Monday, 14 July 2014

ഇറാഖ്‌.

ഒരായുസിന്റെ  സ്വപ്നങ്ങളും
പ്രതീക്ഷകളും
യുദ്ധ ഭൂമിയിലുപേക്ഷിച്ച്
സ്നേഹത്തിന്റെ,സ്വാന്തനത്തിന്റെ
മാലാഖമാർ തിരിച്ചെത്തിയപ്പോൾ
ഒരു നാട്
വികാരധീനമായി.
അപ്പൊഴും ഇറാഖ്‌
എരിയുകയായിരുന്നു
ഭയപ്പെടുത്തുന്ന വെടിയൊച്ചകളും
ചിതറിത്തെറിച്ച ഗ്രനേഡുകളും
ഇറാഖിന്റെ
മാറ് പിളർന്നു.
രക്തത്തിൽ കുതിർന്ന കൈകൾ
ജീവനായി യാചിക്കുമ്പോൾ
കടിച്ചു കീറിയ മൃതശരീരം
പോലെ നിശ്ചലമായി
ഇറാഖ്‌.
മുറിവിലൂടൊലിച്ചിറങ്ങിയ
ചോരാത്തുള്ളികളിൽ നിന്ന്
പച്ച മാംസത്തിന്റെ മണം
ഇനിയുമകന്നിട്ടില്ല.
ചിതറിത്തെറിച്ച
കൈകളിൽ നിന്നുടഞ്ഞു വീണു
ഒരു  നാടിന്റെ സ്വപ്‌നങ്ങൾ.
എന്തിനായിരുന്നീ
 കൂട്ടക്കുരുതി?
ചോരയിൽ കുളിച്ചകുഞ്ഞിനെ
വാരിപ്പുണരുന്ന അച്ഛനും
യുദ്ധ ഭൂമിയിൽ തളർന്നു
വീണ അമ്മമാരും
സ്വപ്‌നങ്ങൾ നഷ്ടമായതറിഞ്ഞു
വിലപിക്കുന്ന
സഹോദരങ്ങളും നിറഞ്ഞ
ഇറാഖിനി
പുനർ ജനിക്കുമോ
അവശേഷിക്കുന്ന
ചാരത്തിൽ നിന്ന് ?
 

Saturday, 15 February 2014

നിന്നോർമ്മയിൽ

കനൽ മൂടിയിട്ട നിന്നോർമ്മയിൽ
ഇന്നെന്നാത്മാവ് നീറുന്നു.
വഴി  മാറി വന്നിടും വസന്തവും
ശിശിരവും
അണയാത്ത നിന്നോർമ്മകളെ
വിസ്മരിക്കാൻ.
അണയാൻ  വെമ്പുന്ന
ദീപ നാളങ്ങളിലെ
കനിവറ്റ മെഴുകുതിരിയിന്നു ഞാൻ.
ഇരുണ്ട തമോഗർത്തങ്ങളെ
മനസാവരിക്കവേ
ഒരു ദീപനാളമായി
നീ അരികിലെത്തി.
ദിശയറിയാതലഞ്ഞു
നാം മുൾപ്പരപ്പിൽ.
കനലുകൾ വേവുന്ന
നെരിപ്പോടുകളിൽ.
ഇടയിലെവിടെയോ നാം
തിരിച്ചറിഞ്ഞു
പഥികരാം നമുക്കൊരേ പാത.
അകലെ  വിരിഞ്ഞ നീലക്കുറിഞ്ഞിക്കായി
അതിരറ്റ നോമ്പുകൾ നോറ്റു നാം.
ഋതു ഭേദങ്ങൾ വഴി മാറി വന്നു
കാലം കൽപ്പടവിലെത്തി.
പക്ഷെ  കാൽപ്പനികതയിൽ
നീയലിഞ്ഞു.
ഇന്നു  നീ  വെറുമൊരോർമ്മ മാത്രം
പുസ്തകത്താളിലെ
അക്ഷരക്കൂട്ടുകളിൽ,
അറിയുന്നു ഞാൻ നിൻ സ്പന്ദനം.
ഇടതോരാതെ  പെയ്യുന്ന പേമാരിയിൽ
മാറ്റൊലി  കൊള്ളുന്നു കാലൊച്ചകൾ.
ചിതലരിക്കാത്ത ഓർമ്മകളിൽ
വിടരുന്നു നിൻ പുഞ്ചിരിയെന്നും.


