Tuesday, 9 August 2022

HAMPI

 ഹംപിയിലെ രണ്ടാംദിവസം ഞങ്ങളാരംഭിക്കുന്നത് പുലർച്ചെ നാലുമണിയോട് കൂടിയാണ്. മാതംഗ ഹില്ലിൽ നിന്നുള്ള സൂര്യോദയം, അതായിരുന്നു ആദ്യ പ്രോഗ്രാം. ഹംപി മനസ്സിൽ കയറിക്കൂടിയത് കൊണ്ട് തന്നെ അലാറം പോലും വേണ്ടി വന്നില്ല രാവിലെ എണീക്കാൻ. മല നിരകളാൽ ചുറ്റപെട്ടതാണ് ഹംപിയുടെ ഭൂപ്രകൃതി. മാതംഗ ഹില്ലും ഹേമകൂട ഹില്ലും ഇന്നും പഴയ പ്രതാഭത്തോടെ തലയുയർത്തി നിൽക്കുന്നുണ്ടിവിടെ.



ഹംപിയിൽ സഞ്ചാരികളെ ആകർഷിക്കുന്ന പ്രധാന ഘടകങ്ങളിൽ ഒന്ന് ഈ മലനിരകൾ തന്നെയാണ്. പൊതുവെ ട്രെക്കിങ്ങ് ഇഷ്ടമുള്ളത് കൊണ്ട് തന്നെ മാതംഗ ഹിൽ എനിക്ക് അത്ര ബുദ്ധിമുട്ടായി തോന്നിയില്ല. മൊബൈൽ ഫോണിന്റെ വെളിച്ചത്തിൽ മല കയറിയ ഞങ്ങൾ വിചാരിച്ചതിലും നേരത്തെ മുകളിൽ എത്തിച്ചേർന്നു.പിന്നീട്‌ സൂര്യോദയത്തിനായുള്ള കാത്തിരിപ്പ് ആയിരുന്നു. വീണ്ടും മേഘങ്ങൾ ഞങ്ങൾക്ക് വില്ലനായി വന്നു. ആശിച്ചു കാണാൻ പോയ സൂര്യോദയം മുടങ്ങിയ ഞങ്ങളെ പക്ഷെ മാതംഗ ഹില്ലിൽ നിന്നുള്ള കാഴ്ച ഒരു നിമിഷം അത്ഭുത സ്തബ്ധരാക്കി. 
At the top of Matanga hill
ഹംപി നഗരം മുഴുവൻ ഒരു ക്യാൻവാസിലെന്ന പോലെ കണ്മുന്നിൽ തെളിഞ്ഞപ്പോൾ നഷ്‌ടമായ സൂര്യോദയത്തിന്റെ കാര്യം പോലും മറന്നു പോയി. ഹംപിയെ തേടിയെത്തുന്നവർ തീർച്ചയായും കണ്ടിരിക്കേണ്ട ഒന്നാണ് മാതംഗ ഹിൽ.മാതംഗ ഹില്ലിൽ നിന്നിറങ്ങിയ ഞങ്ങൾ പിന്നീട് പോയത് തൊട്ടടുത്തുള്ള അച്യുതരായ ടെമ്പിളിലേക്കാണ് . ഹംപിയിലെ ക്ഷേത്രങ്ങളെല്ലാം തന്നെ കൊത്തുപണികളാൽ സമ്പന്നമാണ്. ആദ്യദിവസം ഞങ്ങൾ പോയ ഹസാര രാമ ടെമ്പിളിൽ രാമായണ കഥ കൽ ചുമരുകളിലാണ് കൊത്തിവെച്ചിരിക്കുന്നത്. ഹംപിയുടെ ഓരോ കോണിലും ക്ഷേത്രങ്ങളാണ്. ചെറുതും വലുതുമായ ഒട്ടനേകം ക്ഷേത്രങ്ങൾ. നരസിംഹ വിഗ്രഹവും മസ്റ്റാർഡ് ഗണപതി ടെമ്പിളും സന്ദർശിച്ച ശേഷം ഞങ്ങൾ ഹംപിയിലെ കൊട്ടത്തോണി യാത്രക്കായി പുറപ്പെട്ടു. ഹംപിയിൽ പൊതുവെ ചൂട് കൂടുതലാണെന്നു കേട്ടിരിക്കുന്നതെങ്കിലും ഞങ്ങൾ പോയ കാലാവസ്ഥ വളരെ അനുകൂലമായാണ് എനിക്ക് തോന്നിയത്. തുംഗഭദ്ര നദിക്കു ഹംപിയുടെ ചരിത്രത്തിൽ വലിയ പ്രാധാന്യമാണുള്ളത്‌ . ഒരു കാലത്തു ഹംപിയെ ഇന്ത്യയിലെ തന്നെ വലിയ വാണിജ്യ വ്യവസായ കേന്ദ്രമാക്കി മാറ്റുന്നതിൽ തുംഗഭദ്ര നദിക്കുള്ള സ്ഥാനം ചെറുതല്ല.മുൻപൊരിക്കൽ കൊട്ടത്തോണിയിൽ യാത്ര ചെയ്തിട്ടുള്ളത് കൊണ്ട് തന്നെ ഹംപിയിലെ കൊട്ടത്തോണിയേക്കാൾ എന്നെ ആകർഷിച്ചത് ചുറ്റുമുള്ള കാഴ്ചകൾ തന്നെ ആയിരുന്നു.
View from matanga hill

