഹമ്മദ്‌ അൽ ഖാസി,അബ്ദുള്ള , അബദിൽ  വഹീദ് എന്നിവർ ഒരുക്കമല്ലായിരുന്നു.
      യമനിലെ പെണ്‍കുട്ടികളുടെ അവകാശങ്ങൾക്കും  സ്വാതന്ത്ര്യത്തിനും  വേണ്ടി  പോരാടുന്ന മനുഷ്യാവകാശ  പ്രവർത്തകയും അഡ്വക്കേറ്റുമായ  ഷാദ നാസറിന്റെ  കടന്നു വരവ് അവളുടെ ജീവിതത്തെ  തന്നെ മാറ്റി മറിച്ചു. നുജൂദിന്റെ കഥ ലോക മാധ്യമങ്ങളേറ്റെടുത്തതോടെ വീട്ടുകാരിൽ നിന്നിലെങ്കിൽ പോലും ലോകത്തിന്റെ പല കോണിൽ നിന്നും അവൾക്കു പിന്തുണയും സഹായവും ലഭിച്ചു .
      നുജൂദിന്റെ ജീവിതം തീർച്ചയായും ഒറ്റപ്പെട്ട സംഭവമല്ല. കുടുംബത്തിന്റെ അന്തസിന്റെയും  മറ്റ്  അനാചാരങ്ങളുടെയും പേരിൽ പതിനെട്ട് വയസ്സിനു മുൻപേ വിവാഹിതരാവാൻ നിർബന്ധിതരാവുന്ന എത്രയോ പെണ്‍കുട്ടികൾ ഇന്നീ ലോകത്തുണ്ട്. സുഖകരമായ ദാമ്പത്യത്തിനു പെണ്‍കുട്ടികളെ ചെറു പ്രായത്തിലെ വിവാഹം കഴിപ്പിക്കുക എന്ന യമന്റെ പഴമൊഴി നാം അറിഞ്ഞത് നുജൂതിന്റെ ജീവിതത്തിലൂടെയാണ്. ശൈശവവിവാഹം യമനിൽ മാത്രമല്ല നടന്നു  വരുന്നത്. ലോകത്തിന്റെ പല കോണിലും നിയമങ്ങൾക്കും മനസാക്ഷിക്കുമതീതമായി വിവാഹങ്ങൾ നടന്നുവരുന്നു. പക്ഷെ അവരുടെ ജീവിതം പലപ്പോഴും പുറം  ലോകമറിയുന്നില്ല അല്ലെങ്കിൽ പത്തു വയസിൽ നുജൂദ് കാണിച്ച ധൈര്യമും മനക്കരുത്തും അവർക്കില്ലാതെ  പോകുന്നു. ഈ കഥ തീർച്ചയായും ഒരു പ്രചോദനമാണ്. പാതിവഴിയിൽ ചിറകുകൾ നഷ്ടപ്പെട്ട  മാലാഖമാർക്ക് ഉയർത്തെഴുന്നേൽക്കാനും വീണ്ടും സ്വപ്‌നങ്ങൾ കാണാനും.

4 comments:

  1. ബാലവേലയും ബാല്യവിവാഹവുമെല്ലാം ഇന്നും നിലനിൽക്കുന്നുയെന്നുള്ളത് പരിഷ്ക്രിത സമൂഹത്തിന് അപമാനമാണ് .അടിച്ചനമർത്തപ്പെടുന്ന ജനസമൂഹങ്ങളിൽ പരിവർത്തനത്തിന്റെ കാറ്റേൽപ്പിക്കുക വളരെ ആതമദൈര്യം ആവശ്യമുള്ളതും ഒരു ചിലർക്ക് മാത്രമായി മാത്രം സാദ്യമാകുന്നതുമായിരിക്കുന്നു.ആശംസകൾ.

    ReplyDelete
    Replies
    1. തീർച്ചയായും. ഇങ്ങനെ അനീതിയിൽ നിന്ന് ഉയർത്തെഴുന്നേൽക്കുന്നവർ പ്രചോദനമാണ്. പ്രായഭേദമന്യേ എല്ലാവർക്കും .

      Delete
  2. പുസ്തകപരിചയത്തിനു നന്ദി. വായിക്കാൻ തീരുമാനിച്ചു.

    ReplyDelete
    Replies
    1. ഈ പുസ്തകം തീർച്ചയായും വേറിട്ട ഒരനുഭവം ആയിരിക്കും .

      Delete