 

Tuesday, 7 January 2014

ക്ഷണികം



ഒരു മഞ്ഞു നീർകണം
നീയെന്നോട്‌  യാത്ര  ചൊല്ലവേ
അറിയുന്നു  ഞാൻ
കാലത്തിന്റെ  ക്ഷണികത.
ഇന്നലെ നടന്ന  വഴികൾക്കന്യമായി
തീർന്നു  കായലും
പുൽപ്പരപ്പും
അവയെ  താലോലിച്ചോ-
രാർദ്രമാം  മനസ്സും
കാല ചക്രം തിരിയുന്നു
പിൻ തിരിയാതെ
അവക്കൊപ്പമെത്താനോടാവേ
തളർന്നു വീഴുന്നു
പാതി  വഴിയിൽ  പലതും
വിധിയെന്നോർത്താശ്വസിക്കുന്നു
പലരും,  എന്നിട്ടും
വിളിച്ചു  വരുത്തിയ
വിധിയെ പഴിക്കാൻ  മടിക്കുന്നു
തിരുത്താൻ  മടിക്കുന്നു
ഒടുവിൽ തീർപ്പ് കൽപ്പിക്കുന്നു
ഇതാണ്  വിധി
ഇതാണ് ജീവിതം
ഇവിടെ എല്ലാം ക്ഷണികം
എല്ലാം നല്ലതിന് .

Wednesday, 1 January 2014

പുതുവർഷം

ഒടുവിൽ 2013 ഉം  വിട  പറഞ്ഞു .ഒരു വർഷക്കാലം 
തന്റെ  പദവി മനോഹരമായി  വിനിയോഗിച്ച 
2013 കണ്ണീരോടെ  ആ ശ്രേഷ്ഠ പദവി  കൈമാറി.
ഇനി  ഭരണ കാലം  2014 ന് .
  ലോക മെമ്പാടുമുള്ള ജനങ്ങൾ  ആഹ്ലാദത്തോടെ 
ആരവത്തോടെ  ആ സുദിനത്തിന്  സാക്ഷ്യം വഹിച്ചു.
ഇനി  അവശേഷിക്കുന്നത്  മനോഹരമായ  ഓർമ്മകൾ 
മാത്രം.കളിച്ചും ചിരിച്ചും  സന്തോഷിച്ചും  ഇടയിലെവിടയോ 
ഈറനണിഞ്ഞും  ഒരു പാട് സുദിനങ്ങൾ .
അവയെല്ലാം  ഓർമ്മയുടെ താളുകളിലേക്ക് മടങ്ങുന്നു.
   ഒരു  നറു പുഞ്ചിരിയോടെ ഒരുപാടു വാഗ്ദാനങ്ങളുമായെത്തി 
നിൽക്കുന്ന  ഈ  പുതു വർഷം ഏവർക്കും  സന്തോഷവും 
സമാധാനവും  നൽകട്ടെ .

          പുതുവത്സരാശംസകൾ

Monday, 23 December 2013

നിള

കാത്തിരുപ്പുകൾക്കൊടുവിൽ
നിളയുടെ  മാറ് പിളർന്നൊരു
പാർക്കെത്തി
നിളാ പാർക്ക്‌.
കട കമ്പോളങ്ങളെത്തി
കുട്ടികളെത്തി.
അവരെ ആനയിച്ച്
ലക്ഷങ്ങൾ പിറകെയെത്തി.
എന്നിട്ടും  അവരൊന്നും
കണ്ടില്ല, ചിരിക്കുന്നൊരാ നിളയെ
പകരം അവർ കണ്ടെത്തി
കണ്ണീരു വറ്റിയ
മരുപ്പരപ്പായ  നിളയെ
വാക്കുകളാൽ കുത്തിനോവിച്ചു
പരിഹസിച്ചു
അന്തിമോപചാരമർപ്പിച്ചു .
മറ്റു ചിലരാകട്ടെ സഹതപിച്ചു,
ഇന്നലെയുടെ
വർണ്ണ വിസ്മയങ്ങളോതി.
എല്ലാറ്റിനും സാക്ഷിയായി
തൊട്ടപുറത്തു മൗനമായി
നിന്നു  മല്ലൂരെത്തേവർ...