വിരൂപാക്ഷ ടെമ്പിളിൽ നിന്ന് തുടങ്ങിയ ഞങ്ങടെ ട്രിപ്പിന്റെ അവസാനം ഹേമകൂട ഹിൽ ആയിരുന്നു. എന്തിനാണ് രണ്ടു മല കയറാൻ പോകുന്നതെന്ന് തുടക്കത്തിൽ ചിന്തിച്ച എനിക്കുള്ള ഉത്തരം അവിടെ തന്നെ ഉണ്ടായിരുന്നു. മാതംഗ ഹില്ലിൽ നിന്നും തികച്ചും വ്യത്യസ്‌തമാണ്‌ ഹേമകൂട ഹിൽ. ഇവിടെ മുഴുവൻ ക്ഷേത്രവശിഷ്ടങ്ങളാണ്. ഹേമകൂട ഹില്ലിന്റെ ഒരുവശത്തായാണ് വിരുപക്ഷ ടെമ്പിളുള്ളത്.ഹേമകൂട ഹിൽ ചുരുക്കത്തിൽ ഒരു ക്ഷേത്ര സമുച്ചയമാണ്.രണ്ടു ദിവസം മുഴുവൻ ഹംപിയിൽ കറങ്ങിയിട്ടും കണ്ടതിലേറെ ഇനിയും കാണാൻ ഉണ്ടെന്ന ഒരു തോന്നൽ അതായിരുന്നു എന്നിൽ അവശേഷിച്ചതിന്.ഹംപി തീർച്ചയായും വ്യക്തമായ പ്ലാനിങ്ങോട് കൂടി വരേണ്ട ഒരു സ്ഥലമാണ്. കടകളും ഹോട്ടലുകളും വിരലിലെണ്ണാവുന്നത് മാത്രം. അപ്പൂപ്പൻതാടിക്കൊപ്പം പോയത് കൊണ്ട് തന്നെ ഹംപിയിലെ ലോക്കൽ ആളുകളുടെ സഹായം രണ്ടു ദിവസം മുഴുവനായി ഞങ്ങൾക്കൊപ്പം ഉണ്ടായിരുന്നു.ഹോസ്പെട്ട് റെയിൽവേ സ്റ്റേഷനിൽ എത്തിയത് തൊട്ടു തുടർച്ചയായി രണ്ടു ദിവസം ഞങ്ങൾക്കായി ഓട്ടോ ഓടിച്ച ഓട്ടോ ചേട്ടന്മാരും , ഹംപിയുടെ കഥ പറഞ്ഞിട്ടും തീരാത്ത ടൂർ ഗൈഡും, തനി ഹംപി സ്റ്റൈലിൽ ഞങ്ങൾക്കായി ഭക്ഷണം പാകം ചെയ്ത ചേച്ചിമാരും എന്ന് വേണ്ട എല്ലാവരും ചേർന്ന് ഹംപി മനോഹരമായ ഒരുനുഭവമാക്കി തീർത്തു. ഹംപിയിൽ എത്തുന്നവർ കണ്ടിരിക്കേണ്ട മറ്റൊരു സ്ഥലം ആഞ്ജനേയദ്രി ഹിൽ ആണ്. ഹിന്ദു പുരാണങ്ങൾ പ്രകാരം ഹനുമാന്റെ ജന്മസ്ഥലമാണ് ആഞ്ജനേയദ്രി ഹിൽ.

ഏകദേശം 575  കാൽപ്പടവുകൾ താണ്ടി വേണം മലമുകളിലെ അമ്പലത്തിലെത്താൻ. സമയകുറവും ട്രെക്കിങ് ബുദ്ധിമുട്ടും ഉള്ളത് കൊണ്ട് തന്നെ ഞങ്ങടെ ലിസ്റ്റിൽ ഇല്ലാത്ത ഒരു സ്ഥലമായിരുന്നു ആഞ്ജനേയദ്രി ഹിൽ.ഹനുമാന്റെ സ്വന്തം നാടായത് കൊണ്ട് തന്നെ കുരങ്ങന്മാർക്ക് ഒരു പഞ്ഞവും ഇല്ല ഹംപിയിൽ.ഹംപിയിലെത്തുന്നവർ സൂക്ഷിക്കേണ്ട ഒന്ന് ഇവരെയാണ്.ഹംപി പലർക്കും പല അനുഭവങ്ങളാണ് സമ്മാനിക്കുന്നത്. ചിലർക്കിതു വെറും അവശിഷ്ടങ്ങളായിരിക്കാം. വെറും കല്ലുകളായിരിക്കാം .പക്ഷെ ഹംപിയെ അറിഞ്ഞെത്തുന്നവർക്ക് ഇത് തീർച്ചയായും വേറൊരു ലോകമാണ്. വാക്കുകൾക്കതീതമായ ഒരനുഭവമാണ്. 





4 comments:

  1. Devananda ✨️9 August 2022 at 19:11

    Woww.. 😍got to know more about hampi from those beautiful liness.. The view from matanga hills r juz amazing❤......... And all the moments you captured✨️❤️

    ReplyDelete
  2. Excellent narration…

    ReplyDelete