Wednesday, 18 December 2013

നിർഭയ ...ഒരു വർഷത്തിനിപ്പുറം



നിർഭയ ....ഓരോ ഇന്ത്യക്കാരനും  ഒരു  പക്ഷെ ലോക മനസാക്ഷി മുഴുവനും  ഞെട്ടലോടെ  ഏറ്റുവാങ്ങിയ  ആ  കറുത്ത ദിനങ്ങൾക്ക്‌ ഒരാണ്ട്.ആയിരങ്ങളുടെ  പ്രാർത്ഥനകൾക്കും  പ്രതീക്ഷകൾക്കും  വിരാമമിട്ട്  നിർഭയ പോയി മറഞ്ഞപ്പോൾ ഇനി  ഒരു രക്തസാക്ഷി  കൂടി ഉണ്ടാകരുതേ എന്ന് നാം ഓരോരുത്തരും ആഗ്രഹിച്ചു .
         പക്ഷെ  പിന്നീടിങ്ങോട്ട്‌  ഒരുപാടിരകളെ നാം  കണ്ടതാണ്.പ്രായഭേദമന്യേ  പിഞ്ചുകുഞ്ഞുങ്ങൾ  മുതൽ മധ്യ വയസ്കർ  വരെ പീഡനങ്ങൾക്കിരയായി.വിവര  സാങ്കേതിക  വിസ്ഫോടനത്തിന്റെ  ഈ  കാലഘട്ടത്തിൽ  മനുഷ്യ  മനസാക്ഷിയെ ഞെട്ടിക്കുന്ന ഒരു  വാർത്തയെങ്കിലുമില്ലാതെ  നേരം  പുലരില്ലെന്നതാണ് സത്യം.എന്തു കൊണ്ടാണ് സ്ത്രീകൾക്കെതിരെയുള്ള  ചൂഷണങ്ങൾ ഇത്രയേറെ വർധിക്കുന്നത്? ഉത്തരം  കണ്ടെത്തുക  അസാധ്യമാകും.പ്രതികരിക്കാത്ത  ഒരു  ജനത സൗമ്യയെ  മരണത്തിന് വിട്ടു നൽകിയപ്പോൾ, പ്രതികരിക്കാൻ  മൂർച്ചയേറിയ  ആയുധം കൈയിലുള്ള  പത്ര മാധ്യമ  രംഗത്തെ അധികായൻ തരുണ്‍ തേജ്പാലും,നിയമത്തിന്റെ  കാവലാളായ ജസ്റ്റിസ്  ഗാംഗുലിയുമെല്ലാം ആരോപണ വിധേയരായത് നാം  കണ്ടതാണ്.സ്വന്തം വീടുകളിൽ നിന്നു തുടങ്ങി ജോലി സ്ഥലങ്ങളിൽ  വരെ  തുടരുന്നു ഈ ക്രൂരത .രക്ത ബന്ധങ്ങളും ദൈവതുല്യരായ ഗുരുക്കന്മാരുമെല്ലാം  പിൻതിരിഞ്ഞു  കൊത്തുമ്പോൾ സ്വന്തം  നിഴലിനെപ്പോലും വിശ്വസിക്കാൻ കഴിയാത്ത ഒരവസ്ഥയിലെത്തിയിരിക്കുന്നു  ഇന്നത്തെ  സ്ത്രീ  സമൂഹം.
              ഈയൊരവസ്ഥ  തുടർന്നാൽ സ്കൂളുകളിൽ പഠന വിഷയങ്ങൾക്കൊപ്പം  പ്രതിരോധ മാർഗങ്ങളും പാഠ്യവിഷയമാക്കേണ്ടി  വരും.സ്ത്രീക്ക്  മഹത്തായ  സ്ഥാനം  നൽകി ആദരിച്ചിരുന്ന ഭാരതീയ സംസ്കാരം കൈമോശം വരാതെ  കാത്തുസൂക്ഷിക്കാൻ   ഇനി വരുന്ന തലമുറയെ പ്രാപ്തരാക്കേണ്ടത് നമ്മുടെ കടമയാണ്.അല്ലെങ്കിൽ  ഒരു പക്ഷെ  വീണ്ടും സ്ത്രീകൾ അടുക്കളയിലേക്ക് മടങ്ങേണ്ടി വരുന്ന ഒരു കാലം വന്നേക്കാം.അതില്ലാതിരിക്കാൻ നമുക്ക്  പ്രാർത്ഥിക്കാം.

Friday, 6 December 2013

ഫെയ്സ്ബുക്കുകൾ പറയുന്നത്

 അവിചാരിതമായി  വീണുകിട്ടിയ  ഒരവധി.കേരളത്തിലേക്ക്  പറന്നിറങ്ങുമ്പോൾ അയാളുടെ  മനസ്  നിറയെ സ്വപ്നങ്ങളായിരുന്നു.നിറമുള്ള  ഓർമ്മകളായിരുന്നു.ഇത്തവണത്തെ  വരവിനു 
തന്റെ  പഴയ ക്യാമ്പസിലേക്ക്  പോകണം, അർജുനൊപ്പം .
             ഒരിക്കലും  മറക്കാനാവാത്ത ഓർമ്മകൾ തനിക്കു  സമ്മാനിച്ച  തന്നെ താനാക്കിയ  ക്യമ്പസ്.വർഷങ്ങൾ  പിന്നിട്ടിട്ടും ആ  ക്യാമ്പസിന്റെ ഓരോ  കോണും തനിക്ക്‌ പരിചിതമാണ്. അയാൾ ഓർത്തു.എല്ലാം ഇന്നലെ കഴിഞ്ഞ  പോലെ .ജീവിതത്തിലെ മനോഹരമായ  ഒരധ്യായം.വർണ്ണങ്ങളുടെ  ഒരു ലോകം .എന്തായിരിക്കും ആ  ക്യാമ്പസിന് ഇന്നു തന്നോട്  പറയാനുള്ളത് .വർഷങ്ങൾക്കു  ശേഷമുള്ള  ഒരു കൂടിക്കാഴ്ച്ച.ക്ലാസ്സ്‌ മുറിയിലെ  ചുമരുകളിൽ  കോറിയിട്ട  ചിത്രങ്ങൾ  അതിന്നപ്രത്യക്ഷമായിരിക്കും .സമരം നടത്തിയും  വഴക്കടിച്ചും  നടന്ന പാതകൾ  അതിന്നവിടെ  കാണുമോ?അയാളുടെ  മനസ്  പഴയതെന്തൊക്കെയൊ ചികഞ്ഞെടുക്കുകയായിരുന്നു.പരിസരം  പോലും  മറന്നുള്ള  ഒരിരുപ്പ്.കാറ്  നിരത്തിലൂടെ  അതിവേഗം കുതിച്ചോടുന്നു.പക്ഷെ  അയാൾക്ക്  യാതൊരു  ഭാവ വ്യത്യാസവും  ഇല്ല.ആയിരം പൂർണ്ണ ചന്ദ്രന്മാരെ ഒരിമിച്ചു കാണാൻ പോകുന്ന പോലെ  ഒരനുഭൂതി.പക്ഷെ അർജുന്റെ മുഖത്ത് സന്തോഷമൊന്നും ഇല്ല.അവന്റെ  കണ്ണുകൾ ഫേസ്ബുക്കിന്റെ താളുകളിലാണ്. അജ്ഞാതരായ തന്റെ സുഹൃത്തുക്കൾക്ക്   മാറി  മാറി സന്ദേശങ്ങൾ അയച്ച് അവൻ സമയം  തള്ളി നീക്കുന്നു.ഈ  സൗഹൃദകൂട്ടായ്മ ഇന്നവന്റെ  ജീവ  താളമാണ്.അർജുൻ മറ്റൊന്നിലും ശ്രദ്ധിക്കുന്നില്ലെന്നു  മനസിലാക്കിയ അയാൾ  ഡ്രൈവറോട് അൽപ്പം കുശലം പറഞ്ഞു പുറത്തേക്ക്  കണ്ണും  നട്ടിരുന്നു. ഓരോ  മിനുട്ടിനും ഒരായുസ്സിന്റെ  ദൈർഘ്യം.കണ്ടു മറന്ന പാതകൾ വീണ്ടും  കണ്മുന്നിലൂടെ നീങ്ങിയകലുമ്പോൾ അവ്യക്തമായ പലതും മനസ്സിൽ തെളിഞ്ഞു വരുന്നു.
ദൂരെ തന്റെ  പഴയ കലാലയം ദൃശ്യമായപ്പോൾ അയാളുടെ ഹൃദയമിടിപ്പ് കു‌ടി. എല്ലാം  ഇന്നലെ കഴിഞ്ഞ പോലെ.ആ  കാറ്റു പോലും തന്നെ  തിരിച്ചറിയുന്നതായി അയാള്ക്ക് തോന്നി.കാറിൽ  നിന്നിറങ്ങുമ്പോൾ സ്വർഗത്തിലെത്തിയ  ഒരനുഭൂതി .അയാൾ  ചുറ്റും  നോക്കി .താനോടി  നടന്ന ക്യാമ്പസ്.ജീവിതത്തോട്  പൊരുതാൻ ,ജീവിതത്തെ  സ്നേഹിക്കാൻ  തന്നെ പഠിപ്പിച്ച,സ്വപ്നം  കാണാൻ പഠിപ്പിച്ച ,പ്രണയങ്ങൾ  ഇതൾ വിരിഞ്ഞ,നല്ല സൗഹൃദങ്ങളുടെ സ്പന്ദനങ്ങൾ ഇന്നും വിട്ടു മാറാത്ത പാതയോരങ്ങൾ.ഒരുപാട്  തലമുറകൾ കളിച്ചും ചിരിച്ചും കടന്നു പോയ  ആ ക്യാമ്പസ്  അതിനിന്നും ഒരു പതിനേഴുകാരിയുടെ  സൗന്ദര്യമാണെന്ന്  തോന്നി അയാൾക്ക്.
         ഒരു സ്വപ്ന ലോകത്തിലെന്ന പോലെ അയാൾ ഞെട്ടിയുണർന്നു."അർജുൻ  കം വിത്ത് മി" അയാൾ   മകനെ വിളിച്ചു .പക്ഷെ  അവനപ്പൊഴും തന്റെ ഫെയ്സ്ബുക്ക്‌  പേജിൽ പരതിക്കൊണ്ടിരിക്കുകയായിരുന്നു .അമേരിക്കയിലെയും  ഓസ്ട്രേലിയയിലെയും അജ്ഞാതരായ
സുഹൃത്തുക്കൾക്ക്  വേണ്ടി .അയാൾ ഒരു  നിമിഷം മൗനമായ്  നിന്നു.മനസ്സിലെവിടെയോ ഒരു വിങ്ങൽ.അവനെ  ശല്യപ്പെടുത്തേണ്ടെന്നു കരുതി അയാൾ നടന്നു.ഓർമ്മകൾ  തളം കെട്ടി നിൽക്കുന്ന  ആ  വരാന്തയിലൂടെ നടക്കുമ്പോഴും അയാൾ  ആലോചിക്കുകയായിരുന്നു .എന്താണീ  ഫെയ്സ്ബുക്കുകൾക്ക്  ഇത്ര  പറയാനുള്ളത് ?

Saturday, 26 October 2013

മുറിപ്പാടുകൾ


 

നിലക്കാത്ത  കാൽപ്പെരുമാറ്റം 
ഏതോ  യാമങ്ങളിൽ 
ആത്മാവിൽ അലിഞ്ഞു.
വ്രണപ്പെട്ട  മുറിപ്പാടുകൾ 
തകർന്നുടഞ്ഞ   ചിന്തകൾക്ക് 
പെയ്തൊഴിയാൻ 
പുതിയ  ചാലായി 
ചേതനയറ്റ  നിണപ്പാടുകൾ 
 ഉയർത്തെഴുന്നേറ്റു .
ആ  നിലാവ് വീണ്ടും 
പട നിലമായി.
പൊരുതാൻ വെമ്പുന്ന 
ഹൃദയങ്ങൾ 
വേരറ്റു വീണു
അവയിൽ നിന്നൊലിചിറങ്ങിയ
ചോര തുളളികൾ
മൗനമായ് ആ മണ്ണിലലിഞ്ഞു.

Thursday, 22 August 2013

നഷ്ട സ്വപ്നം




ഓർമ്മകളിന്നും
കനലായ്  എരിയുന്നു
പൊയ്പ്പോയ  വഴിയിലെ
പെയ്തിറങ്ങാത്ത  കാറുകൾ ,
വർഷവും  വേനലും
മാറി വന്നിട്ടും
തിരിച്ചറിവില്ലാതലയുന്നു
ഒരു  നേർത്ത സ്പന്ദനം
തകർന്നുടയും  മുൻപേ
ആ  വീണയിൽ നിന്നുദിർന്നെങ്കിൽ
വർഷങ്ങൾക്കിപ്പുറം 
ചിറകു മുളച്ച് 
ആ  സ്വപ്‌നങ്ങൾ 
ഈ  വിണ്ണിൽ പറന്നുയർന്നേനെ .

വിടരും മുൻപേ



അദീതി 
നീയിന്നും  ഒരു  നോവായി 
അവശേഷിക്കുന്നു 
ഏതു മലയാളി മനസിലും 
കണ്ണീരിൽ  കുതിർന്ന 
നിന്റെ  ബാല്യം 
തിളക്കം  നഷ്ടപ്പെട്ട 
കണ്ണുകൾ 
കവിൽതടത്തിലുടുർന്നിറങ്ങിയ
കണ്ണീർ 
ഇന്നെന്റെ ഹൃദയത്തെ 
ചുട്ടു പൊള്ളിക്കുന്നു.
സംവൽസരങ്ങൽകിപ്പുറം 
അന്ധത 
മർത്യനെ  കീഴടക്കുംപ്പോൾ 
ഒരു  പാട് പൂമൊട്ടുകൾ 
വിടരും  മുൻപേ 
മന്നിലലിയുന്നു 
അദിതിയും സൽവയും 
ഇന്നു വെറും ഓർമ്മയെങ്കിൽ  
ഷെഫീക്ക് 
സ്വന്തം  ജീവനായി 
പടച്ചട്ടയണിഞ്ഞിരിക്കുന്നു .
ഇനി  അവശേഷിക്കുന്ന 
പ്രതീക്ഷയുടെ 
പുൽനാമ്പുകളെങ്കിലും 
ചവിട്ടി  മെതിക്കപ്പെടാതിരിക്കട്ടെ

അതിദിയും  സൽവയും 
പുനർജനിക്കാതിരിക്കട്ടെ .

Sunday, 11 August 2013

ആ പുഞ്ചിരിയിൽ


          

                         


                മരുന്നിന്റെയും  മരണത്തിന്റെയും  മണമുള്ള ആശുപത്രിക്കിടക്കയിൽ  എത്ര  നാൾ?അവന് ഓർക്കാൻ  കഴിയുനില്ല .പതിയെ  കണ്ണ്  തുറക്കാൻ  ശ്രമിച്ചു .
വിഫലമായ  ഒരു  പരിശ്രമം .
               ചുറ്റും നിന്ന്  ആരൊക്കെയോ സംസാരിക്കുന്നു .ശബ്ദത്തിനു തീവ്രത കൂടി  വന്നു .രക്ഷപ്പെടാനെ ന്നോ ണം അവൻ കണ്ണുകൾ ഇറുക്കി അടച്ചു .അന്ധകാരം
അതവനെ പൂർണ്ണമായി  വിഴുങ്ങികകഴിഞ്ഞു.ഇരുട്ടിനെപ്പോലും ഭേദിച്ച്  ചില
ആൾ രൂപങ്ങൽ  മിന്നി  മറയുന്നു .ആയുധ ധാരികളായ  അവരുടെ  രൂപം ഭീകരമായിരുന്നു .അക്രമാസക്തരായി  അവർ പാഞ്ഞടുക്കുന്നു .ഇരുട്ടിന്റെ  മറവിൽ  അവർ സംഹാര  താണ്ട്ടവമാടുന്നു . വേദന  കൊണ്ട് അവൻ  പുളഞ്ഞു.ഒന്നുറക്കെ  കരയാൻ  പോലും കഴിയുനില്ല.ശബ്ദം  തൊണ്ടയിൽ  ഉടക്കിയ  പോലെ .ഓർമ്മകൾ
മരവിക്കുന്നു.കാഴ്ചകൾ  അവ്യക്തമാകുന്നു .
                     ഏതോ  മായിക ശകത്തിയിലെന്ന  പോലെ ഇറുക്കിയടച്ച  കണ്ണുകൾ  അവൻ  പതിയെ തുറന്നു .മരുന്നിന്റെ  മനം  മടുപ്പിക്കുന്ന  ഗന്ധം  സിരകളിൽ  ഊർന്നിരങ്ങിയ  പോലെ. തുറന്നിട  ജനൽപ്പാളിയിലൂടെ  ആരെയോ  തേടി  കണ്ണുകൾ  അലഞ്ഞു .അതുടക്കിയത്  ആശുപത്രി  പൂന്തോടത്തിലെ  വാടി  വീണ
റോസാപ്പൂവിലായിരുന്നു .ആ  പൂവ് തന്നെ  നോക്കി പുഞ്ചിരിക്കുന്നതായി  അവനു തോന്നി .ഏതോ  ഒരു  പുർവ്വജന്മ ബന്ധം ,അവൻ  പുഞ്ചിരി   തൂകി .അതിൽ  ഒരായുസ്സിന്റെ  മുഴുവൻ   കണ്ണുനീർ  അലിഞ്ഞില്ലാതായി .